വിള്ളലടച്ച് യു.ഡി.എഫ്, മാനന്തവാടിയിൽ മൂക്കുകുത്തി വീണ് മന്ത്രി ഒ.ആർ. കേളു

കഴിഞ്ഞ രണ്ടു തവണയായി എൽ.ഡി.എഫ് ജയിച്ചുവെങ്കിലും വോട്ടുകണക്കിൽ ഉറച്ച യു.ഡി.എഫ് മണ്ഡലമാണ് മാനന്തവാടി. കോൺഗ്രസിനുള്ളിലെ കാലുവാരലാണ് ഒ.ആർ. കേളുവെന്ന മുൻ തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റിനെ ഒരർഥത്തിൽ കേരളത്തിന്റെ മന്ത്രിക്കസേരയിൽ വരെ കൊണ്ടിരുത്തിയത്. 2016ലും 2021ലും കേളു ജയിച്ചത് എതിരാളികളുടെ വോട്ടുബാങ്കിലെ വിള്ളൽ മുതലെടുത്തായിരുന്നു. ഇക്കുറി, പക്ഷേ യു.ഡി.എഫ് രണ്ടും കൽപിച്ചായിരുന്നു. വോട്ടു ചോരുന്ന വഴികൾ കൊട്ടിയടച്ചാണ് ഉഷ വിജയനെ അവർ ഉയർത്തിക്കാട്ടിയത്. സമീപകാലത്തൊന്നും ദൃശ്യമാകാത്ത രീതിയിൽ ഐക്യമുന്നണി പേരിനൊത്ത ഒരുമ കാട്ടിയപ്പോൾ എൽ.ഡി.എഫിനും കേളുവിനും അടിപതറി.

കമ്യൂണിസ്റ്റ് സർക്കാരിന്റെ ഭാഗമാകുന്ന വയനാട്ടിൽ നിന്നുള്ള ആദ്യ മന്ത്രിയെന്ന പരിവേഷവുമായാണ് ഇക്കുറി ഒ.ആർ. കേളു പോരിനിറങ്ങിയത്. കമ്യൂണിസ്റ്റ് സർക്കാറുകൾ കേരളത്തിൽ പല തവണ അധികാരത്തിൽ വന്നിട്ടും കേളുവിന് മുമ്പ് ഒരിക്കൽപോലും വയനാട്ടിൽനിന്ന് മന്ത്രിയുണ്ടായിരുന്നില്ല. എന്നാൽ, മന്ത്രിയെന്ന മഹിമയോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ആദ്യാവസരത്തിൽ പരാജയം നേരിടേണ്ടിവന്നത് കേളുവിനും സി.പി.എമ്മിനും കനത്ത തിരിച്ചടിയായി. 2021ൽ 9282 വോട്ടിന്റെ ഭൂരിപക്ഷവുമായാണ് ഒ.ആർ. കേളു മാനന്തവാടിയിൽനിന്ന് ജയിച്ചുകയറിയത്. ആദിവാസി ക്ഷേമസമിതി സംസ്ഥാന പ്രസിഡൻറും സി.പി.എം വയനാട് ജില്ല കമ്മിറ്റിയംഗവുമായ കേളു കോൺഗ്രസിലെ മുൻമന്ത്രി പി.കെ. ജയലക്ഷ്മിയെയാണ് 2016ലും തോൽപിച്ചത്. കെ. രാധാകൃഷ്ണൻ രാജിവെച്ച ഒഴിവിലാണ് മന്ത്രിപദത്തിലേറിയത്.

ബി.ജെ.പിക്ക് മോശമല്ലാത്ത വോട്ടുകളുള്ള മണ്ഡലം കൂടിയാണ് മാനന്തവാടി. കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർഥി പള്ളിയറ മുകുന്ദൻ 13,142 വോട്ടുകൾ നേടിയിരുന്നു. ജില്ലയിൽ ഒട്ടേറെ പട്ടിക വർഗ നേതാക്കൾ ഉണ്ടായിരിക്കേ, ഇടുക്കി സ്വദേശിയായ ശ്യാംരാജിനെ മാനന്തവാടിയിൽ സ്ഥാനാർഥിയാക്കിയത് വിവാദമായിരുന്നു. ‘ഡീലി’ന്റെ ഭാഗമാണ് ഇതെന്ന് യു.ഡി.എഫ് ആരോപണമുന്നയിക്കുകയും ചെയ്തു.

മന്ത്രിയായിട്ടും മണ്ഡലത്തിലെ അടിസ്ഥാന പ്രശ്നങ്ങൾ അവഗണിച്ചുവെന്നതാണ് കേളുവിനെതിരെ യു.ഡി.എഫ് ആയുധമാക്കിയത്. മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. പത്തു വർഷം മുമ്പാണ് വയനാട്ടിൽ മെഡിക്കൽ കോളജ് പ്രഖ്യാപിച്ചത്. കേളുവിന്റെ മണ്ഡലത്തിലെ മാനന്തവാടി ജില്ല ആശുപത്രി, മെഡിക്കൽ കോളജ് ആക്കി മാറ്റിയെങ്കിലും ചികിത്സാ സൗകര്യങ്ങളിൽ പുരോഗതി ഒട്ടുമില്ലാത്തത് വലിയ ചർച്ചയായി. ഭരണ വിരുദ്ധ വികാരം ശക്തമായ തെരഞ്ഞെടുപ്പിൽ ചുരം ബദൽ പാത, രാത്രിയാത്രാ നിരോധനം, വന്യമൃഗ ആക്രമണം, കൃഷി നാശം തുടങ്ങി ഒട്ടനവധി ദുരിതങ്ങൾ വയനാടിന് നിരത്താനുണ്ടായിരുന്നു.

Tags:    
News Summary - Minister O.R. Kelu lose in Mananthavady

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.