തനിക്കെതിരെ പല പാർട്ടികളിൽപ്പെട്ട സംഘം പ്രവർത്തിക്കുന്നു; പേഴ്സണൽ സ്റ്റാഫിനെയോ ഭാര്യയെയോ അപമാനിച്ചിട്ടില്ലെന്ന് ജി. സുധാകരൻ

ആലപ്പുഴ: പേഴ്സണൽ സ്റ്റാഫിനെയും ഭാര്യയെയും അപമാനിച്ചെന്ന ആരോപണത്തിന് മറുപടിയുമായി മന്ത്രി ജി. സുധാകരൻ. പേഴ്സണൽ സ്റ്റാഫിനെയോ ഭാര്യയെയോ അപമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. വസ്തുതാ വിരുദ്ധമായ ആരോപണമാണിത്. തനിക്കെതിരെ പല പാർട്ടികളിൽപ്പെട്ട സംഘം പ്രവർത്തിക്കുന്നുണ്ട്. തനിക്കെതിരെ പേഴ്സണൽ സ്റ്റാഫിനെയും ഭാര്യയെയും ഉപയോഗിക്കുകയാണെന്നും ജി. സുധാകരൻ പറഞ്ഞു.

പേഴ്സൽ സ്റ്റാഫിന്‍റെ ഭാര്യയെയോ എനിക്ക് അറിയില്ല. ഏഴ് മാസം ജോലി ചെയ്ത പേഴ്സൽ സ്റ്റാഫ്, ഒാഫീസിൽ ഹാജരായില്ലെന്ന് രേഖകളിൽ നിന്ന് മനസിലായി. ഇതേതുടർന്ന് പേഴ്സണൽ സ്റ്റാഫിൽ അദ്ദേഹത്തെ ഒഴിവാക്കി. ഇഷ്ടമുള്ളവരെ നിയമിക്കാനും ഒഴിവാക്കാനും മന്ത്രിക്ക് സ്വാതന്ത്ര്യമുണ്ടെന്നും ജി. സുധാകരൻ പറഞ്ഞു.

തനിക്കെതിരെ ക്രിമിനൽ കുറ്റം ആരോപിക്കുന്ന സംഭവത്തിൽ ക്രൈംബ്രാഞ്ചിൽ പരാതി നൽകാൻ സാധിക്കും. എന്നാൽ, താൻ ഒരു നടപടിയും സ്വീകരിക്കില്ല. രാഷ്ട്രീയ എതിരാളിയെ ഒരിക്കൽ പോലും ജയിലിലിടാൻ ശ്രമിച്ചിട്ടില്ലെന്നും ജി. സുധാകരൻ ചൂണ്ടിക്കാട്ടി. ഷാനിമോൾ ഉസ്മാൻ എം.എൽ.എയെ കുറിച്ച് മോശമായി പറഞ്ഞിട്ടില്ല. കായംകുളം എം.എൽ.എയെ കുറിച്ച് ഒരുകാലത്തും പോസ്റ്റ് ഇട്ടിട്ടില്ല. 2016ൽ എന്നെ ആക്ഷേപിക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ടെന്നും ജി. സുധാകരൻ വ്യക്തമാക്കി.

സംശുദ്ധ രാഷ്ട്രീയത്തെ തകർക്കാനാണ് ശ്രമിക്കുന്നത്. അഴിമതി രാഷ്ട്രീയം വളരാൻ അനുവദിക്കരുത്. ഒരു പണിയും എടുക്കാതെ പല പാർട്ടിയിലും പ്രവർത്തിച്ച് പണം ഉണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നത്. രാഷ്ട്രീയത്തിലെ ക്രിമിനൽവൽകരണത്തെ കുറിച്ച് സി.പി.എമ്മിൽ രേഖകളുണ്ട്. രാഷ്ട്രീയത്തിലെ ക്രിമിനൽവൽകരണം ബൂർഷാ സമൂഹത്തിന്‍റെ സൃഷ്ടിയാണ്.

പണം ഉപയോഗിച്ച് എന്തും ചെയ്യാം എന്നതാണ് മുതലാളിത്ത സംസ്കാരം. അതിന് ഇരകളാകാൻ കമ്യൂണിസ്റ്റുകൾ പാടില്ലെന്ന ജാഗ്രതയാണ് രേഖകളിൽ പറ‍യുന്നത്. ഇക്കാര്യം കേൾക്കുമ്പോൾ പാർട്ടി രേഖ വായിക്കാത്തവരാണ് ഞെട്ടുന്നത്. ഞാൻ യഥാർഥ കമ്യൂണിസ്റ്റ് ആണ്. പാർട്ടിയെ കുറിച്ച് പഠിച്ചിട്ടുണ്ട്. പഠിക്കാതെ തന്നെ മുകളിൽ നിന്ന് കെട്ടിയിറക്കിയതല്ലെന്നും ജി. സുധാകരൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Minister G Sudhakaran said that the personal staff member and his wife were not insulted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.