തിരുവനന്തപുരം: സർവകലാശാലകളിൽ പ്രോ-വൈസ്ചാൻസലർ (പി.വി.സി) നിയമനത്തിനുള്ള യോഗ്യത വെട്ടിക്കുറച്ച് സർവകലാശാല നിയമഭേദഗതി ബില്ലിൽ വീണ്ടും മാറ്റം. സബ്ജക്ട് കമ്മിറ്റിയിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദുവാണ് പി.വി.സി നിയമനത്തിനുള്ള യോഗ്യത വെട്ടിക്കുറക്കാനുള്ള ഔദ്യോഗിക ഭേദഗതി നിർദേശിച്ചത്.
കഴിഞ്ഞ ദിവസം സഭയിൽ അവതരിപ്പിച്ച ബില്ലിൽ പി.വി.സി നിയമനത്തിനുള്ള യോഗ്യതയായി വ്യവസ്ഥ ചെയ്തിരുന്നത് ഡോക്ടറൽ ബിരുദവും 10 വർഷത്തിൽ കുറയാത്ത അധ്യാപന/ ഗവേഷണ പരിചയവുമുള്ള, ഒരു കോളജിന്റെയോ സ്ഥാപനത്തിന്റെയോ പ്രഫസർ/ പ്രിൻസിപ്പൽ തസ്തിക വഹിച്ചിരിക്കുന്നയാൾ ആയിരിക്കണമെന്നാണ്. ഇതിൽ പ്രഫസർ എന്ന യോഗ്യതക്കു പകരം അസോ. പ്രഫസർ മതിയെന്ന രീതിയിലാണ് മന്ത്രി ഭേദഗതി നിർദേശിച്ചത്. സർവകലാശാലകളിൽ സീനിയർ പ്രഫസർമാർ, പ്രഫസറുടെ പദവിയിലുള്ള സ്റ്റാറ്റ്യൂട്ടറി ഉദ്യോഗസ്ഥർ, അഫിലിയേറ്റഡ് കോളജുകളിൽ പ്രിൻസിപ്പൽമാരും ഉണ്ടായിരിക്കുമ്പോഴാണ് വി.സിക്ക് തൊട്ടുതാഴെയുള്ള പി.വി.സി പദവിയിലേക്ക് പ്രഫസർ പദവി പോലുമില്ലാത്തവരെ നിയമിക്കാൻ വഴിയൊരുക്കുന്ന നിയമഭേദഗതി കൊണ്ടുവരുന്നത്. വി.സിക്കുള്ള പല അധികാരങ്ങളും പി.വി.സിക്ക് നൽകാനും ബില്ലിൽ വ്യവസ്ഥയുണ്ട്.
ഇതിന് പിന്നാലെയാണ് പി.വി.സി പദവിയുടെ യോഗ്യതയിൽ തന്നെ വെട്ടിക്കുറക്കൽ വരുത്തുന്നത്. കോളജുകളിലെ ഇടതു അധ്യാപക സംഘടനാ നേതാക്കളെ ഉൾപ്പെടെ കൂടുതൽ അധികാരങ്ങളോടെ, പി.വി.സി പദവിയിലിരുത്താൻ വേണ്ടിയാണ് ഭേദഗതിയെന്നാണ് ആരോപണം. സംഘടനകളുടെ സമ്മർദത്തിലാണ് സഭയിൽ അവതരിപ്പിച്ച ബില്ലിൽ ഭേദഗതി കൊണ്ടുവരുന്നതെന്നാണ് ആരോപണം. ബിൽ നിയമമായി മാറുന്നതോടെ, സർവകലാശാലകളിൽ പി.വി.സി സമാന്തര അധികാര കേന്ദ്രമായി മാറും. യു.ജി.സിയുടെ 2025ലെ കരട് റെഗുലേഷനിൽ പി.വി.സി പദവിയില്ല. 2018 റെഗുലേഷൻ പ്രകാരം പി.വി.സി പദവിയിൽ നിയമനത്തിന് പ്രഫസർ പദവി നിർബന്ധവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.