മോദി പ്രഖ്യാപിച്ചത് ഭാഗിക ലോക്ഡൗൺ, വളരെ ഗൗരവതരം, പാക്കേജ് പ്രഖ്യാപിക്കാത്തത് നിർഭാഗ്യകരം -എൻ.കെ. പ്രേമചന്ദ്രൻ

തിരുവനന്തപുരം: ഭാഗിക ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തെലുങ്കാനയിൽ പ്രഖ്യാപിച്ചതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഇത് വളരെ ഗൗരവതരമായ പ്രശ്നമാണ്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഭാഗമായി പ്രതിസന്ധി രൂപപ്പെട്ടിട്ട് എത്രയോ മാസങ്ങളായി. പക്ഷേ ഇത്രയും കാലം മതിയായ ആലോചനയോ ചർച്ചയോ വ്യക്തമായ പാക്കേജോ പ്രഖ്യാപിച്ചില്ല. പകരം വളരെ കാഷ്വൽ ആയി പ്രശ്നത്തെ കാണുകയും ചില പരാമർശങ്ങൾ നടത്തുകയും ചെയ്യുക എന്നത് നിർഭാഗ്യകരമാണ് -അദ്ദേഹം പറഞ്ഞു.

പെട്രോൾ-ഡീസൽ ഉപഭോഗം കുറയ്ക്കുക, വിദേശ ടൂർ ഒഴിവാക്കുക, സ്വർണം വാങ്ങുന്നത് കുറക്കുക, വർക്ക് ​ഫ്രം ഹോം നടപ്പാക്കുക, പൊതുഗതാഗതവും വൈദ്യുത വാഹനങ്ങളും ഉപയോഗിക്കുക, ഡെസ്റ്റിനേഷൻ വിവാഹങ്ങൾ ഒഴിവാക്കുക, വിദേശ വസ്തുക്കളുടെ ഇറക്കുമതി കുറയ്ക്കുക, കർഷകർ രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഇന്നലെ മോദി മുന്നോട്ടു​വെച്ചത്. ഇതിനെതി​രെ വ്യാപക വിമർശനം ഉയരുന്നുണ്ട്.

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ഭാഗമായി എണ്ണ, പാചകവാതക പ്രതിസന്ധിയുണ്ട് എന്നത് ശരിയാണെങ്കിലും അത് ജനങ്ങൾക്ക് മേൽ അടിച്ചേൽപിക്കരുതെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. പകരം, എണ്ണക്കമ്പനികൾക്ക് സർക്കാർ സബ്സിഡി പ്രഖ്യാപിച്ച് പ്രശ്നം പരിഹരിക്കണം. ‘ഓയിൽ മാർക്കറ്റിങ് കമ്പനികൾക്ക് പ്രതിമാസം 2500 കോടി രൂപ നഷ്ടമുണ്ട് എന്നാണ് കണക്കുകൾ. അത് ശരിയാണെങ്കിൽ ഏതാണ്ട് 1.80 ലക്ഷം കോടി രൂപയാണ് മൊത്തം എണ്ണക്കമ്പനികളുടെ ആറു മാസത്തെ നഷ്ടം. കോവിഡ് കാലഘട്ടത്തിൽ ഇതിനേക്കാൾ എത്രയോ മടങ്ങ് ധനനഷ്ടമാണ് നമ്മുടെ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥക്ക് ഉണ്ടായത്. അന്ന് ഇതുമായി ബന്ധപ്പെട്ടാണ് ആത്മ നിർഭർ ഭാരത് എന്ന പേരിൽ 20 ലക്ഷം കോടി രൂപയുടെ പാക്കേജ് ഗവൺമെന്റ് പ്രഖ്യാപിച്ചത്.

എന്നാൽ, ഇത്രയും സങ്കീർണമായ പശ്ചിമേഷ്യൻ പ്രതിസന്ധി ഉണ്ടായ ശേഷം ഇത്രയും മാസങ്ങൾ പിന്നിട്ടിട്ടും എണ്ണ പ്രതിസന്ധി, വിദേശനാണയ ശേഖര ചോർച്ച, അത് രാജ്യത്തിന്റെ സമ്പദ്ഘടനയിൽ ഉണ്ടാകുന്ന പ്രത്യാഘാതം എന്നിവ പരിഹരിക്കാൻ കേന്ദ്ര ഗവൺമെന്റ് എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കണം.

