മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ദിവസം അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി.വി പ്രകാശിന്റെ ചിത്രം ഫേസ്ബുകില്‍ പങ്കുവെച്ച് മകള്‍ നന്ദന പ്രകാശ്. അച്ഛന്‍ ഇല്ലാത്ത ആദ്യ തെരഞ്ഞെടുപ്പാണിതെന്ന് നന്ദന കുറിച്ചു. ‘അച്ഛന്‍ ഇല്ലാത്ത ആദ്യ തിരഞ്ഞെടുപ്പ്…Miss you Acha’, എന്നാണ് നന്ദന കുറിച്ചത്. ഒപ്പം വി.വി. പ്രകാശിന്റെ ഫോട്ടോയും പങ്കു വെച്ചിട്ടുണ്ട്.
അതേസമയം, അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് വി.വി. പ്രകാശിന്‍റെ കുടുംബം വോട്ട് രേഖപ്പെടുത്തി. വി.വി. പ്രകാശിന്‍റെ ഭാര്യ സ്മിതയും മകൾ നന്ദനയും എടക്കര ജി.എച്ച്.എസ്.എസിലെ പോളിങ് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.
മരണം വരെ കോൺഗ്രസിനൊപ്പം ഉണ്ടാകുമെന്ന് സ്മിത മാധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫ് ജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർഥി വീട്ടിൽ എത്താത്തതിൽ പരാതിയില്ല. യു.ഡി.എഫിനൊപ്പം ഞങ്ങൾ നിൽക്കുമെന്നത് അവരുടെ വിശ്വാസമാണെന്നും ആ വിശ്വാസം എന്നും തെളിയിച്ചിരിക്കുമെന്നും സ്മിത വ്യക്തമാക്കി.
വോട്ട് ബഹിഷ്കരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് നന്ദന വ്യക്തമാക്കി. എത്തിച്ചേരാനുള്ള തടസം കൊണ്ടാണ് വൈകിയത്. വിവാദങ്ങളെ കുറിച്ച് ഒന്നു പറയാനില്ല. എന്തിന് അത്തരത്തിൽ പറയുന്നുവെന്ന് വിവാദം ഉണ്ടാക്കിയവരോട് ചോദിക്കണം. ഏറെ വൈകാരിക ദിനമാണ് ഇന്ന്. കഴിഞ്ഞ തെരഞ്ഞെടുപ്പിന്‍റെ ഫലം വരുന്നതിന് മൂന്നു ദിവസം മുമ്പാണ് അച്ഛൻ മരണപ്പെട്ടത്. തെരഞ്ഞെടുപ്പ് എന്ന് പറയുമ്പോൾ ആ ഓർമയാണുള്ളതെന്നും നന്ദന കൂട്ടിച്ചേർത്തു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ നിന്നും മത്സരിച്ച വി.വി പ്രകാശ് പരാജയപ്പെടുകയായിരുന്നു. പരാജയത്തിന് പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണെന്നും പിന്നില്‍ ആര്യാടന്‍ ഷൗക്കത്താണെന്നും അന്നു തന്നെ ആരോപണം ഉയര്‍ന്നിരുന്നു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിനെ പിന്നാലെ നന്ദന ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ‘ജീവിച്ചു മരിച്ച അച്ഛനേക്കാള്‍ ശക്തിയുണ്ട് മരിച്ചിട്ടും എന്റെ മനസ്സില്‍ ജീവിക്കുന്ന അച്ഛന്’ എന്നായിരുന്നു നന്ദന അന്ന് ഫേസ്ബുക്കില്‍ കുറിച്ചത്.
നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വി.വി. പ്രകാശിന്റെ വീട് സന്ദര്‍ശിക്കാത്തത് വിവാദമായിരുന്നു. എന്നാല്‍ ഷൗക്കത്ത് എന്തിനാണ് പ്രകാശിന്റെ വീട് സന്ദര്‍ശിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് സതീശന്‍ ചോദിച്ചത്. അതേസമയം കഴിഞ്ഞ ദിവസം എൽ.ഡി.എഫ് സ്ഥാനാര്‍ഥി എം. സ്വരാജ് വി.വി പ്രകാശിന്റെ വീട്ടിലെത്തിയിരുന്നു.
തന്റെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്നും സൗഹൃദം പുതുക്കാനായി പോയതെന്നുമായിരുന്നു സ്വരാജ് പ്രതികരിച്ചത്. നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി. അന്‍വറും പ്രകാശിന്റെ വീട് സന്ദര്‍ശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.