രാഹുൽ മാങ്കൂട്ടത്തിൽ

‘അവസാന നിമിഷം എന്തുകൊണ്ടാണ് നിങ്ങള്‍ ഇങ്ങനെ മാറുന്നത്...’; രാഹുലിനെതിരെ യുവതിയുടെ കൂടുതൽ വെളിപ്പെടുത്തൽ

തിരുവനന്തപുരം: ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. ഗര്‍ഭധാരണത്തിന് നിര്‍ബന്ധിച്ചത് രാഹുലാണെന്നും കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും പെണ്‍കുട്ടി പറയുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. ഒപ്പം കുഞ്ഞിനെ വേണമെന്ന് രാഹുൽ പറയുന്ന ചാറ്റും പുറത്തുവന്നു.

‘അവസാന നിമിഷം എന്തുകൊണ്ടാണ് നിങ്ങള്‍ ഇങ്ങനെ മാറുന്നത്’ എന്ന് പെണ്‍കുട്ടി കരഞ്ഞുകൊണ്ട് ചോദിക്കുന്നതും ‘ഡ്രാമ അവസാനിപ്പിച്ച് ആശുപത്രിയില്‍ പോകണമെന്ന്’ രാഹുൽ മറുപടി പറയുന്നതും പുറത്തുവന്ന ശബ്ദസന്ദേശത്തിലുണ്ട്. എല്ലാം നിന്റെ പ്ലാൻ അല്ലേയെന്ന് പെൺകുട്ടി രാഹുലിനോട് ചോദിക്കുന്നു. ‘നീ മാനേജ് ചെയ്യുന്നുണ്ടേ മാനേജ് ചെയ്തോ. എനിക്കതിൽ ഒരു ഇഷ്യുവും ഇല്ല’ എന്നാണ് രാഹുലിന്‍റെ മറുപടി. ഒന്നാം മാസം എന്തൊക്കെയാ ഉണ്ടാവുക എന്ന് നമ്മക്കൊക്കെ അറിയാമെന്ന രാഹുലിന്‍റെ പരാമർശത്തിന് ‘നിങ്ങൾ കുറേപേരെ കണ്ടിട്ടുണ്ടാകും. എനിക്ക് എന്റെ കാര്യമേ അറിയൂ’ എന്ന് പെൺകുട്ടി മറുപടി നൽകുന്നു.

ഇതിനിടെ ലൈംഗികാതിക്രമത്തിൽ രാഹുലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയേക്കുമെന്ന സൂചനയുണ്ട്. തെളിവുകൾ മുഖ്യമന്ത്രിക്ക് കൈമാറുമെന്നാണ് വിവരം. മുമ്പ് സമാന ശബ്ദരേഖ പുറത്തുവന്നതിനെത്തുടര്‍ന്ന് രാഹുലിനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാലക്കാട് നിയമസഭ മണ്ഡലത്തിലും പാർട്ടി പരിപാടികളിലും രാഹുൽ സജീവമാകുന്നതിനിടെയാണ് പുതിയ ശബ്ദസന്ദേശം. നേരത്തേ പുറത്തുവന്ന ശബ്ദരേഖയും ചാറ്റും അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് രാഹുലിനെതിരെ കേസെടുത്തിരുന്നു. ഇ-മെയില്‍ വഴി പൊലീസ് ആസ്ഥാനത്ത് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

അതേസമയം ഇത്തരത്തിൽ പരാതി അയച്ചവരെല്ലാം മൂന്നാം കക്ഷികളായിരുന്നു. ഗര്‍ഭഛിദ്രം നടത്തേണ്ടിവന്ന യുവതി പരാതി നല്‍കാത്തതിനാല്‍ ക്രൈംബ്രാഞ്ച് കേസ് എങ്ങുമെത്താത്ത സ്ഥിതിയിലാണ്. രാഹുലിന്റെ കേസില്‍ നടപടിയെടുക്കേണ്ടത് സര്‍ക്കാറാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍റെ പ്രതികരണം. പൊലീസ് നടപടി എടുത്താല്‍ പാര്‍ട്ടി അടുത്തപടി നോക്കുമെന്നും രാഹുല്‍ ഇപ്പോള്‍ പാര്‍ട്ടിയിലില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.

Tags:    
News Summary - More revelations from the woman against Rahul Mamkootathil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.