നാടുകാണി ചുരം റോഡിലെ വിള്ളലി​ന്‍റെ വ‍്യാപ്തി കൂടുന്നു

നിലമ്പൂർ: നാടുകാണി ചുരം റോഡിൽ ശനിയാഴ്ച കാണപ്പെട്ട വിള്ളലി‍ന്‍റെ വ‍്യാപ്തി വർധിച്ചു. ഒന്നാം വളവിന് ഒന്നര കിലോമീറ്റർ ദൂരത്തിൽ അത്തിക്കുറുക്കിലാണിത്​. ശനിയാഴ്ച ഉച്ചക്ക് ശേഷം രണ്ടര ഇഞ്ച് വീതിയിൽ 20 മീറ്ററോളം നീളത്തിൽ കാണപ്പെട്ട വിള്ളൽ ഞായറാഴ്ച രാവിലെ ഏഴര ഇഞ്ച് വീതിയിലും 30 മീറ്റർ നീളത്തിലുമായി വർധിച്ചു.

ഇവിടെ റോഡ് ഒരു ഭാഗത്തേക്ക് ചരിഞ്ഞിട്ടുമുണ്ട്. പുന്നക്കൽ, വെള്ളക്കട്ട താഴ്വാര പ്രദേശത്തിന്‍റെ നേരെ മുകൾ ഭാഗമാണിത്. നവീകരണ പ്രവൃത്തി പൂർത്തീകരിച്ച ഭാഗത്ത് റോഡി‍ന്‍റെ നടുവിൽ നീളത്തിലാണ് വിള്ളലുള്ളത്. ഇവിടെ റോഡിന് നല്ല വീതിയുള്ളതിനാൽ ഒരു ഭാഗത്ത് കൂടെയാണ്​ വാഹനങ്ങൾ കടത്തിവിടുന്നത്​. രാത്രി എട്ട്​ മുതൽ രാവിലെ ആറു വരെ ഇതുവഴി ഗതാഗതം നിരോധിച്ചിട്ടുണ്ട്​.


വിള്ളലുണ്ടായ സ്ഥലത്ത് റോഡിന് താഴ്ഭാഗത്ത് കോൺക്രീറ്റ് കൊണ്ടുള്ള സംരക്ഷണഭിത്തി നിർമിച്ചിട്ടുണ്ട്. റോഡ് വീതി കൂട്ടിയ ഇടത്ത് പുതുതായി നിറച്ച മണ്ണുണ്ടായിരുന്നതാണ് വിള്ളലുണ്ടാകാൻ കാരണമെന്നാണ് നവീകരണ പ്രവൃത്തി നടത്തുന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റി അറിയിച്ചത്​. ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്നും ഇവർ പറഞ്ഞു.

നാടുകാണി ചുരം വിള്ളൽ: വിദഗ്ധ റിപ്പോർട്ട് ലഭിക്കാതെ പണി തുടങ്ങാനാകില്ല

ഉരുൾപൊട്ടലും റോഡ് വിള്ളലും മൂലം ഭീഷണിയിലായ നാടുകാണി ചുരം റോഡിൽ സ്​ഥിരം പ്രവൃത്തി നടത്തണമെങ്കിൽ വിദഗ്ധ സംഘത്തിന്‍റെ റിപോർട്ട് ലഭിക്കണമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം. ഉരുൾപൊട്ടലുണ്ടായ ഭാഗങ്ങളിലും റോഡ് നിരങ്ങിനീങ്ങൽ പ്രതിഭാസം കാണപ്പെട്ട ഭാഗത്തും താൽക്കാലിക പ്രവൃത്തി മാത്രമാണ് നടത്തിയത്.


2019 ഒക്ടോബറിലാണ് ഡൽഹിയിൽ നിന്ന്​​ സെൻറർ റോഡ് റിസർച് ഇൻസ്​റ്റിറ്റ്യൂട്ട്(സി.ആർ.ആർ.ഐ) സംഘം പഠനത്തിനെത്തിയത്. തേൻപാറയിലും തകരപ്പാടിയിലും ഉരുൾപൊട്ടുകയും ജാറത്തിന് സമീപം റോഡ് നിരങ്ങിനീങ്ങൽ പ്രതിഭാസം ഉണ്ടാവുകയും ചെയ്തതിനെ തുടർന്നായിരുന്നു പഠനം. ഇതിന്​ 30 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു.

എന്നാൽ, ഒരു വർഷത്തോടടുക്കുമ്പോഴും റിപ്പോർട്ട് ലഭിച്ചിട്ടില്ല. ഇത്​ ലഭിക്കാതെ ഇവിടങ്ങളിൽ പ്രവൃത്തി നടത്താനാവില്ല. ഉരുൾപൊട്ടലും വിള്ളലുമുണ്ടായ ഭാഗങ്ങൾ തകർന്ന്​ കിടക്കുകയാണ്. തേൻപാറക്ക് മുകളിൽ ഇപ്പോഴും കൂറ്റൻപാറകൾ ഭീഷണിയായി നിൽക്കുന്നുണ്ട്. ചുരത്തിൽ നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണ പ്രവൃത്തി 95 ശതമാനവും പൂർത്തീകരിച്ചെങ്കിലും തകർന്ന ഭാഗം ഒഴിച്ചിട്ടിരിക്കുകയാണ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.