കോഴിക്കോട്: മലയാളം സർവകലാശാല ഭൂമി ഇടപാടിലെ അഴിമിതിയിൽ മുൻ മന്ത്രി കെ.ടി ജലീലിന് പങ്കുണ്ടെന്ന യൂത്ത്ലീഗ് ജന. സെക്രട്ടറി പി.കെ. ഫിറോസിന്റെ ആരോപണത്തിനു പിന്നാലെ ജലീലിനെതിരെ യൂത്ത്‍ ലീഗ് നേതാവ് നജ്മ തബ്ശീറ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരിഹാസവുമായി നജ്മ രംഗത്തുവന്നത്. പിടിക്കപ്പെട്ട് തുഞ്ചനിലെ പറമ്പിൽ അടക്കം ചെയ്യപ്പെടുമെന്ന് മനസ്സിലാക്കിയതിന്റെ വെപ്രാളമാണ് ജലീലിൽനിന്നുള്ള ശബ്ദ കോലാഹലങ്ങൾ എന്ന് അവർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
‘അതുശരി, അപ്പോ തുഞ്ചൻ സർവ്വകലാശാലയുടെ ഭൂമിയിലെ നാലു ലോഡ് ചളിമണ്ണ് മടിയിലും അല്പം തലച്ചോറിലും പുരട്ടി കനം വെച്ച് നടന്നാണ് കെ.ടി ജലീൽ നാട് നന്നാക്കാൻ മാധ്യമ പദയാത്ര നടത്തുന്നതല്ലേ.
പി.കെ ഫിറോസ് കയ്യോടെ പിടികൂടി ബന്ധുനിയമനം വെളിപ്പെടുത്തിയതിൽ പിന്നെ, മന്ത്രിസ്ഥാനം നഷ്ടപ്പെട്ട അന്നുമുതൽ, ഒന്നും ഒന്നും എത്രയാണെന്ന് ആരെങ്കിലും ചോദിച്ചാൽ മൂന്നെന്ന് പറയാൻ മാത്രം അസ്ഥിരത ബാധിച്ച ജലീൽ, താൻ പിടിക്കപ്പെട്ട് തുഞ്ചനിലെ പറമ്പിൽ അടക്കം ചെയ്യപ്പെടുമെന്ന് മനസ്സിലാക്കിയതിന്റെ വെപ്രാളമാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ട ശബ്ദ കോലാഹലങ്ങൾ. അങ്ങനെ പറ...
തന്നെ പിടിക്കാൻ പിന്നാലെയോടുന്ന നാട്ടുകാരെ പറ്റിക്കാൻ വലത്തോട്ട് ഇൻഡിക്കേറ്ററിട്ട് ഇടത്തോട്ട് ഓടി രക്ഷപ്പെടുന്ന മോഷ്ടാവിനെ സിനിമയിൽ മാത്രമേ കാണാൻ കഴിയൂ മിസ്റ്റർ ജലീൽ, യഥാർത്ഥ ജീവിതത്തിൽ ആളുകൾ പിടിച്ച് കയ്യാമം വെക്കുകതന്നെ ചെയ്യും. ബഹളം വെച്ചതുകൊണ്ട് കൊണ്ട് കാര്യമില്ല’.
കെ.ടി. ജലീൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ മലയാള സർവകലാശാല ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയിൽ അദ്ദേഹം നേരിട്ട് പങ്കാളിയായിട്ടുണ്ടെന്നായിരുന്നു വാർത്താ സമ്മേളനത്തിൽ പി.കെ. ഫിറോസ് പറഞ്ഞത്. വയനാട്ടിൽ ദുരിതബാധിതർക്ക് മുസ്ലിം ലീഗ് പണിയുന്ന വീടുകളുടെ ഭൂമിയുമായി ബന്ധപ്പെട്ട് കെ.ടി. ജലീൽ അനാവശ്യ വിവാദമുയർത്തിയപ്പോഴാണ് താൻ ഭൂമി ഇടപാടിലെ അഴിമിതിയിൽ ജലീലിന്‍റെ പങ്ക് അന്വേഷിക്കാനിറങ്ങിയതെന്നും ഇതറിഞ്ഞപ്പോഴുള്ള വെപ്രാളമാണ് ജലീലിനുള്ളതെന്നും അഴിമതി സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ ഉടനെ പുറത്തുവിടുമെന്നും ഫിറോസ് പറയുകയുണ്ടായി.
തെളിവുകൾ സഹിതം ഇത് പുറത്തുവിട്ടാൽ ജലീലിന് തലയിൽ മുണ്ടിട്ട് നടക്കേണ്ടിവരുമെന്നും വിഷയം വഴിതിരിച്ചു വിടാമെന്ന് കരുതേണ്ടതെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.