അവർ കുടുംബത്തിലെ ഒരംഗം പോലെയാണ്​; നഴ്​സസ്​ ദിനത്തിൽ അനുഭവം പങ്കുവെച്ച്​ മുനവ്വറലി തങ്ങൾ

മലപ്പുറം: നഴ്​സസ്​ ദിനത്തിൽ പാണക്കാട്​ കുടുംബവുമായി ഹൃദയബന്ധമുള്ള നഴ്​സ് ശ്രീലതയെ​ പ്രശംസിച്ച്​ മുനവ്വറലി തങ്ങൾ ഫേസ്​ബുക്കിൽ പങ്കുവെച്ച കുറിപ്പ്​ വൈറലാകുന്നു. 

‘‘ഞങ്ങളുടെ സന്തോഷത്തിനും ദുഃഖത്തിനും അവർ സാക്ഷിയായിട്ടുണ്ട്, ബാപ്പയും ഉമ്മയും ഈ ലോകത്തോട്​ വിട പറഞ്ഞ സമയത്ത്​ ആശുപത്രിയിൽ അതിന്​ സാക്ഷിയായി അവരുണ്ടായിരുന്നു. ഒരു ആരോഗ്യ പ്രവർത്തക എങ്ങനെയാണ് സമൂഹത്തി​​​െൻറ മനസ്സ് കീഴടക്കുന്നത് എന്നതി​​​െൻറ മികച്ച ഉദാഹരണമാണ് ശ്രീലത സിസ്റ്റർ. ഈ കൊറോണ കാലത്തും ആയിരങ്ങൾക്കു വേണ്ടി ജീവിതം സമർപ്പിച്ച അനേകം ആരോഗ്യ പ്രവർത്തകരെ ഈ ദിവസത്തിൽ സ്മരിക്കുന്നു’’ - മുനവ്വറലി തങ്ങൾ ഫേസ്​ബുക്കിൽ കുറിച്ചു.

ഫേസ്​ബുക്ക്​ പോസ്​റ്റി​​​െൻറ പൂർണരൂപം: 

ഇത് ശ്രീലത സിസ്റ്റർ . 
മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ അസിസ്റ്റന്റ് നഴ്സിംഗ് സൂപ്രണ്ടാണ്.ഇന്റർ നാഷണൽ നഴ്സസ് ഡേയായ ഇന്ന് മനസ്സിലേക്കാദ്യമെത്തുന്ന മുഖം ഇവരുടേതാണ്.ജീവിതത്തിലൊരിക്കലും ഞങ്ങൾക്ക് മറക്കാൻ കഴിയാത്ത ഒരു മുഖത്തിനുടമ. ഞങ്ങളുടെ കുടുംബത്തിൽ ആർക്കെങ്കിലും ഒരസുഖം വരുമ്പോൾ ആദ്യം ഓർമ്മ വരിക ശ്രീലത സിസ്റ്ററെയാണ്. ഉടൻ അവരെ വിളിക്കും. ഉമ്മയുള്ള സമയം തൊട്ടേ അതങ്ങനെയാണ്. പിന്നെ ഹോസ്പിറ്റലിൽ മറ്റൊന്നും ആലോചിക്കേണ്ടതില്ല. ചെന്ന് തിരിച്ചു വരുന്നത് വരെ ഡോക്ടറുടെ അപ്പോയിൻമെന്റ് എടുക്കാനും മരുന്ന് വാങ്ങി നൽകാനും സന്തോഷത്തോടെ യാത്രയാക്കാനുമൊക്കെ ശ്രീലത സിസ്റ്റർ കൂടെയുണ്ടാവും. 

കുടുംബത്തിലെ ഒരംഗം പോലെയാണ് അവർ ഞങ്ങൾക്ക്. ഞങ്ങളുടെ സന്തോഷത്തിലും ദുഃഖത്തിലും അവർ എപ്പോഴും സാക്ഷിയായിട്ടുണ്ട്. കുടുംബത്തിലെ ഓരോ കുഞ്ഞ് പിറന്ന് വീഴുന്ന സമയത്ത് ധൈര്യം നൽകി അവർ കൂടെയുണ്ടാകും. ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാമായിരുന്ന ബാപ്പയും ഉമ്മയും ഈ ലോകത്തോട് വിട പറഞ്ഞ സമയത്തും ആശുപത്രിയിൽ അതിന് സാക്ഷിയായി അവരുണ്ടായിരുന്നു.!

