‘ആരെയാണ് ഡോക്ടറുടെ അടുത്തേക്ക് പറഞ്ഞയക്കേണ്ടതെന്ന് കാട്ടിക്കൂട്ടൽ കണ്ടാൽ അറിയാം, കേരളത്തിലെ ജനമനസ് വിലക്ക് വാങ്ങാനാകില്ല’; രാജീവിന് മറുപടിയുമായി മന്ത്രി റിയാസ്

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് മറുപടിയുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രാജീവ് ചന്ദ്രശേഖർ നടത്തുന്ന കാട്ടിക്കൂട്ടൽ കണ്ടാൽ ആരെയാണ് ഡോക്ടറുടെ അടുത്ത് പറഞ്ഞയക്കേണ്ടത് എന്ന് മനസിലാകുമെന്നും ദേശീയതലത്തിൽ കിട്ടാവുന്ന ഏറ്റവും മികച്ച ഡോക്ടർമാരുടെ പാനലിനെ വെക്കാവുന്നതാണെന്നും റിയാസ് പരിഹസിച്ചു.

നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവോടെ കേരളത്തിലും വികസനനേട്ടമുണ്ടാകാൻ പോവുകയാണെന്നും കമ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് അത് മനസിലാകണമെന്നില്ലെന്നും രാജീവ് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

‘രാജീവിന്‍റേത് രാഷ്ട്രീയ അല്‍പ്പത്തരവും പ്രതികരണം അപക്വവുമാണ്‌. നമുക്കൊരു ബിസിനസ് തുടങ്ങാം, കമ്പനിയെ വാങ്ങാം, വേണമെങ്കിൽ വലതുപക്ഷ രാഷ്ട്രീയ പാർട്ടിയിൽചേരാം, അതിനെ വിലക്ക് വാങ്ങാം എന്നൊക്കെയാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ കേരളത്തിലെ ജനമനസ് വിലക്ക് വാങ്ങാൻ സാധിക്കില്ല’ - റിയാസ് പറഞ്ഞു.

ഒരു മന്ത്രി എന്ന നിലയിൽ അല്ല, പൗരൻ എന്ന നിലയിലാണ് താൻ അഭിപ്രായം പറഞ്ഞത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ മാത്രം അവിടെ ഇരിക്കുന്നത് ശരിയാണോ? രാഷ്ട്രീയം രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടതെന്നും റിയാസ് കൂട്ടിച്ചേർത്തു.

റിയാസിന് ചില പ്രശ്നങ്ങളുണ്ടെന്നും അതിന് ഡോക്ടറെ കണ്ട് ചികിത്സിക്കുകയാണ് വേണ്ടതെന്നും തന്നെ ഇങ്ങനെ ട്രോളിയിട്ട് കാര്യമില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പേ വേദിയിൽ കയറിയിരുന്ന് മുദ്രാവാക്യം വിളിച്ച രാജീവ് ചന്ദ്രശേഖറിനെതിരെ പരിഹാസവുമായി ആദ്യം രംഗത്തുവന്നത് മന്ത്രി മുഹമ്മദ് റിയാസ് ആയിരുന്നു. മുതിർന്ന മന്ത്രിമാർക്ക് പോലും വേദിയിൽ ഇടംനൽകാതെ ഒരു രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷനെ വേദിയിൽ ഇരുത്തിയ കേന്ദ്രസർക്കാറിന്റെ തീരുമാനത്തിനെതിരെയാണ് മന്ത്രി രംഗത്തു വന്നത്.

റിയാസിന് പിന്നാലെ വി.ടി. ബൽറാമടക്കമുള്ളവരടക്കം വേദിയിൽ നേരത്തേയെത്തി മുദ്രാവാക്യം വിളിക്കുന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷനെതിരെ ഫേസ്ബുക്കിലടക്കം പോസ്റ്റിട്ട് വിമർശനം ഉന്നയിക്കുകയും ചെയ്തു.

Tags:    
News Summary - Minister Riyas responds to rajeev chandrasekhar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.