അതിതീവ്ര മഴയില്ലാത്ത കാലവർഷം; അറുതിയാവാതെ ദുരന്തങ്ങൾ

തൃശൂർ: കാലവർഷത്തിൽ അതിതീവ്ര മഴ ഇക്കുറി കേരളത്തിന് അന്യം. കാലവർഷ മാസങ്ങളായ ജൂൺ മുതൽ സെപ്റ്റംബർ വരെ മഴ പെയ്യാത്ത ദിനങ്ങളായിരുന്നു അധികം. ലഭിച്ചതിൽ കൂടുതൽ ശക്തമായ മഴയാണ്. അതിശക്തമായ മഴപോലും ഈ മാസങ്ങളിൽ വിരളമായിരുന്നു. എന്നിട്ടും കാലവർഷത്തിന്റെ കലിതുള്ളലിന് വലിയ കുറവുണ്ടായിരുന്നില്ല.ആഗസ്റ്റ് രണ്ടിനാണ് ഇക്കുറി കൂടുതൽ മഴ ലഭിച്ചത്. സംസ്ഥാനത്താകെ 60 മില്ലിമീറ്ററിൽ കൂടുതൽ മഴയാണ് അന്ന് ലഭിച്ചത്. ആഗസ്റ്റ് രണ്ടുമുതൽ എട്ടുവരെ നീണ്ട മഴ പരിശോധിക്കുമ്പോഴും കൂടുതൽ ലഭിച്ചത് 70 മുതൽ 115 മി.മീ. വരെയുള്ള ശക്തമായ മഴയാണ്. 116 മുതൽ 204 മി.മീ. വരെയുള്ള അതിശക്ത മഴ രണ്ടിനടക്കം കുറഞ്ഞ ദിവസങ്ങളിലാണ് ലഭിച്ചത്. അഞ്ചുദിവസങ്ങളാണ് അതിശക്ത മഴ കേരളത്തിന് ലഭിച്ചത്. എന്നിട്ടും ജൂൺ ഒന്നുമുതൽ സെപ്റ്റംബർ 18 വരെ 1918ന് പകരം 1728 മി.മീ. മഴ കേരളത്തിന് ലഭിക്കുകയും ചെയ്തു. 10 ശതമാനത്തിന്റെ കുറവിൽ ശരാശരി മഴയാണിത്.കഴിഞ്ഞ നാലുവർഷത്തിനിപ്പുറം അതിതീവ്ര മഴ ഉണ്ടായില്ലെങ്കിലും പ്രശ്ന സങ്കീർണമായിരുന്നു ഈ കാലവർഷവും.

തെക്കൻ ജില്ലകളിൽ അതിഭീകര ദുരന്തങ്ങൾക്ക് സാക്ഷിയായ ദിവസങ്ങൾ. തൃശൂർ, കണ്ണൂർ ജില്ലകളിലെ മലയോര മേഖലകൾ വിറങ്ങലിച്ച സമയം. വിവിധ മേഖലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മരണങ്ങളുണ്ടായി. അതിരപ്പിള്ളിയും എറണാകുളം നഗരവും വെള്ളത്തിൽ മുങ്ങി.

കുറഞ്ഞ മഴപോലും കേരളത്തിന് താങ്ങാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്. മഴയുടെ രൂപഭാവ പരിണാമം ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണ് ഇതിന് കാരണമെന്ന് കാലാവസ്ഥവ്യതിയാന ഗവേഷകൻ ഡോ. ചോലയിൽ ഗോപകുമാർ വ്യക്തമാക്കി.

കാർമുകിൽ മേഘങ്ങളിൽനിന്നുള്ള കാലവർഷ മഴയാകെ മാറി. കൂമ്പാര മഴമേഘങ്ങളിൽനിന്നുള്ള കനത്ത തുള്ളികളുള്ള മഴയാണ് ഇപ്പോൾ കേരളത്തിൽ ലഭിക്കുന്നത്. കുറഞ്ഞ സമയത്ത് പെയ്ത് വൻ വിപത്താണ് ഇവ സൃഷ്ടിക്കുന്നത്. മാത്രമല്ല, അനവസരത്തിൽ ദുരന്തങ്ങളുമായാണ് ഇവ പെയ്തിറങ്ങുന്നത്.

മനുഷ്യന്റെ ഇടപെടലുകളും ഒരുപരിധിവരെ ദുരന്തങ്ങൾക്ക് കാരണമാണ്. അതിലോല മേഖലകളിലെ കൃഷിയും നിർമാണവും വൻതോതിലെ ഖനനവും അതിചൂഷണവും ഭൂമിക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ചെറിയ തോതിെല മഴപോലും താങ്ങാനാവാത്ത സാഹചര്യമാണ് ഇതുകാരണം ഉണ്ടാവുന്നത്.

Tags:    
News Summary - monsoon without extreme rainfall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.