അടൂരിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു; 40ലേറെ പേർക്ക് പരിക്ക്

അടൂര്‍: ദേശീയ പാതയില്‍ കടമ്പനാട് കല്ലുകുഴി ജങ്ഷന് സമീപം ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 40 ലേറെ പേർക്ക് പരുക്ക്. കാതടപ്പിക്കുന്ന ശബ്ദത്തില്‍ പാട്ടും വച്ച് അമിതവേഗതയില്‍ വളവ് തിരിയവേ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 6.30 നാണ് സംഭവം.

കൊല്ലംപള്ളിമുക്ക് ഫാത്തിമ മെമ്മോറിയല്‍ ബി.എഡ്. കോളജില്‍ നിന്നുളള വിദ്യാര്‍ഥികളും അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്. ഇതില്‍ 44 സ്ത്രീകളും അഞ്ച് പുരുഷന്മാരും മൂന്ന് അധ്യാപകരുമുണ്ടായിരുന്നു. കല്ലുകുഴി ജങ്ഷനിലെ വളവ് വേഗത്തില്‍ വീശിയെടുത്തപ്പോള്‍ നിയന്ത്രണം തെറ്റി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. വണ്ടിയുടെ ടയര്‍ തേഞ്ഞു തീര്‍ന്നതായിരുന്നു. കോളജില്‍ നിന്ന് വാഗമണിലേക്ക് രണ്ടു ബസുകളിലായി 52 പേരാണ് സഞ്ചരിച്ചിരുന്നത്. മുന്നില്‍ വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

രാവിലെ നടക്കാന്‍ ഇറങ്ങിയ കടമ്പനാട് പഞ്ചായത്ത് മുന്‍ അംഗം രഞ്ജിത് കല്ലുകുഴി, കൊട്ടാരക്കരയില്‍ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഡോ. ജേക്കബ് പി ജോണ്‍ എന്നിവരാണ് ആദ്യ രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നീട് അടൂരില്‍ നിന്ന് അഗ്‌നിരക്ഷാസേനയും പോലീസും സ്ഥലത്ത് വന്നു. പരുക്കേറ്റവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.

വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണതിനെ തുടര്‍ന്ന് കേബിള്‍ പിന്നാലെ വന്ന കെ.എസ്.ആര്‍ടി.സി ബസില്‍ കുരുങ്ങി. ഫയര്‍ ഓഫീസര്‍ അഭിലാഷ് ബസിന് മുകളില്‍ കയറി കേബിളുകള്‍ നീക്കം ചെയ്തു.

Tags:    
News Summary - More than 40 people were injured when the tourist bus went out of control and overturned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.