സംഘ പ്രവർത്തനം വിലയിരുത്തി മോഹൻ ഭാഗവത് തൃശൂരിൽ

തൃശൂർ: സംസ്ഥാനത്തെ ആർ.എസ്.എസ് പ്രവർത്തനങ്ങൾ വിലയിരുത്തി സർ സംഘചാലക് ഡോ. മോഹൻ ഭാഗവത് തൃശൂരിൽ. വ്യാഴാഴ്ച വൈകീട്ടാണ് അദ്ദേഹം കേരളത്തിലെത്തിയത്. വെള്ളിയാഴ്ച രാവിലെ തൃശൂരിലെത്തി. ശ്രീശങ്കര ഹാളിൽ ആർ.എസ്.എസ് ജില്ലകളായ ചാലക്കുടി, ഇരിങ്ങാലക്കുട, ഗുരുവായൂർ എന്നിവിടങ്ങളിലെയും തൃശൂർ മഹാനഗറിലെയും ഭാരവാഹികളുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗത്തിൽ പങ്കെടുത്തു.

2025ൽ ആർ.എസ്.എസിന്‍റെ നൂറാം വർഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട കാമ്പയിൻ മുന്നൊരുക്കങ്ങളും സംസ്ഥാനത്തെ സംഘ പ്രവർത്തനവും വിലയിരുത്തുകയാണ് ലക്ഷ്യം. തൃശൂരിലും ഗുരുവായൂരിലുമായി മൂന്നുനാൾ നീളുന്ന യോഗങ്ങളാണ് മോഹൻ ഭാഗവതിന്‍റെ പരിപാടികളിലുള്ളത്. വെള്ളിയാഴ്ച എറണാകുളത്ത് പ്രാന്ത കാര്യാലയത്തിൽ മുതിർന്ന പ്രചാരകന്മാരായ ആർ. ഹരി, എം.എ. കൃഷ്ണൻ എന്നിവരെ സന്ദർശിച്ച ശേഷമാണ് തൃശൂരിലെത്തിയത്. തൃശൂരിൽ തെക്കേമഠം മൂപ്പിൽ സ്വാമിയാർ വാസുദേവാനന്ദ ബ്രഹ്മാനന്ദ ഭൂതിയുമായി കൂടിക്കാഴ്ച നടത്തി. ജില്ല- സംസ്ഥാന ഭാരവാഹികളുടെ യോഗം ശനിയാഴ്ചയും നടക്കും.

പരിവാർ സംഘടന ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയും തൃശൂരിലെ പരിപാടികളിലുണ്ട്. ഞായറാഴ്ച രാവിലെ ഗുരുവായൂർ രാധേയം ഓഡിറ്റോറിയത്തില്‍ ചേരുന്ന ആർ.എസ്.എസ് ബൈഠക്കില്‍ പങ്കെടുക്കുന്ന അദ്ദേഹം വൈകീട്ട് അഞ്ചിന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടില്‍ ഗുരുവായൂര്‍ സംഘജില്ലയിലെ പൂര്‍ണ ഗണവേഷധാരികളായ പ്രവർത്തകരുടെ യോഗത്തിലും പങ്കെടുക്കും. ഒരു പരിപാടിക്കും മാധ്യമ പ്രതിനിധികൾക്ക് പ്രവേശനമില്ല. ബി.ജെ.പി നേതാക്കൾക്കും കാണാൻ അനുമതിയില്ല. ആർ.എസ്.എസ് ക്ഷേത്രീയ പ്രചാരക എ. സെന്തിൽകുമാർ, ക്ഷേത്രീയ സേവാപ്രമുഖ് കെ. പത്മകുമാർ, പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരൻ, പ്രാന്തപ്രചാരക് എസ്. സുദർശനൻ തുടങ്ങിയവർ മോഹൻ ഭാഗവതിനൊപ്പമുണ്ട്.

Tags:    
News Summary - Mohan Bhagwat in Thrissur to evaluate the work of the Sangh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.