ഒരിക്കൽ ഒരു വൈറൽ പനി ബാധിച്ച് ഞാൻ നടക്കാൻ പോലും പ്രയാസപ്പെട്ട സന്ദർഭം ഓർത്തു പോവുന്നു. ആ ഘട്ടത്തിൽ ദിവസവും എന്റെ വീട്ടിൽ വന്ന് രണ്ട് നേരം വന്ന് ഗ്ലൂക്കോസ്സും ആന്റിബയോട്ടിക്ക് ഇഞ്ചക്ഷനും പരിചരണവും നൽകി പരിപൂർണ്ണ സുഖം പ്രാപിക്കുന്നത് വരെ അവർ കൂടെയുണ്ടായിരുന്നു. ഭാര്യ,മക്കൾ തുടങ്ങി കുടുംബത്തിൽ ആർക്കാണെങ്കിലും അവരുടെ കരുതലും പരിചരണവും അവിടെയുണ്ടാകും. നമ്മൾ വീട്ടിലില്ലാത്ത സമയത്താണ് കുടുംബാംഗങ്ങൾക്ക് അസുഖമെങ്കിൽ പോലും അത് ശ്രീലത സിസ്റ്റർ അവിടെയുണ്ടെങ്കിൽ പരിഹരിക്കപ്പെടും. അതിനുളള വഴികൾ അവർ കണ്ടെത്തും.

ബാപ്പ മരിച്ച ദിവസം,അന്നുച്ചക്ക് ഞാൻ ആശുപത്രിയിൽ നിന്നും ഇറങ്ങിയതായിരുന്നു. പെട്ടെന്ന് ബാപ്പയുടെ ആരോഗ്യനില മോശമായതറിഞ്ഞ് ആദ്യം വിളിച്ചത് സിസ്റ്ററെയാണ്. അപ്പോഴേക്കും സിസ്റ്റർ അവിടെ നിന്നും ഇറങ്ങിയിരുന്നതിനാൽ അവർ ഒന്നും അറിഞ്ഞിരുന്നില്ല.എന്നാൽ തിരിച്ച് ബാപ്പയുടെ റൂമിലെത്തിയ സിസ്റ്ററുടെ കരച്ചിലാണ് പിന്നീട് കേൾക്കാൻ സാധിച്ചത്!

ഒരു ആരോഗ്യ പ്രവർത്തക എങ്ങനെയാണ് സമൂഹത്തിന്റെ മനസ്സ് കീഴടക്കുന്നത് എന്നതിന്റെ മികച്ച ഉദാഹരണമാണ് ശ്രീലത സിസ്റ്റർ . ഈ കൊറോണ കാലത്തും ഇങ്ങനെ ആയിരങ്ങൾക്കു വേണ്ടി സ്വജീവിതം സമർപ്പിച്ച അനേകരായ ആരോഗ്യ പ്രവർത്തകരെ ഈ ദിവസത്തിൽ സ്മരിച്ചു പോകുന്നു. സ്വന്തം കുടുംബവും സന്തോഷവും മാറ്റിവെച്ച്,സഹജീവിയുടെ സന്തോഷത്തിനായി ഭൂമിയിലെ മാലാഖമാരെ പോലെ ത്യാഗസന്നദ്ധതയോടെ സേവനം ചെയ്യുന്ന മുഴുവൻ നഴ്സുമാർക്കും ആരോഗ്യ രംഗത്തെ എല്ലാവർക്കും ഹൃദയത്തിൽ നിന്നും കടപ്പാടും നന്ദിയും സ്നേഹവും അറിയിക്കുന്നു.
പ്രാർത്ഥനകൾ...

Tags:    
News Summary - munavvarali shihab thangal nurses day malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.