മോഹനന്‍ വധം: രണ്ട് ആര്‍.എസ്.എസുകാര്‍ അറസ്റ്റില്‍

 കൂത്തുപറമ്പ്: സി.പി.എം വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറിയും പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗവുമായ കുഴിച്ചാല്‍ മോഹനനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കുരിയോട് സ്വദേശികളായ വി.കെ. രാഹുല്‍ (21), എന്‍. രൂപേഷ് (22) എന്നിവരെയാണ് സി.ഐ കെ.എസ്. ഷാജിയും സംഘവും പിടികൂടിയത്. പൊലീസ് നടത്തിയ സമര്‍ഥമായ നീക്കത്തിലാണ് പ്രതികള്‍ വലയിലായത്.

വ്യാഴാഴ്ച വൈകീട്ട് കണ്ണൂരിലെ ആര്‍.എസ്.എസ് കാര്യാലയത്തില്‍ പരിശോധനനടത്തിയ സംഘം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായി ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തില്‍ പ്രതികള്‍ക്കുള്ള പങ്ക് സമ്മതിച്ചത്. കൊലപാതകത്തിന് തൊട്ടുമുമ്പ് ബൈക്കില്‍ കള്ളുഷാപ്പിന് മുന്നില്‍ എത്തിയ പ്രതികളാണ് മോഹനനെ കൊലയാളികള്‍ക്ക് ചൂണ്ടിക്കാണിച്ചുകൊടുത്തതെന്നാണ് പൊലീസ് നിഗമനം.  പ്രതികള്‍ സഞ്ചരിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലയാളിസംഘത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളെ കണ്ടത്തൊനുള്ള ശ്രമവും പൊലീസ് ഊര്‍ജിതമാക്കി.

തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് മോഹനനെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ ആറ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. കനത്ത സുരക്ഷയോടെയാണ് പ്രതികളെ കൂത്തുപറമ്പ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയത്. കോടതി 14 ദിവസത്തേക്ക് ഇരുവരെയും റിമാന്‍ഡ് ചെയ്തു.

 

Tags:    
News Summary - mohanan-murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.