തലശ്ശേരി: തലശ്ശേരി കലാപം സി.പി.എം ആസൂത്രിതമായി ഉണ്ടാക്കിയതാണെന്ന ഗുരുതര ആരോപണവുമായി മുസ്ലീം ലീഗ് നേതാവ് കെ.എം.ഷാജി.
പൊളിച്ചതിലെ പ്രതി പിണറായി വിജയന്റെ സഹോദരൻ കുമാരനാണെന്ന് കെ.എം ഷാജി പറഞ്ഞു. പയ്യന്നൂരിലെ പൊതുയോഗത്തിലാണ് ഷാജിയുടെ വിവാദ പ്രസംഗം.
1972ൽ സി.പി.ഐ ഇറക്കിയ ഒരു ലഘുലേഖ പരാമർശിച്ചാണ് ഷാജി സി.പി.എമ്മിനെതിരെ രംഗത്ത് വന്നത്. 'വിതയത്തിൽ കമീഷൻ വിസ്തരിച്ച നാലാമത്തെ കക്ഷിയുടെ പേര് സി.പി.ഐ എന്നാണ്. സി.പി.ഐയ്ക്ക് പുറമെ എ.ഐ.വെ.എഫിനെയും വിസ്തരിച്ചു. സി.പി.എമ്മാണ് വർഗീയ കലാപമുണ്ടാക്കിയതെന്നാണ് ഇവർ രണ്ടുപേരും മൊഴി നൽകിയിരിക്കുന്നത്. സി.പി.എം ആസൂത്രിതമായി ഉണ്ടാക്കിയതാണ് തലശ്ശേരി കലാപം'-ഷാജി തുറന്നടിച്ചു.
തലശ്ശേരി കലാപത്തിൽ 33 പള്ളികളാണ് തകർത്തത്. ആർ.എസ്.എസുകാരാണ് ചെയ്തതെന്നാണ് പറഞ്ഞത്. ഇതിൽ 15 പള്ളികളുടെ കിലോമീറ്റർ ദൂരത്ത് പോലും ഒരു ആർ.എസ്.എസുകാരനോ ജനസംഘുകാരനോയില്ല എന്നും വിതയത്തിൽ കമീഷൻ പറയുന്നുണ്ടെന്നും ഷാജി പറഞ്ഞു.
'പിണറായി പാറപ്പുറത്ത് ഒരു പള്ളിയുണ്ടായിരുന്നു. ഈ പള്ളി പൊളിക്കുന്നത് ഡിസംബർ 30നാണ്. രാത്രിയായപ്പോൾ പള്ളി പൊളിക്കുന്നത് നിർത്തി. പിന്നീട് 31ന് പള്ളി പൂർണമായും പൊളിച്ചെന്ന് പറഞ്ഞത് വിതയത്തിൽ കമീഷനാണ്. ആ പള്ളി പൊളിച്ചതിൽ ഒരാളുടെ പേര് സഖാവ് കുമാരൻ എന്നാണ്. ഈ കുമാരൻ കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ പ്രതീക്ഷയായ സഖാവ് പിണറായി വിജയൻ്റെ മൂത്ത സഹോദരനാണ്. ഞാനിത് പരസ്യമായി പറഞ്ഞിട്ട് 72 മണിക്കൂറ് കഴിഞ്ഞു. ഞാനെന്തെങ്കിലും പറയുമ്പോൾ കേസ് കൊടുക്കുമെന്നെല്ലാം പറഞ്ഞ് പാർട്ടി സെക്രട്ടറി വരുമല്ലോ. എന്താണ് മിണ്ടാത്തത്. എത്ര വൃത്തികെട്ട രൂപത്തിലാണ് നുണക്കഥകൾ മെനയുന്നത്. എന്നിട്ട് പറയുന്നത് യു.കെ കുമാരൻ ശഹീദായെന്നാണ്. കലാപവുമായി ബന്ധപ്പെട്ടുള്ള എഫ്.ഐ.ആറിൽ എവിടെയെങ്കിലും കുമാരൻ്റെ പേര് കാണിച്ചു തരാൻ നിങ്ങൾക്ക് കഴിയുമോ. 31 ന് അവസാനിച്ച കലാപത്തിൽ മൂന്നാം തിയതി കള്ളുഷാപ്പിൽ മരിച്ചുകിടക്കുന്നവനെ ശഹീദാക്കാമെന്നാണോ നിങ്ങൾ കരുതുന്നത്'- കെ.എം ഷാജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.