നടക്കാവ് ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ
കോഴിക്കോട്: നാടിന്നാകെ പേരും പെരുമയുമായി തലയുയർത്തി നിൽക്കുന്ന നടക്കാവ് ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന് വീണ്ടും അംഗീകാരം. രാജ്യത്തെ മികച്ച സർക്കാർ വിദ്യാലയങ്ങളുടെ റാങ്ക് പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഇടംപിടിച്ചാണ് കേരളത്തിന്റെ അഭിമാനമായി മാറിയ ഈ വിദ്യാലയം വീണ്ടും രാജ്യശ്രദ്ധയിലെത്തിയിരിക്കുന്നത്.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എജുക്കേഷൻ വേൾഡ് ഇന്ത്യ സ്കൂൾ റാങ്കിങ്സ് (ഇ.ഡബ്ല്യു.ഐ.എസ്.ആർ) എന്ന സർക്കാർ അംഗീകൃത ഏജൻസിയാണ് രാജ്യത്തെ 300 നഗരങ്ങളിൽ സർവേ നടത്തി മികച്ച സർക്കാർ വിദ്യാലയങ്ങളെ കണ്ടെത്തിയത്.
4,000 വിദ്യാലയങ്ങൾ സന്ദർശിച്ചാണ് റാങ്ക് ലിസ്റ്റ് തയാറാക്കിയത്.15 വിദ്യാലയങ്ങളുടെ റാങ്കിങ്ങിൽ ദക്ഷിണേന്ത്യയിൽനിന്നുള്ള ഏക വിദ്യാലയമാണ് നടക്കാവ്. ഡൽഹിയിൽനിന്നുള്ള രണ്ടു വിദ്യാലയങ്ങളാണ് നടക്കാവിനു മുന്നിൽ.
ഡൽഹി ദ്വാരകയിലെ സെക്ടർ 10ലും യമുന വിഹാറിലും പ്രവർത്തിക്കുന്ന രാജകീയ പ്രതിഭ വികാസ് സ്കൂളുകളാണ് ഒന്നും രണ്ടും റാങ്കിലുള്ളത്. മുംബൈയിലെ വർളി സീഫേസ് പബ്ലിക് ഇംഗ്ലീഷ് സ്കൂളിന് നാലാം റാങ്കും ഒഡിഷയിലെ ഗഞ്ചമിൽ പ്രവർത്തിക്കുന്ന ഒഡിഷ ആദർശ വിദ്യാലയത്തിന് അഞ്ചാം റാങ്കുമുണ്ട്.
പഠനനിലവാരം, അടിസ്ഥാന സൗകര്യം, അച്ചടക്കം, യൂനിഫോം, ശുചിത്വം, പാഠ്യേതരപ്രവർത്തനങ്ങളിലെ പങ്കാളിത്തം തുടങ്ങി 14 വിഭാഗങ്ങളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് നൽകുന്നത്. കഴിഞ്ഞതവണ നാലാം റാങ്കായിരുന്നു നടക്കാവ് സ്കൂളിന്.
ഡൽഹിയിൽനിന്ന് അഞ്ചും മഹാരാഷ്ട്രയിൽനിന്ന് നാലും ഹരിയാനയിൽനിന്ന് രണ്ടും സ്കൂളുകളാണ് ആദ്യ 15 റാങ്കുകളിൽ ഉള്ളത്. നടക്കാവിനു പുറമെ ഒഡിഷ, പശ്ചിമ ബംഗാൾ, പഞ്ചാബ്, മധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽനിന്ന് ഓരോ വിദ്യാലയങ്ങളും ആദ്യ 15ൽ ഇടംപിടിച്ചു.
യു.പി മുതൽ ഹയർ സെക്കൻഡറി വരെ മൂവായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന നടക്കാവ് സ്കൂളിന്റെ മുന്നേറ്റം ആരംഭിച്ചത് 2008ൽ അന്നത്തെ എം.എൽ.എയായിരുന്ന എ. പ്രദീപ് കുമാർ മുൻകൈ എടുത്താണ്. 2012ൽ ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെ ആരംഭിച്ച 'പ്രിസം' പദ്ധതിയോടെ സ്കൂളിന്റെ മുഖഛായ മാറി.
20 കോടിയാണ് ഫൗണ്ടേഷൻ സ്കൂളിന്റെ വളർച്ചക്കായി വിനിയോഗിച്ചത്. ഇപ്പോൾ സ്കൂളിന്റെ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് പി.ടി.എയാണെന്ന് പ്രിൻസിപ്പൽ കെ. ബാബു പറയുന്നു. രാജ്യത്തെ മികച്ച സ്കൂളായി മാറ്റാനുള്ള തീവ്രയത്നത്തിലാണെന്നും ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.