കലാമേള പണപ്പിരിവ് സർക്കുലർ: ഹെഡ്മിസ്ട്രസിനെതിരെ നടപടിക്ക് നിർദേശം

പാലക്കാട്: പേരാമ്പ്രയിലെ റവന്യൂ ജില്ല കലാമേളയുടെ പേരിൽ കുട്ടികളിൽനിന്ന് പണം പിരിക്കാൻ സർക്കുലർ ഇറക്കിയ അൺ എയ്ഡഡ് സ്കൂൾ ഹെഡ്മിസ്ട്രസിനെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ മാനേജർക്ക് നിർദേശം നൽകി. പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അൺ എയ്ഡഡ് സ്ഥാപനമായതിനാൽ സർക്കാറിന് നേരിട്ട് നടപടിയെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് മാനേജർക്ക് നിർദേശം നൽകിയത്. ഇത്തരത്തിൽ പണം പിരിക്കാൻ ഒരു നിർദേശവും പൊതു വിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടില്ല. എന്നാൽ, സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം എച്ച്.എസിലെ ഹെഡ്മിസ്ട്രസ് സി. റോസിലി സ്വമേധയാ സർക്കുലർ ഇറക്കുകയായിരുന്നു. ഈ സർക്കുലറുമായി പൊതുവിദ്യാഭ്യാസ വകുപ്പിന് ഒരു ബന്ധവുമില്ല. വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരമാണ് പിരിവ് എന്നും ഹെഡ്‌മിസ്ട്രസിന്റെ സർക്കുലറിലുണ്ട്. ഇത് വിദ്യാഭ്യാസ വകുപ്പിന് അവമതിപ്പ് ഉണ്ടാക്കുന്നതും തെറ്റിദ്ധാരണജനകവുമാണ്. ഇക്കാര്യം വളരെ ഗൗരവമായാണ് കാണുന്നതെന്നും ഇതിനെതിരെയും നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

കൃത്യമായ നിർദേശം പൊതുവിദ്യാഭ്യാസ വകുപ്പിൽനിന്ന് ലഭിക്കാതെ സ്കൂൾതലത്തിൽ ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളാൻ സ്കൂളുകൾ തയാറാകരുത്. വിദ്യാർഥികളിൽനിന്ന് അനാവശ്യ ഫണ്ട് ശേഖരണം പാടില്ലെന്നും മന്ത്രി വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

Tags:    
News Summary - money collection circular: Action against headmistress recommended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.