കായംകുളം: ലോകം ആദരിക്കുന്ന അമ്മയായ അമൃതാനന്ദമയിയെ ചുംബിച്ചതിൽ എന്താണ് തെറ്റെന്ന് മന്ത്രി സജി ചെറിയാൻ. ഞങ്ങൾ അമൃതാനന്ദമയി മഠം സന്ദർശിച്ച് അവരുടെ ആലിംഗനം സ്വീകരിക്കരുതെന്ന വാദം മനസ്സിൽ വെച്ചാൽ മതി. എല്ലാവർക്കും അവരുടെ ആലിംഗനത്തിൽപെടാം ഞങ്ങൾക്ക് പറ്റില്ലെന്നുണ്ടോ. കായംകുളത്ത് നഗരസഭ 41 വാർഡിലെ വി.എസ്. അച്യുതാനന്ദൻ സ്മാരക വായനശാല ഉദ്ഘാടനവും ഗാന്ധിപ്രതിമ അനാച്ഛാദനവും നിർവഹിച്ച് സംസാരിക്കവെയാണ് വിവാദത്തിന് മന്ത്രി മറുപടി പറഞ്ഞത്.
മാതാ അമൃതാനന്ദമയി എന്ത് തെറ്റാണ് ചെയ്തത്. ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തു. ഞങ്ങൾ ആദരിച്ചു. അമ്മ എല്ലാവരെയും ചുംബിക്കുമല്ലോ. എനിക്കും തന്നു. എന്റെ അമ്മ എന്നെ ചുംബിക്കുന്നപോലെയാണ് കണ്ടത്. അതിനപ്പുറത്തേക്ക് കണ്ടില്ല. ഞാൻ അമ്മക്ക് ഷാൾ ഇട്ടിട്ട് ഉമ്മ നൽകി. എന്‍റെ അമ്മയുടെ പ്രായമുള്ള അമ്മയുടെ സ്ഥാനത്ത് നിൽക്കുന്ന ആൾക്ക് ഉമ്മ നൽകിയത് പലർക്കും സഹിക്കാൻ കഴിയില്ല. അവർ ദൈവമാണോ അല്ലയോ എന്നത് എന്റെ വിഷയമല്ല. ഞങ്ങളാരും അവർ ദൈവമാണെന്ന് പറഞ്ഞിട്ടില്ല. ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണ്. അതാണ് സംസ്ഥാന സർക്കാർ ചെയ്തത്. 25 വർഷം മുമ്പ് അമൃതാന്ദമയി യു.എന്നിൽ പോയി മലയാളത്തിൽ പ്രസംഗിച്ചു. വളരെ പിന്നാക്കാവസ്ഥയിൽനിന്ന് വന്നവരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന്‍റെ രജതജൂബിലി വാർഷികത്തിൽ അമൃതാനന്ദമയിയെ സർക്കാർ ആദരിക്കുകയും, മന്ത്രി സജി ചെറിയാൻ അമൃതാനന്ദമയിയെ ചുംബിക്കുകയും ചെയ്തതിനെതിരെ വിവിധ കോണുകളിൽനിന്ന് വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സജി ചെറിയാന്‍റെ വിശദീകരണം വന്നിരിക്കുന്നത്.
തൃശൂർ: അമൃതാനന്ദമയിയെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ആദരിച്ച സംഭവത്തിൽ സർക്കാറിനും സി.പി.എമ്മിനുമെതിരെ രൂക്ഷ വിമർശനവുമായി സംവിധായകനും ഇടതു സഹയാത്രികനുമായ പ്രിയനന്ദനൻ. ‘വിപ്ലവം മ്ലേച്ഛമാകുന്ന’തായി അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. കമ്യൂണിസ്റ്റ് മന്ത്രി പ്രമുഖ ആൾദൈവത്തെ പരസ്യമായി സ്വീകരിക്കുന്നതും ആദരിക്കുന്നതും രാഷ്ട്രീയ പാപ്പരത്തവും സാംസ്കാരികമായ പിന്നോട്ടുപോക്കുമായി മാത്രമേ കാണാൻ സാധിക്കൂ. വോട്ട് ബാങ്കിൽ കണ്ണുവെച്ചുകൊണ്ട് ആൾദൈവങ്ങളുടെ സ്വാധീനം ഉപയോഗിക്കാനുള്ള പ്രായോഗിക തന്ത്രമായി ഇതിനെ വ്യാഖ്യാനിക്കാം. എന്നാൽ, ദീർഘകാലാടിസ്ഥാനത്തിൽ ഇത് പാർട്ടിയുടെ വിപ്ലവകരമായ അടിത്തറയെ ശിഥിലമാക്കുമെന്നും പ്രിയനന്ദനൻ കുറിച്ചു.
കണ്ണൂർ: മാതാ അമൃതാനന്ദമയിയെ നെറുകയിൽ ചുംബിച്ച മന്ത്രി സജി ചെറിയാനെ പരിഹസിച്ച് സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജന്റെ മകൻ ജയിൻ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘വല്യ ഡെക്കറേഷൻ ഒന്നും വേണ്ട; സുധാമണി’ എന്ന ഒറ്റവരി പോസ്റ്റിലാണ് ജയിൻ രാജിന്റെ വിമർശനം. അമൃതാനന്ദമയി എന്ന പേരിനു പകരം സുധാമണിയെന്ന് നേരിട്ട് പറയുന്ന പോസ്റ്റിനു താഴെ അനുകൂലിച്ച് ഒട്ടേറെ പേരാണ് കമന്റുമായി രംഗത്തുവന്നത്. ആൾദൈവങ്ങൾക്കെതിരെ സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാടിൽനിന്നുള്ള പിന്മാറ്റമായി ഒട്ടേറെ പാർട്ടിക്കാരും അനുകൂലിച്ച് കമന്റിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.