എം.എം. മണിക്കും ഇടത് നേതാക്കൾക്കും ധൈര്യമുണ്ടോ പിണറായിയുടെ മുന്നിൽ സമരം ചെയ്യാൻ -ഡീൻ കുര്യാക്കോസ്​

തൊടുപുഴ: മൂന്നാറിൽ ദൗത്യസംഘത്തെ നിയോഗിച്ചത് ഇടുക്കി എം.പിയും കലക്ടറും കൂടിയാണെന്ന പ്രചാരണം ഇടുക്കിയിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന്​ ഡീൻ കുര്യാക്കോസ് എം.പി. ദൗത്യസംഘത്തെ നിയോഗിച്ച് ഉത്തരവിറക്കിയ സർക്കാറിന്റെ നടപടി കണ്ടില്ലെന്നുനടിച്ചാണ് എം.എം. മണി അടക്കം നേതാക്കൾ തനിക്കെതിരെ പറയുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള നീക്കമാണിതെന്നും ഡീൻ ആരോപിച്ചു.

എം.എം. മണി അടക്കമുള്ള എൽ.ഡി.എഫ്​ നേതാക്കൾ​ തന്‍റേടമുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ്​ സംസാരിക്കേണ്ടത്​. ​മൂന്നാറിലെ 335 കൈയേറ്റങ്ങളുടെ പട്ടിക ആഗസ്റ്റ് 19ന് ഹൈകോടതിയിൽ സമർപ്പിച്ചത് ഇടുക്കി കലക്ടറാണ്. സി.പി.എം പറയുന്നത് ആ റിപ്പോർട്ട് വസ്തുതവിരുദ്ധമാണെന്നാണ്. കലക്ടർ സർക്കാറിന്റെ ഭാഗമായിരിക്കെ ഇടത് നേതാക്കൾ ഇരട്ടത്താപ്പാണ് കാണിക്കുന്നത്​.

ഈ റിപ്പോർട്ടിന് പിന്നാലെ എന്ത് നടപടി ഉണ്ടായി എന്ന് കോടതി ചോദിച്ചപ്പോൾ ദൗത്യസംഘത്തെ നിയോഗിക്കുമെന്ന് സർക്കാർ തന്നെയാണ് പറഞ്ഞത്. പിന്നീട് സെപ്റ്റംബർ 26ന് ദൗത്യസംഘത്തെ നിയോഗിച്ചെന്ന് സർക്കാറുതന്നെ കോടതിയെ അറിയിച്ചു. അന്നൊന്നും കോടതിയിൽ എതിർപ്പ് പ്രകടിപ്പിക്കാതെ ഇപ്പോൾ തന്റെനേരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് അനാവശ്യ രാഷ്ട്രീയ പ്രചാരണമാണ്.

ഇടുക്കിയിൽ നിന്ന് മോശം പദപ്രയോഗങ്ങൾ ഉപയോഗിച്ച്​ പ്രസംഗം നടത്തുന്ന എം.എം. മണി എം.എൽ.എയും ഇടത് നേതാക്കളും ധൈര്യമുണ്ടെങ്കിൽ ദൗത്യസംഘ രൂപവത്​കരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിൽപോയി സമരം ചെയ്യണം. ജില്ലയിലെ ഭൂ വിഷയങ്ങൾ ഇത്രത്തോളം വഷളാക്കിയ ശേഷം വാസ്തവവിരുദ്ധമായ കാര്യങ്ങളാണ്​ പ്രചരിപ്പിക്കുന്നതെന്നും ഡീൻ കുര്യാക്കോസ്​ പറഞ്ഞു.

Tags:    
News Summary - Munnar Task Force: MM Mani and the left leaders have the courage to protest in front of Pinarayi Vijayan -Dean Kuriakose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.