ഹലാൽ ഹജ്ജ് എന്തെന്ന് പഠിപ്പിച്ച ഗുരുഭൂതനാണ് മോദി- എ.പി അബ്ദുല്ലക്കുട്ടി

കോഴിക്കോട്: സത്യവിശ്വാസികൾക്ക് ഗുരുഭൂതനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുല്ലക്കുട്ടി. കോഴിക്കോട്ട് ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ പങ്കെടുത്ത പാർട്ടി പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അബ്ദുല്ലക്കുട്ടി. ഹജ്ജിന് മോദി ഇടപെട്ട് പതിനായിരം സീറ്റുകൾ അധികം വാങ്ങിച്ചെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി ഓരോ വിഷയത്തിലും ശരിയായ നിലപാടെടുക്കുന്ന ഭരണാധികാരിയാണ്. ഹജ്ജിൽ പോലും വളരെ കൃത്യമായി ഇടപെട്ടിട്ടുള്ള നേതാവാണെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

'ഞാൻ കമ്യൂണിസ്റ്റ് പാർട്ടിയിലായിരുന്നപ്പോൾ കെട്ട്യോളെയും കൂട്ടി പരിശുദ്ധ മക്കയിൽ ഉംറക്ക് പോയി തിരിച്ചുവന്നപ്പോൾ സഖാവ് കോടിയേരി കണ്ണുരുട്ടി പേടിപ്പിച്ചു പറഞ്ഞു, എടോ താനെന്തു കമ്യൂണിസ്റ്റാണ്. കമ്യൂണിസ്റ്റുകാർ ഉംറക്ക് പോകാൻ പാടുണ്ടോ? ഇപ്പോൾ ഇന്ത്യയിലെ സത്യസന്ധരായ മുസ്‌ലിംകളെ മുഴുവൻ ഉംറ ചെയ്യിക്കുന്നതിനു വേണ്ടി മാത്രമല്ല, ഹജ്ജ് ചെയ്യിക്കുന്നതിന്റെയും ചുമതല എനിക്കു നൽകിയ ഈ പ്രസ്ഥാനത്തോട് കടപ്പെട്ടിരിക്കുന്നു. ' അദ്ദേഹം പറഞ്ഞു.

'മോദി അധികാരത്തിൽ വരുന്നതിന് മുമ്പ് ഹജ്ജ് യാത്രയിൽ ഗുഡ്‌വിൽ ഡെലിഗേഷൻ എന്ന സംവിധാനമുണ്ടായിരുന്നു. കോൺഗ്രസിന്റെ കാലത്ത് ഗുഡ്‌വിൽ ഡെലഗേഷൻ എന്നു പറഞ്ഞ് ഒരു വിമാനം നിറയെ വി.ഐ.പികൾ, ഇവിടത്തെ എം.എം ഹസ്സനെപ്പോലുള്ള ആളുകൾ സർക്കാർ ചെലവിൽ ഏറ്റവും അവസാനത്തെ വിമാനത്തിൽ പോകും. ആദ്യത്തെ വിമാനത്തിൽ തിരിച്ചുവരും. കോടിക്കണക്കിന് രൂപ ചെലവാക്കി കോൺഗ്രസ് നടപ്പാക്കിയ ഹറാമായ ഹജ്ജ് അവസാനിപ്പിച്ച നേതാവാണ് നരേന്ദ്രമോദി. സർക്കാറിന്റെ പണം കട്ടുമുടിച്ച് ധൂർത്തടിച്ച് പോകുന്നത് ഹലാലായ ഹജ്ജല്ല, ഹറാമായ ഹജ്ജാണ്. അത് സത്യവിശ്വാസികളെ പഠിപ്പിച്ച ഗുരുഭൂതനാണ് നരേന്ദ്രമോദി.' - അബ്ദുല്ലക്കുട്ടി വ്യക്തമാക്കി.

