ഇടുക്കി ഹർത്താലിന്റെ ഭാഗമായി ബോഡിമേട്ടിൽ നടക്കുന്ന ദേശിയ പാത ഉപരോധം

ഇടുക്കിയിൽ ഹർത്താൽ പൂർണം: ‘ആനയാണോ മനുഷ്യജീവനാണോ വലുത്?’

ഇടുക്കി: ചിന്നക്കനാൽ, ശാന്തമ്പാറ മേഖലയിൽ ജനജീവിതത്തിന് ഭീഷണിയായ അരിക്കൊമ്പനെ പിടികൂടാനുള്ള മിഷൻ അരിക്കൊമ്പൻ സ്റ്റേ ചെയ്തതിൽ പ്രതിഷേധിച്ച് ഇടുക്കിയിലെ 10 പഞ്ചായത്തുകളിൽ ഇന്ന് എൽ.ഡി.എഫ് ആഹ്വാനം ചെയ്ത ജനകീയ ഹർത്താൽ പൂർണം. ബോഡിമേട്ടിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ജുഡീഷ്യറിയുടെ നിലപാടിൽ പ്രതിഷേധിച്ച് മറയൂർ, കാന്തല്ലൂർ, വട്ടവട ദേവികുളം, മൂന്നാർ, ഇടമലക്കുടി, രാജാക്കാട്, ചിന്നകനാൽ, ഉടുമ്പൻ ചോല തുടങ്ങിയ പഞ്ചായത്തുകളിലാണ് ഹർത്താൽ.

ചിന്നക്കനാല്‍ പവര്‍ ഹൗസിലും പൂപ്പാറയിലും കൊച്ചി ധനുഷ് കോടി ദേശീയപാത ഉപരോധിച്ചു. വിദ്യാർത്ഥികളുടെ പരീക്ഷ ഉൾപ്പെടെ പരിഗണിച്ച് രാജാക്കാട്, സേനാപതി, ബൈസൺവാലി എന്നീ മൂന്ന് പഞ്ചായത്തുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിരുന്നു.

ഇന്നലെ ചിന്നക്കനാൽ ശാന്തൻപാറ നിവാസികൾ കുങ്കി ആനകളെ പാർപ്പിച്ചിരുന്നിടത്തേക്ക് പ്രതിഷേധം നടത്തി. വനം വകുപ്പിന്റെ ബാരിക്കേഡുകൾ തകർത്തു. അരിക്കൊമ്പനെ പിടികൂടിയില്ലെങ്കിൽ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാൻ ആണ് തീരുമാനം. ഹൈകോടതിയുടെ വിധി അനുകൂലമാകും എന്നാണ് നാട്ടുകാർ പ്രതീക്ഷിച്ചത്. എന്നാൽ, തിരിച്ചടിയായ​തോടെ കടുത്ത അമർഷത്തിലാണ് പ്രദേശവാസികൾ.

അരിക്കൊമ്പനെ മയക്കുവെടിവെക്കുന്നതിനെതിരെ മൃഗസ്നേഹികൾ നൽകിയ ഹരജി ഹൈകോടതി ബുധനാഴ്ച പരിഗണിച്ചെങ്കിലും പ്രദേശവാസികളുടെ പ്രതീക്ഷ തകിടംമറിഞ്ഞ സാഹചര്യത്തിലാണ് പ്രതിഷേധം. മദപ്പാടുള്ളതിനാൽ അരിക്കൊമ്പനെ നിരീക്ഷിക്കാനും ശല്യം തുടര്‍ന്നാല്‍ റേഡിയോ കോളര്‍ ഘടിപ്പിക്കാനുമാണ് കോടതി നിർദേശം.

ദൗത്യം നീളുമെന്നറിഞ്ഞതോടെ പൂപ്പാറ, സിമന്‍റ്പാലം എന്നിവിടങ്ങളിൽ നാട്ടുകാർ പ്രതിഷേധ സ്വരമുയർത്തി. സ്ത്രീകളടക്കമുള്ളവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം രേഖപ്പെടുത്തി. കോടതിയുടെ തീരുമാനം നിരാശജനകമാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ആനയാണോ മനുഷ്യജീവനാണോ വലുതെന്ന് ഇവർ ചോദിച്ചു. കോടതിയുടെ പരാമർശങ്ങൾ സങ്കടപ്പെടുത്തുന്നതാണെന്നും നാട്ടുകാർ പറഞ്ഞു. വർഷങ്ങളായി അരിക്കൊമ്പൻ മേഖലയിൽ ചുറ്റിത്തിരിഞ്ഞ് ജനങ്ങളുടെ ജീവനും സ്വത്തിനും ഒരുപോലെ ഭീഷണിയാണെന്നാണ് നാട്ടുകാർ പറയുന്നത്.

അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ബുധനാഴ്ച വിധി പ്രതീക്ഷിച്ചിരിക്കെയാണ് കോടതിയിൽനിന്ന് അനുകൂലമല്ലാത്ത പരാമർശമുണ്ടായത്. കോടതി വിധി അനുകൂലമായാൽ വ്യാഴാഴ്ച പുലർച്ച നാലിന് ദൗത്യം ആരംഭിക്കാനായിരുന്നു വനംവകുപ്പിന്‍റെ തീരുമാനം. ഇതിനായി 71 അംഗ സംഘത്തെ എട്ട് ടീമുകളായി തിരിച്ചിരുന്നു. അഞ്ച് കുങ്കിയാനകളെയും ദൗത്യത്തിനായി ചിന്നക്കനാലിൽ എത്തിച്ചിട്ടുണ്ട്. ആർ.ആർ.ടി തലവൻ അരുൺ സക്കറിയ, സി.സി.എഫുകാരായ നരേന്ദ്രബാബു എന്നിവരുടെ നേതൃത്വത്തിലാണ് ദൗത്യം തീരുമാനിച്ചിരുന്നത്.

18 വർഷത്തിനിടെ റേഷൻ കടയും ഏലം സ്റ്റോറുമൊക്കെയായി 180 കെട്ടിടങ്ങൾ അരിക്കൊമ്പൻ തകർത്തെന്നാണ് വനംവകുപ്പ് കണ്ടെത്തിയത്. ഇതിൽ 23 എണ്ണം ഒരുവർഷത്തിനിടെയാണ് തകർത്തത്. ആക്രമണത്തിൽ വീടിന്‍റെ ഭാഗങ്ങൾ വീണ് മുപ്പതോളംപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. നൂറിലധികം പേരുടെ ഏക്കറുകണക്കിന് കൃഷിയും തകർത്തു.

2010 മുതൽ മാർച്ച് വരെയുള്ള കണക്കുകളിൽ ചിന്നക്കനാൽ ശാന്തൻപാറ പഞ്ചായത്തുകളിലായി 29പേരാണ് കാട്ടാനകളുടെ ആക്രമണത്തിൽ മരിച്ചത്. ഇതിൽ അരിക്കൊമ്പന്‍റെ ആക്രമണത്തിൽ മാത്രം 11പേർ കൊല്ലപ്പെട്ടതായാണ് വിവരം. 

Tags:    
News Summary - Mission Arikkomban Idukki hartal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.