മുഖ്യമന്ത്രി വി.ഡി. സതീശന് സ്വന്തം മണ്ഡലമായ പറവൂരിൽ നൽകിയ സ്വീകരണത്തിൽ പറവൂർ പൗരാവലിയുടെ ഉപഹാരം നടൻ മോഹൻലാൽ  ​കൈമാറുന്നു

വി.ഡി. സതീശനുമുന്നിൽ രണ്ട് ആകുലതകൾ പങ്കു​വെച്ച് ​മോഹൻലാൽ

പറവൂർ: മുഖ്യമന്ത്രി വി.ഡി. സതീശന് സ്വന്തം മണ്ഡലമായ പറവൂരിൽ നൽകിയ സ്വീകരണത്തിൽ രണ്ട് ആകുലതകൾ പങ്കുവെച്ച് നടൻ മോഹൻലാൽ. ‘ഭൂമിയിലെ തന്നെ ഏറ്റവും മനോഹരമായ ഒരു ദേശത്തിന്റെ ഭാഗ്യവാനായ മുഖ്യമന്ത്രിയാണ് സതീശൻ സാർ. മഴയും പുഴകളും മലയും കാടും കടലും ഒരുപോലെ അനുഗ്രഹിച്ച ഒരിടം. കൃഷിയും വാണിജ്യവും കലയും സംസ്കാരവും പരസ്പരം ലയിച്ച നാട്. തൊഴിലിന്റെ ഭാഗമായി കേരളത്തിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്യുന്ന ഒരാളാണ് ഞാൻ. അപ്പോഴെല്ലാം ഈ നാടിനെയും അതിൻറെ അമൂല്യമായ സമ്പത്തിനെയും വേണ്ട രീതിയിൽ ഉപയോഗിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ടോ എന്ന് ഞാൻ സംശയിച്ചിട്ടുണ്ട്. അതിൻറെ സാധ്യതകളെ ഫലപ്രദമായ വിധത്തിൽ വിനിയോഗിക്കാൻ നമുക്ക് സാധിച്ചിട്ടില്ല എന്നാണ് എന്റെ അഭിപ്രായം. കാഴ്ചപ്പാടുള്ള ഒരു ഭരണാധികാരിക്ക് മുന്നിൽ ഒരേസമയം വെല്ലുവിളിയും സാധ്യതകളുമാണ് ഇവ.

രണ്ടു കാര്യങ്ങൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മുന്നിലേക്ക് എന്റെ ആകുലതകളായി വെക്കുകയാണ്. കേരളം നേരിടുന്ന പല വെല്ലുകളെ കുറിച്ച് മുമ്പ് ഞാൻ എന്റെ ബ്ലോഗുകളിൽ എഴുതിയിട്ടുണ്ട്. എന്നോട് തന്നെയുള്ള സംസാരങ്ങളായിരുന്നു ആ എഴുത്തുകൾ. ശുചിത്വം, പൗരബോധം, റോഡ് സംസ്കാരം, നിശബ്ദരായ മനുഷ്യരുടെ സഹനങ്ങൾ, ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയ ഒരുപാട് കാര്യങ്ങൾ. പരിസര ശുചിത്വത്തെ കുറിച്ച് ഞാൻ എപ്പോഴും പറയാറുള്ളതാണ്. മഴയും മഞ്ഞും വെയിലും മാറി മാറി വരുമ്പോൾ എത്രയെത്ര രോഗങ്ങളാണ് കേരളത്തിൽ താവളമടിക്കാറുള്ളത്. ഇതിന് പലതിനും കാരണക്കാർ നമ്മൾ തന്നെയാണ് എന്നതാണ് ശരി.

ഒരു യുദ്ധത്തിൽ മരിക്കുന്നതിനേക്കാൾ മനുഷ്യർ കേരളത്തിലെ റോഡുകളിൽ ഒരു വർഷം മരിക്കുന്നു എന്ന് ഞാൻ ഞെട്ടലോടെ ഒരിടത്ത് വായിച്ച കാര്യം ഞാൻ ഓർക്കുന്നു. മരിച്ചവരെക്കാൾ അധികമാണ് ഗുരുതരമായ പരിക്കേറ്റ് വീടുകളിലേക്ക് ഒതുങ്ങി ജീവിതം തകർന്നു കഴിയുന്നവർ. ആളെ കൊല്ലുന്ന റോഡുകളിൽ നിന്നും നാടിനെ നശിപ്പിക്കുന്ന മാലിന്യങ്ങളിൽ നിന്നും കേരളത്തെ രക്ഷിക്കാൻ നമുക്ക് സാധിച്ചാൽ അത് വലിയ ഒരു ചുവടുവെപ്പായിരിക്കും.

മറ്റൊന്ന് മയക്കുമരുന്നാണ്. ‘നർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്’ എന്ന് എന്റെ ഒരു കഥാപാത്രം പറയുന്നുണ്ട്. കേരളത്തിൽ ഇപ്പോൾ മയക്കുമരുന്ന് ഒഴുകുകയാണ്. നമ്മുടെ കുഞ്ഞുങ്ങളുടെ സ്കൂൾ കവാടത്തിൽ വരെ മയക്കുമരുന്ന് എന്ന വിപത്ത് എത്തിയിരിക്കുന്നു. ഉരുക്കു മുഷ്ടിയും ദൃഢ നിശ്ചയവുമായി സർക്കാർ മുന്നിൽ നിന്നാൽ മയക്കുമരുന്ന് എന്ന വിപത്തിനെ നമുക്ക് തുടച്ചു നീക്കാൻ സാധിക്കും. അതിനുള്ള കരുത്ത് ഈ ഗവൺമെന്റിനുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്’ -മോഹൻലാൽ അഭിപ്രായപ്പെട്ടു.

Tags:    
News Summary - Mohanlal shares two concerns with V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.