മുല്ലപ്പെരിയാർ അണക്കെട്ട്​ ജലനിരപ്പ്​ പരമാവധി സംഭരണശേഷിയിലേക്ക്​

കുമളി: ജലനിരപ്പ്​ പരമാവധി സംഭരണശേഷിയിലേക്ക്​ അടുത്തതോടെ മുല്ലപ്പെരിയാർ അണക്കെട്ട്​ ഇന്ന്​ തുറക്കും. രാവിലെ എട്ട്​ മണിക്ക്​ അണക്കെട്ടിലെ V3, V4 എന്നീ സ്പിൽവേ ഷട്ടറുകൾ തുറന്ന് 772 ഘനയടി ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.

രാവിലെ ഏഴു മണിക്ക് രേഖപ്പെടുത്തിയത് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 141 അടിയായി. ഇതിന് പിന്നാലെ രണ്ടാമത്തെ മുന്നറിയിപ്പ് തമിഴ്നാട് പുറപ്പെടുവിച്ചു. സെക്കൻഡിൽ 2300 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. സെക്കൻഡിൽ 2300 ഘനയടി വെള്ളമാണ് തമിഴ്നാട് വൈഗ ഡാമിലേക്ക് ഒഴുക്കുന്നത്.

അണക്കെട്ട്​ തുറക്കുന്നതിന്​ മുന്നോടിയായി പ്രദേശത്ത്​ ജാഗ്രത നിർദേശം നൽകി. പെരിയാറിന്‍റെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണ​മെന്ന്​ അധികൃതർ നിർദേശിച്ചു. മുല്ലപ്പെരിയാർ തുറന്നാലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്​ ജലവിഭവവകുപ്പ്​ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

അതേസമയം, ഇടുക്കി ജലസംഭരണിയുടെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അണക്കെട്ടിലെ ജലനിരപ്പ് അപ്പർ റൂൾ ലെവലായ 2400.03 അടിക്ക് മുകളിലെത്തുന്നതിന് സാധ്യതയുള്ളതിനാൽ അധിക ജലം ക്രമീകരിക്കുന്നതിനായി ഇന്ന് രാവിലെ 10 മണി മുതൽ ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടർ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിടും.

ഡാമിന്‍റെ ഒരു ഷട്ടർ 40 സെന്‍റീമീറ്റർ ഉയർത്തി 40 ഘനയടി നിരക്കിൽ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനാണ് തീരുമാനം. ചെറുതോണി പെരിയാർ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

സംസ്ഥാനത്ത്​ മഴ കനക്കുമെന്ന്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നൽകി. അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Tags:    
News Summary - Mullaperiyar Dam to open in the morning; The water level rises to 141 feet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.