കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ജുഡീഷ്യൽ കമീഷന്റെ പ്രവർത്തനം തുടരാൻ താൽക്കാലികാനുമതി നൽകി ഹൈകോടതി. ജുഡീഷ്യൽ കമീഷൻ നിയമനം റദ്ദാക്കിയ സിംഗിൾബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്താണ് ചീഫ് ജസ്റ്റിസ് നിധിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ജുഡീഷ്യൽ കമീഷനെ നിയമിച്ച് പുറപ്പെടുവിച്ച 2024 നവംബർ 27ലെ സർക്കാർ വിജ്ഞാപനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് കോടതി സ്റ്റേ ചെയ്തു. അതേസമയം, കമീഷൻ സമർപ്പിക്കുന്ന റിപ്പോർട്ടിൽ കോടതി അനുമതിയില്ലാതെ സർക്കാർ നടപടി സ്വീകരിക്കരുതെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജി തുടർവാദത്തിനായി ജൂൺ 16ലേക്ക് മാറ്റി.
മുനമ്പം ഭൂമി വഖഫ് ആണോ അല്ലയോ എന്നല്ല, വസ്തുതാന്വേഷണം നടത്താനാണ് റിട്ട. ഹൈകോടതി ജഡ്ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രനെ നിയമിച്ചതെന്നായിരുന്നു സർക്കാർ അറിയിച്ചത്. ഈ ഭൂമിയിൽ വർഷങ്ങളായി താമസിക്കുന്നവരുടെ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നത് സംബന്ധിച്ചാണ് പരിശോധിക്കുന്നതെന്ന സർക്കാർ വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കോടതി വിലയിരുത്തി. കേരള വഖഫ് സംരക്ഷണ വേദിയടക്കം ഫയൽ ചെയ്ത ഹരജിയിൽ മാർച്ച് 17നാണ് ജുഡീഷ്യൽ കമീഷൻ നിയമനം സിംഗിൾ ബെഞ്ച് റദ്ദാക്കിയത്.
വഖഫ് സ്വത്തുമായി ബന്ധപ്പെട്ട തർക്കമുണ്ടായാൽ വഖഫ് ബോർഡാണ് തീരുമാനിക്കേണ്ടതെന്ന് ഹരജിക്കാരായ വഖഫ് സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി. നിലവിൽ വിഷയം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്. അന്വേഷണ കമീഷൻ നിലനിൽക്കുന്നതല്ലെന്ന് വിലയിരുത്തി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് വസ്തുതാപരമാണ്. അന്വേഷണ കമീഷനായ റിട്ട. ഹൈകോടതി ജഡ്ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരുടെ പ്രവർത്തനം സ്വമേധയാ നിർത്തിവെച്ചതാണ്.
കോടതിയോ സർക്കാറോ പ്രവർത്തനം നിർത്താൻ ഉത്തരവിട്ടിരുന്നില്ല. ചില വ്യക്തികളും വഖഫും തമ്മിലുള്ള കേസായതിനാൽ പൊതുതാൽപര്യമില്ലെന്നും ചൂണ്ടിക്കാട്ടി. പൊതുതാൽപര്യമില്ലെങ്കിൽ ഹരജിക്കാർക്കുള്ള താൽപര്യം എന്തെന്ന കോടതിയുടെ ചോദ്യത്തിന് വഖഫ് ആനുകൂല്യം ലഭിക്കുന്ന സമുദായാംഗങ്ങൾ എന്ന നിലയിൽ താൽപര്യങ്ങളുണ്ടെന്ന് ഹരജിക്കാർ വാദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.