ഇപ്പോഴും പ്രഖ്യാപിക്കപ്പെട്ട പാക്കേജിനെ സംബന്ധിച്ച് വ്യക്തമായ ഒരു രൂപരേഖയില്ല. സ്വർണം ഒരു വർഷക്കാലത്തേക്ക് വാങ്ങുന്നതിൽ നിന്ന് എല്ലാവരും പിന്തിരിയണം, വർക്ക് ഫ്രം ഹോം നടപ്പാക്കണം, ഒന്നിലധികം ആൾക്കാർ ഒരു വാഹനത്തിൽ സഞ്ചരിച്ചുകൊണ്ട് പരമാവധി വാഹനങ്ങളുടെ ഉപഭോഗം കുറയക്കണം തുടങ്ങിയ കേവലമായ ചില നിർദേശങ്ങൾ മാത്രമാണ് നൽകിയത്. ഇതിനപ്പുറത്തേക്ക് ഈ പ്രതിസന്ധി അഭിമുഖീകരിക്കാൻ മതിയായ ആലോചനയോ അവധാനതയോടു കൂടിയ കർമ്മ പരിപാടികളോ ആവിഷ്കരിക്കുന്നതിൽ കേന്ദ്ര ഗവൺമെന്റ് പരാജയപ്പെട്ടു.

പരിഹാരം കാണണമെങ്കിൽ ഗവൺമെന്റ് ഈ കാര്യത്തിൽ ഇടപെടേണ്ടി വരും. എണ്ണക്കമ്പനികൾക്ക് ഉണ്ടാകുന്ന വ്യാപാര നഷ്ടം പരിമിതപ്പെടുത്താൻ സബ്സിഡി നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. എണ്ണ പ്രതിസന്ധിയുടെ അധിക ധനഭാരം സാധാരണ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിനു പകരം കേന്ദ്ര ഗവൺമെന്റ് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാകണം.

നാമ മാത്ര വർധന ഉൾക്കൊള്ളാൻ കഴിഞ്ഞേക്കും. എന്നാൽ, അമിത വിലവർധനവിലൂടെ ജനങ്ങളെ ശിക്ഷിക്കുന്നതിനു പകരം എണ്ണക്കമ്പനികൾക്ക് സബ്സിഡി നൽകി കേന്ദ്ര ഗവൺമെന്റ് ഇടപെടണം. ഉപഭോക്താക്കളുടെ മേൽ അഭിതഭാരം അടിച്ചേൽപ്പിക്കാതിരിക്കാനുള്ള നയപരമായ തീരുമാനം എടുത്ത് ജനങ്ങൾക്ക് ആശ്വാസം നൽകണം. അല്ലാതെ ഭാഗിക ലോക്ക്ഡൗണിലേക്ക് പോകണം എന്ന കേവല പ്രഖ്യാപനം ഒരുതരത്തിലും ന്യായീകരിക്കത്തക്കതല്ല. പശ്ചിമേഷ്യൻ യുദ്ധ പ്രതിസന്ധിയുടെ ഭാഗമായുള്ള പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ കേന്ദ്ര ഗവൺമെന്റ് പരാജയപ്പെട്ടു എന്ന് വേണം വിലയിരുത്താൻ.

മോദിയുടെ പ്രഖ്യാപനം കേവല നിരീക്ഷണങ്ങളായി പൊതുയോഗങ്ങളിൽ പ്രഖ്യാപിക്കുകയാണ് ചെയ്തത്. അതിനപ്പുറത്തേക്ക് കൃത്യമായ ഒരു പാക്കേജ് പ്രഖ്യാപിച്ചിട്ടില്ല. ഇത് വളരെ നിർഭാഗ്യകരമായ അവസ്ഥയാണ്. പ്രതിസന്ധി പരിഹരിക്കാനുള്ള ഒരു മുൻകരുതലും കേന്ദ്ര ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല’ -പ്രേമചന്ദ്രൻ 

Tags:    
News Summary - Modi announced lockdown-like restrictions, very serious - N.K. Premachandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.