പരീക്ഷ ഹാളിലെ ഇന്‍വിജിലേറ്ററില്‍നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു

തൃശൂർ: എസ്.എസ്.എല്‍.സി പരീക്ഷാ ഹാളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്‍വിജിലേറ്ററില്‍ നിന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിലുള്ള പരീക്ഷാ സ്‌ക്വാഡ് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. തൃശൂര്‍ വിദ്യാഭ്യാസ ജില്ലയിലെ കാല്‍ഡിയന്‍ സിലിയന്‍ സ്‌കൂളിലെ പരീക്ഷാ ഹാളിലെ ഇന്‍വിജിലേറ്ററില്‍ നിന്നാണ് ഫോണ്‍ കണ്ടെടുത്തത്. തുടര്‍ന്ന് ഇന്‍വിജിലേറ്ററെ പരീക്ഷാ ഡ്യൂട്ടിയില്‍നിന്നും ഒഴിവാക്കി ഉത്തരവിറക്കി.

പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്ന് ഉപയോഗിക്കരുതെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശക്തമായ താക്കീത് അവഗണിച്ച് ഹാളില്‍ മൊബൈല്‍ ഫോണ്‍ സൂക്ഷിച്ച അധ്യാപികയ്ക്കും സെന്ററിലെ ചീഫ് സൂപ്രണ്ടിനും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടിനും എതിരെ അച്ചടക്ക നടപടി സ്വീകരിക്കും.

പരീക്ഷ അവസാനിക്കുന്ന ദിവസം കുട്ടികളുടെ ആഹ്ലാദ പ്രകടനങ്ങള്‍ അതിരുവിട്ടുപോകാതിരിക്കാന്‍ ജാഗ്രതാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ പല സ്‌കൂളുകളിലും ഫര്‍ണിച്ചര്‍, ഫാന്‍ തുടങ്ങിയവ നശിപ്പിക്കുക, പടക്കം പൊട്ടിക്കുക, വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കുക തുടങ്ങിയ സംഭവങ്ങൾ ഉണ്ടായിരുന്നു. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവും. പൊലീസ് സംരക്ഷണവും സ്‌കൂള്‍ പരിസരത്ത് ഉണ്ടാകും.

എല്ലാ സ്‌കൂളുകളിലെയും പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ പരീക്ഷ അവസാനിക്കുന്ന സമയത്ത് സ്‌കൂളില്‍ എത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അമിത ആഹ്ലാദ പ്രകടനങ്ങള്‍ നടത്തി സ്‌കൂള്‍ സാമഗ്രികള്‍ നശിപ്പിച്ചാല്‍, ചെലവ് മുഴുവന്‍ രക്ഷിതാവില്‍ നിന്നും ഈടാക്കി മാത്രമേ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കൂവെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡോ. എ. അന്‍സാര്‍ അറിയിച്ചു.

Tags:    
News Summary - mobile phone seized from the invigilator in the examination hall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.