'മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന്​ മന്ത്രി'; പുതിയ ഡാം വേണമെന്ന ആവശ്യവും തള്ളി

ഇടുക്കി: ബേബി ഡാം ശക്തിപ്പെടുത്തിയശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് തമിഴ്നാട്. അണക്കെട്ട് സന്ദർശിക്കാനെത്തിയ തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകനാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യവും തമിഴ്നാട് തള്ളിക്കളഞ്ഞു.


മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസുകളില്‍ സുപ്രീം കോടതി വിവിധ സമിതികള്‍ രൂപവത്കരിച്ചിരുന്നു. ആ സമിതികള്‍ നല്‍കിയ റിപ്പോര്‍ട്ട് ഡാം സുരക്ഷിതമാണ് എന്നതാണ്. അതുകൊണ്ടുതന്നെ പുതിയ ഡാമിന്റെ ആവശ്യമില്ലെന്നും തമിഴ്‌നാട് മന്ത്രി ദുരൈ മുരുകൻ പറഞ്ഞു. ബേബി ഡാം ശക്തിപ്പെടുത്തുന്നതിന്​ തടസ്സമാകുന്നതു കേരളത്തിന്റെ നിസ്സഹകരണമാണ്. ബേബി ഡാമിനു സമീപമുള്ള മരങ്ങള്‍ മുറിക്കാന്‍ കേരളം ഇതുവരെ തയാറായിട്ടില്ല.

വനം വകുപ്പ് അനുമതി നൽകുന്നില്ലെന്നാണു വിശദീകരണം. എന്നാൽ, റിസർവ് വനമായതിനാൽ മരം മുറിക്കാൻ പറ്റില്ലെന്നാണു വനം വകുപ്പിന്റെ നിലപാട്. ഇക്കാര്യത്തിലെ നടപടികൾ നീളുന്നതിനാലാണു ബേബി ഡാം ബലപ്പെടുത്തൽ വൈകുന്നതെന്നും റൂൾ കർവ് പാലിച്ചാണു നിലവിൽ വെള്ളം തുറന്നു വിടുന്നതെന്നും ദുരൈമുരുകൻ പറഞ്ഞു. മുല്ലപ്പെരിയാർ വിഷയത്തിൽ ഒ. പനീർശെൽവവും എടപ്പാടി പളനി സാമിയും സംസാരിക്കുന്നതിൽ ഒരു ധാർമ്മികതയും ഇല്ലെന്നും 10 വര്‍ഷത്തിനിടെ ഒരു മന്ത്രി പോലും മുല്ലപ്പെരിയാര്‍ നേരിട്ട് സന്ദര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


കേരള ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും ഉദ്യോഗസ്ഥ സംഘവും അണക്കെട്ട് സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് തമിഴ്നാട് മന്ത്രിമാരുടെ സംഘം മുല്ലപ്പെരിയാറിലെത്തിയത്. അണക്കെട്ടിന്റെ ഉടമസ്ഥതയെ സംബന്ധിച്ചു തര്‍ക്കത്തിനു പ്രസക്തിയില്ലെന്നു ദുരൈമുരുകൻ ആവർത്തിച്ചു.

ഒരു ഘട്ടത്തിലും മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തരുതെന്ന്​​ കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയായി ഉയര്‍ത്താം എന്നാണ് മേല്‍നോട്ട സമിതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതെല്ലാം നിലനിൽക്കെയാണ്​ ജലനിരപ്പ് 152 അടിയാക്കുമെന്ന തമിഴ്‌നാട് ജലവിഭവ മന്ത്രിയുടെ പ്രസ്താവന പുറത്തുവരുന്നത്​.

Tags:    
News Summary - mullaperiyar water level will uplift to 152 feet -tamilnadu minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT