പാനൂർ സ്ഫോടനം: അറസ്റ്റിലായ ഡി.വൈ.എഫ്.ഐ നേതാവ് രക്ഷാപ്രവർത്തകനെന്ന് എം.വി. ഗോവിന്ദൻ

കൊച്ചി: പാനൂർ സ്ഫോടനക്കേസിൽ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ മീത്തലെ കുന്നോത്തുപറമ്പ് യൂനിറ്റ് സെക്രട്ടറി അമൽ ബാബു (28) രക്ഷാപ്രവർത്തകനായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇത് തെറ്റായി ചിത്രീകരിച്ചാണ് അറസ്റ്റ് ചെയ്തതെന്നും എറണാകുളത്ത് നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ അദ്ദേഹം പറഞ്ഞു.

‘സിപിഎം അക്രമം നടത്താൻ ബോംബ് ഉണ്ടാക്കുന്നുവെന്നത് കള്ള പ്രചാരണമാണ്. ‌രണ്ടുപേരെ പിടിച്ചിട്ടുണ്ട്. അതിൽ ഒരാൾ ഡി.വൈ.എഫ്.ഐ പ്രവർത്തകനാണ്. ഞാൻ ഇന്ന് രാവിലെ തന്നെ അന്വേഷിച്ചു. എന്താ പ്രശ്നം? ഇവർ ചിതറിക്കിടക്കുന്ന സന്ദർഭത്തിൽ നാട്ടുകാർ ഓടിക്കൂടിയപ്പോൾ അതിന്റെ മുൻപന്തിയിൽനിന്ന് ആശുപത്രിയിൽ എത്തിക്കാനും ചികിത്സ നൽകാനും നേതൃത്വം നൽകിയ ആളാണ്. ആ ഡി.വൈ.എഫ്.ഐ പ്രവർത്തകനെയാണ് പൊലീസ് പിടിച്ചത്’ -എം.വി. ഗോവിന്ദൻ പറഞ്ഞു.

ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ജ്യോതി ബാബുവിന്റെ അടുത്ത ബന്ധുവാണ് അറസ്റ്റിലായ ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അമൽ ബാബു. മുളിയാത്തോട്ടെ സി.പി.എം പ്രവർത്തകൻ കരിപ്പന കാട്ടിൽ മിഥുനും ഇന്നലെ പിടിയിലായിരുന്നു. ആറുപേരാണ് നിലവിൽ അറസ്റ്റിലായത്.

പാനൂരിൽ ബോംബ് നിർമിക്കുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിച്ച് മരിച്ച പ്രതിയുടെ വീട്ടിൽ സി.പി.എം നേതാക്കൾ സന്ദർശിച്ചതിനെ മുഖ്യമന്ത്രി പിണറായി വിജയനും ന്യായീകരിച്ചു. മനുഷ്യത്വത്തിന്റെ പേരിൽ നടത്തിയ സന്ദർശനമാണെന്നും രാഷ്‌ട്രീയമായി കാണേണ്ടതില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

‘പാനൂർ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടതിനെ രാഷ്ട്രീയമായി കാണേണ്ടതില്ല. സാധാരണ ഗതിയിൽ അംഗീകരിക്കാനാവാത്ത കാര്യമാണ് നടന്നത്. നമ്മു​ടെ നാട്ടിൽ ബോംബ് നിർമിക്കേണ്ട യാതൊരു ആവശ്യവുമില്ല. നിയമപരമായിട്ട് തന്നെ ഇതിനെതിരെ നടപടിയെടുക്കും. നടപടി എടുത്ത് കഴിഞ്ഞിട്ടുണ്ട്. അതിനകത്ത് രാഷ്ട്രീയമായി കാര്യങ്ങളെ കാണേണ്ട ആവശ്യമില്ല. തെറ്റാണ് ചെയ്തിട്ടുള്ളത്. ആ തെറ്റ് ചെയ്തവർക്ക് എതിരെ നടപടി ഉണ്ടാകും