'അതിനു ശേഷം അദ്ദേഹം ഹജ്ജിൽ ഇടപെട്ടു. 2019ലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഹജ്ജ് യാത്രയ്ക്ക് പോയത്, രണ്ടു ലക്ഷം പേർ. അന്ന് സൗദി നിശ്ചയിച്ചത് 190000 ആളുകളെയാണ്. ഹജ്ജിന് പോകുന്നവരുടെ അപേക്ഷകൾ വളരെയധികം കൂടുമ്പോൾ നരേന്ദ്രമോദി യുഎഇ ശൈഖിനെ വിളിച്ചു പറഞ്ഞത് ഞങ്ങൾക്ക് 1,90000 പോര, ഞങ്ങൾക്ക് കുറച്ചു കൂടുതൽ വേണമെന്നാണ്. മോദി ഇടപെട്ട് പതിനായിരം സീറ്റ് അധികം വാങ്ങിച്ചു. ആ പതിനായിരം സീറ്റ് സ്വകാര്യ ട്രാവൽ ഏജൻസിക്കു കൊടുത്തില്ല. സർക്കാർ നിശ്ചയിച്ച നിരക്കിൽ പതിനായിരത്തോളം പേരെ, ഒരു കൊള്ളലാഭവുമില്ലാതെ സ്വകാര്യ വിമാനങ്ങൾ കൊണ്ടുപോയി. നല്ല മുസ്‌ലിംകൾ ഇതു തിരിച്ചറിയണം.'- അദ്ദേഹം ആവശ്യപ്പെട്ടു.

ഹജ്ജ് തീർത്ഥാടനത്തിലും കമ്മിറ്റിയിലും മോദി സ്ത്രീ ശാക്തീകരണം നടത്തിയെന്നും അബ്ദുല്ലക്കുട്ടി അവകാശപ്പെട്ടു. 'ഹജ്ജിൽ ഒരു പ്രശ്‌നമുണ്ടായിരുന്നു. സ്ത്രീകൾക്ക് ഒറ്റയ്ക്ക് ഹജ്ജിന് പോകാൻ പറ്റില്ല. വിവാഹം നിഷിദ്ധമായ തുണയുണ്ടെങ്കിൽ മാത്രമേ ഹജ്ജിന് പോകാൻ ആകുമായിരുന്നുള്ളൂ. നരേന്ദ്രമോദിയുടെ നിർദേശം അംഗീകരിച്ച് സൗദി ഗവൺമെന്റും മതപണ്ഡിതന്മാരും സ്ത്രീകൾക്ക് ഒറ്റയ്ക്ക് ഹജ്ജിന് പോകാനുള്ള സൗകര്യം അനുവദിക്കുന്നു. ഏറ്റവും പുതിയ ഹജ്ജ് കമ്മിറ്റിക്ക് രണ്ട് സ്ത്രീകളുണ്ട്. നമ്മുടെ നാട്ടിൽ എവിടെയും വഖ്ഫ് ബോർഡിലും ഹജ്ജ് കമ്മിറ്റിയിലും സ്ത്രീകൾ ഉണ്ടാകാറില്ല. അതനുവദിക്കാൻ നരേന്ദ്രമോദി തയ്യാറായി.'

'മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുജറാത്ത് വിരോധം അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് ശേഷം കുറഞ്ഞുവരികയാണ്. അതു കൊണ്ടാണ് ചീഫ് സെക്രട്ടറിയെയും സംഘത്തെയും ഗുജറാത്തിലെ വികസനം പഠിക്കാൻ അയയ്ക്കാൻ അമേരിക്കയിൽനിന്ന് മുഖ്യമന്ത്രി ഉത്തരവിട്ടത്. മോദി വിരോധം ഉപേക്ഷിച്ച പിണറായി യോഗി വിരോധം കൂടി ഉപേക്ഷിക്കണം. ഒരു സംഘത്തെ യു.പിയിലേക്ക് അയയ്ക്കണം. കെഎസ്ആർടിസി എംഡിയെ ട്രാൻസ്‌പോർട്ട് വികസനം പഠിക്കാൻ നെതർലാൻഡ്‌സിലേക്കല്ല, യോഗി ആദിത്യനാഥിന്റെ യുപിയിലേക്ക് അയയ്ക്കണം. അധികാരമേൽക്കുമ്പോൾ 183 കോടി രൂപ നഷ്ടത്തിലായിരുന്ന യു.പി.എസ്.ആർ.ടി.സിയെ രണ്ടു വർഷം കൊണ്ട് 83 കോടി രൂപ ലാഭത്തിലാക്കി.' - അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹജ്ജിന് സീറ്റു വർധിപ്പിക്കാൻ മോദി യു.എ.ഇ ശൈഖിനെ വിളിച്ചെന്ന അബ്ദുല്ലക്കുട്ടിയുടെ പരാമർശം ട്രോളൻമാർ ഏറ്റെടുത്തിരുന്നു. സൗദിയിൽ നടക്കുന്ന ഹജ്ജിന് സീറ്റ് വർധിപ്പിക്കാൻ എന്തിനാണ് യു.എ.ഇ ശൈഖിനെ വിളിച്ചത് എന്നായിരുന്നു അവരുടെ ചോദ്യം.

Full View

Tags:    
News Summary - Modi is the guru who taught us what halal Hajj is says -AP Abdullakutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.