വിദ്യാർഥിനി കാണാതായ സംഭവത്തിൽ പിടിലായ യുവാക്കൾ
തിരുവല്ല: തിരുവല്ലയിൽ നിന്നും കാണാതായ ഒമ്പതാം ക്ലാസുകാരി പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് പെൺകുട്ടി തിരുവല്ല സ്റ്റേഷനിൽ എത്തിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ തൃശ്ശൂർ സ്വദേശികളായ അതുൽ, അജിൽ എന്നിവരും സഹായിച്ച അന്തിക്കാട് സ്വദേശി ജയരാജും പൊലീസിന്റെ പിടിയിലായി.
പെൺകുട്ടിയെ സ്റ്റേഷൻ പരിസരത്ത് എത്തിച്ച ശേഷം തിരികെ മടങ്ങുകയായിരുന്ന അതുലിനെ കെ.എസ്.ആർ.ടി.സി ബസ്സിൽ നിന്നും മൂവാറ്റുപുഴയിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാമനായ അജിലിനെ തൃശ്ശൂർ അന്തിക്കാട് പുത്തൻ പീടികയിൽ നിന്നുമാണ് രാവിലെ ഏഴരയോടെ പിടികൂടിയത്. പിടിയിലായ ഇരുവരെയും ഉച്ചയോടെ തിരുവല്ല സ്റ്റേഷനിൽ എത്തിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ പെൺകുട്ടിയെ കാണാതായതിന് പിന്നാലെ വിദ്യാർഥിനിയും യുവാക്കളും ബസിൽ യാത്ര ചെയ്യുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. കുറ്റപ്പുഴയിലെ ബസ്റ്റോപ്പിൽ നിന്നും രണ്ട് യുവാക്കൾ ബസിൽ കയറുന്നതും പിന്നാലെ കാണാതായ പെൺകുട്ടി കയറുന്നതുമായ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. മൂവരും തിരുവല്ല നഗരത്തിലെ ബസ്റ്റോപ്പിൽ ഇറങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
വെള്ളിയാഴ്ച രാവിലെ സ്കൂളിൽ പരീക്ഷക്കായി പോയ പെൺകുട്ടി വൈകിട്ട് ഏറെ വൈകിയും വീട്ടിൽ തിരികെ എത്താതിരുന്നിനെ തുടർന്നാണ് പിതാവ് തിരുവല്ല പൊലീസിൽ പരാതി നൽകിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാക്കൾക്കെതിരെ തിരുവല്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.