കൊച്ചി: കേരള തീരത്ത് പുറങ്കടലിൽ കപ്പൽ മുങ്ങിയതിനെ തുടർന്ന് 9531 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന സർക്കാർ ഹരജിയെ തുടർന്ന് ബന്ധപ്പെട്ട കമ്പനിയുടെ മറ്റൊരു കപ്പൽ അറസ്റ്റ് ചെയ്തിടാൻ ഹൈകോടതിയുടെ ഉത്തരവ്.
മുങ്ങിയ ‘എം.എസ്.സി എൽസ3’ കപ്പലിൽനിന്ന് എണ്ണ ചോരുകയും കണ്ടെയ്നറുകളിലെ രാസവസ്തുക്കളടക്കം കലരുകയും ചെയ്തതുമൂലം പരിസ്ഥിതി, സാമ്പത്തിക മേഖലകളിൽ ഉൾപ്പെടെ ഉണ്ടായ നഷ്ടം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തത്. എം.എസ്.സി കമ്പനിയുടെ ‘അകിറ്റേറ്റ 2’ കപ്പൽ ജൂലൈ 10 വരെ പിടിച്ചുകെട്ടാനാണ് ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കീമിന്‍റെ ഉത്തരവ്. സർക്കാറിന്റെ ക്ലെയിമിന് സെക്യൂരിറ്റിയായി വിഴിഞ്ഞം തുറമുഖത്തുള്ള ഈ കപ്പലിന്‍റെ അറസ്റ്റ് പരിസ്ഥിതി സ്പെഷൽ സെക്രട്ടറി സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
മേയ് 25ന് 643 കണ്ടെയ്നറുകളുമായി എൽസ-3 മുങ്ങിയതിനെ തുടർന്ന് പരിസ്ഥിതി, ആവാസ മേഖലയിലും സാമ്പത്തിക രംഗത്തും വൻ നഷ്ടമുണ്ടായെന്ന് ഹരജിയിൽ പറയുന്നു. പരിസ്ഥിതി നാശം, മത്സ്യത്തൊഴിലാളി സമൂഹത്തിനുള്ള നഷ്ടം, ശുചീകരണത്തിനും തുടർനടപടികൾക്കും ശാസ്ത്രീയ പഠനങ്ങൾക്കും വേണ്ട ചെലവ് എന്നിങ്ങനെ തിരിച്ചാണ് നഷ്ടം കണക്കാക്കിയിട്ടുള്ളത്. കപ്പലിൽനിന്ന് വീണ 61 കണ്ടെയ്നറുകൾ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ തീരത്തടിഞ്ഞു. 59.6 ടൺ പ്ലാസ്റ്റിക് തരികൾ വാരിമാറ്റി.
സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് 78,498 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും 27,000 അനുബന്ധ തൊഴിലാളികൾക്കും 1000 രൂപ വീതം ധനസഹായവും സൗജന്യ റേഷനും സർക്കാർ അനുവദിച്ചു. മലിനീകരണ ആശങ്കയിൽ മത്സ്യവിപണിക്ക് കനത്ത തിരിച്ചടിയുണ്ടായി. ഒരു തിമിംഗലവും അഞ്ച് ഡോൾഫിനുകളിലും ചത്തടിഞ്ഞത് മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തിന്റെ പ്രത്യാഘാതമാണെന്ന് സംശയിക്കുന്നുണ്ട്.
മലിനീകരണം മൂലമുള്ള പരിസ്ഥിതി നാശം (8,626.12 കോടി), പരിസ്ഥിതി പുനർനിർമാണ ചെലവ് (378.48 കോടി), മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക നഷ്ടം (526.51 കോടി) എന്നിങ്ങനെയാണ് 9531 കോടി കണക്കാക്കിയിരിക്കുന്നത്. ഹരജി തീർപ്പാകും വരെ ആറ് ശതമാനം പലിശ സഹിതം തുക നൽകണമെന്നാണ് സർക്കാറിന്‍റെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.