തിരുവനന്തപുരം: പകർച്ചവ്യാധികൾ വ്യാപകമാകുന്നതിനിടെ, സംസ്ഥാനത്ത് ആശങ്കയുയർത്തി മങ്കിപോക്സും. വിദേശത്തുനിന്ന് വന്ന ഒരാളിൽ രോഗം സ്ഥിരീകരിച്ചതോടെ പഴുതടച്ച പ്രതിരോധത്തിന് ആരോഗ്യവകുപ്പ് നിർദേശം നൽകി. നാലാം തരംഗത്തിന്റെ സൂചന നൽകി കോവിഡ് വ്യാപിക്കുന്നതിനിടെ മങ്കിപോക്സും റിപ്പോർട്ട് ചെയ്തത് ആരോഗ്യ മേഖലക്ക് വെല്ലുവിളിയായിരിക്കുകയാണ്. ആശങ്കക്ക് വകയില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എന്നാൽ, 65 രാഷ്ട്രങ്ങളിലായി പതിനായിരത്തിൽപരം പേരിൽ റിപ്പോർട്ട് ചെയ്ത മങ്കി പോക്സിനെതിരെ അതിജാഗ്രത വേണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. യൂറോപ്പിനുപിന്നാലെ അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചപ്പോൾ തന്നെ ജില്ലകൾക്ക് ജാഗ്രത നിർദേശം നൽകിയെന്നും പ്രത്യേക യോഗം വിളിച്ച് മുൻകരുതലുകൾ സ്വീകരിച്ചെന്നും ആരോഗ്യവകുപ്പ് പറയുന്നു.
കോവിഡ് പോലെ കുരങ്ങുപനി പടർന്നുപിടിക്കാൻ സാധ്യതയില്ലെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം. അതല്ല, സ്ഥിതിയെന്നും അസാധാരണ സാഹചര്യമാണെന്നുമാണ് ലോകാരോഗ്യസംഘടനയുടെ പുതിയ വെളിപ്പെടുത്തൽ. അതേമസയം, വസൂരിക്ക് നൽകുന്ന പ്രതിരോധ വാക്സിൻ 85 ശതമാനത്തോളം മങ്കി പോക്സിനും ഫലപ്രദമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
വാനര വസൂരി-മങ്കിപോക്സ്
മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് രോഗമാണ് വാനര വസൂരി. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിക്ക് സാദൃശ്യമുണ്ട്. 1958ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഒമ്പത് വയസ്സുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്.
രോഗപ്പകർച്ച
രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീരസ്രവങ്ങൾ എന്നിവയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മനുഷ്യരിലേക്ക് പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയിൽ വൈറസ് കണ്ടെത്തിയിട്ടുണ്ട്. രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരുന്നത്. ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക എന്നിവയുമായുള്ള അടുത്ത സമ്പർക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗികബന്ധം എന്നിവയിലൂടെ വാനര വസൂരി പകരും.
ലക്ഷണങ്ങൾ
വാനര വസൂരിയുടെ ഇൻകുബേഷൻ കാലയളവ് ആറു മുതൽ 13 ദിവസം വരെയാണ്. ചില അവസരങ്ങളിൽ ഇത് അഞ്ചു മുതൽ 21 ദിവസം വരെയാകാം. രണ്ടു മുതൽ നാലാഴ്ച വരെ ലക്ഷണങ്ങൾ നീളാറുണ്ട്. മരണനിരക്ക് കുറവാണ്.
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശിവേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കൺജങ്ക്റ്റിവ, കോർണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു. കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നത്. അണുബാധ, ബ്രോങ്കോ ന്യുമോണിയ, സെപ്സിസ്, എൻസെഫലൈറ്റിസ്, കോർണിയയിലെ അണുബാധ എന്നിവയും തുടർന്നുള്ള കാഴ്ച നഷ്ടവും രോഗത്തിന്റെ സങ്കീർണതകളിൽപെടുന്നു.
ചികിത്സ
വൈറൽ രോഗമായതിനാൽ വാനര വസൂരിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങൾ ലഘൂകരിക്കാനും രോഗം മൂലമുണ്ടാകുന്ന സങ്കീർണതകൾ കൈകാര്യം ചെയ്യാനും ദീർഘകാല പ്രത്യാഘാതങ്ങൾ തടയാനും ചികിത്സ തേടണം. വാനര വസൂരിക്ക് വാക്സിനേഷൻ നിലവിലുണ്ട്.
പ്രതിരോധം
അസുഖം ബാധിച്ച സമയത്തും അവയുടെ മൃതശരീരങ്ങൾ കൈകാര്യം ചെയ്യുന്ന സമയത്തും വന്യമൃഗങ്ങളുമായുള്ള സുരക്ഷിതമല്ലാത്ത സമ്പർക്കം ഒഴിവാക്കണം. രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി മുൻകരുതലെടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.