ബോംബ് നിർമിക്കുന്നതിനിടെ മരിച്ചയാളുടെ വീട്ടിൽ പോയതിൽ അസ്വാഭാവികതയില്ല, നാട്ടിലുള്ള മരണവീട്ടിൽ പോകുന്നത് നിഷിദ്ധമായ കാര്യമല്ല, ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതിൽ തെറ്റില്ല, മരിച്ചയാൾക്ക് അന്തിമോപചാരമർപ്പിക്കുന്ന മനുഷ്യത്വപരമായ സന്ദർശനമാണത്. ജാ​ഗ്രതക്കുറവുണ്ടായെന്ന ഏരിയാ സെക്രട്ടറിയുടെ അഭിപ്രായത്തോട് യോജിപ്പില്ല’ -മുഖ്യമന്ത്രി പറഞ്ഞു.

അറസ്റ്റിലായത് പ്രാദേശിക നേതാക്കൾ, പങ്കു​ണ്ടെങ്കിൽ നടപടി -വി.കെ. സനോജ്

ക​ണ്ണൂ​ർ: പാ​നൂ​ർ ബോം​ബ് സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഡി.​വൈ.​എ​ഫ്.​ഐ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ണ്ടെ​ന്നും സം​ഭ​വ​ത്തി​ൽ പ​ങ്കു​ണ്ടെ​ങ്കി​ൽ പു​റ​ത്താ​ക്കു​മെ​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ. സ​നോ​ജ്. സം​ഭ​വ​മ​റി​ഞ്ഞ് ഓ​ടി​ക്കൂ​ടി​യ​വ​രു​ടെ കൂ​ട്ട​ത്തി​ൽ ഡി.​വൈ.​എ​ഫ്.​ഐ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​മു​ണ്ടാ​യി. ഇ​വ​ർ​ക്കെ​തി​രെ​യാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രാ​നു​ണ്ട്. അ​ന്വേ​ഷ​ണ​ത്തി​ൽ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന് പ​ങ്കു​ണ്ടെ​ങ്കി​ൽ അം​ഗീ​ക​രി​ക്കി​ല്ല. ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​വും. അ​മ​ൽ ബാ​ബു, സാ​യൂ​ജ്, അ​തു​ൽ എ​ന്നി​വ​ർ പ്രാ​ദേ​ശി​ക യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​ണ്.

സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​യാ​ളും പ​രി​ക്കേ​റ്റ​വ​രും ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ളു​മാ​യി അ​ക​ൽ​ച്ച​യി​ലാ​ണ്. സി.​പി.​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​ത്തി​ന്റെ വീ​ട് ആ​ക്ര​മി​ച്ച കേ​സി​ലും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ങ്ങ​ളി​ലും പ്ര​തി​ക​ളാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് മു​ൻ​നി​ർ​ത്തി, ഡി.​വൈ.​എ​ഫ്.​ഐ ബോം​ബ് നി​ർ​മി​ക്കു​ന്ന സം​ഘ​ട​ന​യാ​ണെ​ന്നും സി.​പി.​എ​മ്മി​ന് ബ​ന്ധ​മു​ണ്ടെ​ന്നും പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. ഇ​തി​നു​പി​ന്നി​ൽ കൃ​ത്യ​മാ​യ രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​മു​ണ്ട്. സ​മാ​ധാ​ന യാ​ത്ര ന​ട​ത്താ​ൻ ഷാ​ഫി പ​റ​മ്പി​ലി​ന് അ​ർ​ഹ​ത​യി​ല്ല. ഷാ​ഫി യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യ​പ്പോ​ൾ തു​റ​വൂ​രി​ൽ പെ​ൺ​കു​ട്ടി​യെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യു​ടെ വീ​ട്ടി​ലേ​ക്കാ​ണ് മാ​ർ​ച്ച് ന​ട​ത്തേ​ണ്ട​തെ​ന്നും വി.​കെ. സ​നോ​ജ് ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Tags:    
News Summary - MV govindan about panoor bomb blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.