ഒമ്പതുകാരിയുടെ ദുരൂഹമരണം; കൊലപാതകമെന്ന് സൂചന

പാലക്കാട്: വാളയാര്‍ അട്ടപ്പള്ളം പാമ്പാംപള്ളത്ത് ഒമ്പത് വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ട സംഭവം കൊലപാതകമെന്ന് സൂചന. ജില്ല പൊലീസ് സൂപ്രണ്ട് പ്രതീഷ്കുമാറിന്‍െറ നിര്‍ദേശപ്രകാരം എ.എസ്.പി ജി. പൂങ്കുഴലി അന്വേഷണം ഏറ്റെടുത്ത് സംശയിക്കുന്നവരെ ചോദ്യംചെയ്യാന്‍ തുടങ്ങി.
പാമ്പാംപള്ളത്തെ ഷാജിയുടെ മകള്‍ ശരണ്യയെയാണ് ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. അട്ടപ്പള്ളം ജി.എല്‍.പി.എസിലെ നാലാം ക്ളാസ് വിദ്യാര്‍ഥിനിയായിരുന്നു.

പോസ്റ്റ്മോര്‍ട്ടം ചെയ്ത ജില്ല ആശുപത്രിയിലെ സീനിയര്‍ പൊലീസ് സര്‍ജന്‍െറ നിര്‍ദേശപ്രകാരമാണ് കൊലപാതക സാധ്യത അന്വേഷിക്കുന്നത്. 12 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ കേസുകളില്‍ തൂങ്ങിമരണം കൊലപാതകമാകാനുള്ള സാധ്യത കൂടുതലാണെന്നാണ് വിദഗ്ധോപദേശം.മല്‍പിടിത്തത്തിന്‍െറ പരിക്കുകള്‍ കുട്ടിയുടെ ദേഹത്തില്ല. ചെറിയ കുട്ടിയായതിനാല്‍ ഇതിന്‍െറ സാധ്യത കുറവാണെന്നാണ് വിദഗ്ധാഭിപ്രായം. ഇതേ വീട്ടില്‍ 52 ദിവസം മുമ്പ് ശരണ്യയുടെ 14 വയസ്സുള്ള സഹോദരി ഹൃത്വികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയിരുന്നു. ശരണ്യയുടെ അമ്മ ഭാഗ്യവതിയുടെ ആദ്യ ഭര്‍ത്താവിലുള്ള കുട്ടിയാണ് ഹൃത്വിക.

സഹോദരി മരിച്ചത് ആദ്യം കണ്ടത് ശരണ്യയായിരുന്നു. ഈ സന്ദര്‍ഭത്തില്‍ മുഖംമൂടി ധരിച്ച രണ്ടുപേര്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയതായി ശരണ്യ മൊഴി നല്‍കിയിരുന്നു. കുട്ടിയെ കൗണ്‍സലിങ്ങ് വിധേയമാക്കാന്‍ നിര്‍ദേശമുണ്ടായിരുന്നെങ്കിലും മാതാപിതാക്കള്‍ താല്‍പര്യമെടുക്കാത്തതിനാല്‍ നടന്നിരുന്നില്ല.
വീട്ടിലെ മോശം സാഹചര്യം മരണത്തില്‍ സംശയം ജനിക്കാന്‍ കാരണമാണെന്ന് നാട്ടുകാര്‍ പറയുന്നു. മാതാപിതാക്കള്‍ മദ്യത്തിനടിമകളാണ്. ഇവര്‍ തമ്മില്‍ കലഹം പതിവാണത്രെ. സംഭവം നടന്ന ദിവസം വൈകീട്ട് നാലരവരെ കുട്ടി വീടിന് പുറത്തുകളിക്കുന്നത് കണ്ടിട്ടുണ്ട്. ഹൃത്വികയുടെ മരണം പൊലീസ് കാര്യക്ഷമമായിഅന്വേഷിച്ചില്ളെന്ന ആരോപണം ശക്തമാണ്. സഹോദരി മരിച്ചത് കണ്ട ശരണ്യയെ കൗണ്‍സലിങ്ങിന് വിധേയമാക്കുന്നതില്‍ ശിശുക്ഷേമ സമിതിയുടെ ഭാഗത്തും വീഴ്ചയുണ്ടായി.

Tags:    
News Summary - Mystery shrouds death of fourth standard student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.