സംസ്ഥാനത്ത് പാല്‍ക്ഷാമം രൂക്ഷം; മില്‍മയുടെ ആഭ്യന്തര സംഭരണം കുറയുന്നു

കോഴിക്കോട്: കൊടിയ വേനലും വരള്‍ച്ചയും വരുന്നതിനു മുമ്പേ സംസ്ഥാനത്ത് പാല്‍ക്ഷാമം രൂക്ഷമാകുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മില്‍മയില്‍ ദിനംപ്രതി 75,000 ലിറ്ററിന്‍െറ ഇടിവാണ് രേഖപ്പെടുത്തിയത്.  ആഭ്യന്തര സംഭരണം കുറഞ്ഞ് വില്‍പന കൂടിയ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ പ്രതിസന്ധി ഇരട്ടിയാകാനാണ് സാധ്യത. മില്‍മയുടെ വില്‍പനയില്‍ പ്രതിദിനം 35,000 ലിറ്ററാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടിയത്. ക്ഷീര സഹകരണ സംഘങ്ങളിലും പാല്‍ സംഭരണം കുറഞ്ഞു തുടങ്ങി. പച്ചപ്പുല്ല് കിട്ടാനില്ലാത്തതും കറവപ്പശുക്കളില്‍ ജലാംശം കുറഞ്ഞതും പശുപരിപാലനം നഷ്ടത്തിലാകുന്നതുമാണ് പാല്‍ വിപണിയെ തളര്‍ത്തിയത്. കടുത്ത വേനലിലേക്ക് പ്രവേശിക്കുമ്പോള്‍ പാല്‍ക്ഷാമം പരിഹരിക്കാന്‍ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ് മില്‍മ. 

ജനുവരി മുതല്‍ മേയ് വരെ സാധാരണ പാല്‍ ഉല്‍പാദനത്തില്‍ കുറവ് വരാറുണ്ടെങ്കിലും ഇപ്രാവശ്യം ജനുവരിയില്‍തന്നെ പ്രതീക്ഷിച്ചതിലും വലിയ കുറവാണ് മില്‍മയുടെ സംഭരണത്തിലുണ്ടായത്.  2016 ജനുവരിയില്‍ ശരാശരി 11.32 ലക്ഷം ലിറ്റര്‍ സംഭരണമാണ് മില്‍മക്കുണ്ടായിരുന്നത്. എന്നാല്‍, 2017 ജനുവരിയിലെ കണക്കു പ്രകാരം 10.57 ലക്ഷം ലിറ്റര്‍ പാല്‍ മത്രമേ മില്‍മയില്‍ സംഭരണത്തിനത്തെിയിട്ടുള്ളൂ. 75,000 ലിറ്ററിന്‍െറ കുറവാണുണ്ടായത്. മലബാര്‍ മേഖലയില്‍ പ്രതിദിനം 61,000 ലിറ്ററും എറണാകുളം മേഖലയില്‍ 22,000 ലിറ്ററുമാണ് സംഭരണത്തില്‍ കുറവ് വന്നത്. 

എന്നാല്‍, തിരുവനന്തപുരം മേഖലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8,000 ലിറ്റര്‍ അധികമായത്തെി. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വില്‍പന കൂടുകയാണ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 12.67 ലക്ഷം ലിറ്ററാണ് വില്‍പന നടന്നിരുന്നതെങ്കില്‍ ഇപ്പോഴത് 13.02 ലക്ഷം ലിറ്ററായാണ് വര്‍ധിച്ചത്. പ്രതിദിനം 3.5 ലക്ഷം ലിറ്റര്‍ പാലിന് മില്‍മ അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ്. 

വരും മാസങ്ങളില്‍ കര്‍ണാടകയില്‍നിന്ന് ലഭിക്കുന്ന പാലിന്‍െറ വരവ് കുറയുമെന്നതിനാല്‍ സംസ്ഥാനം രൂക്ഷമായ പാല്‍ക്ഷാമത്തെ നേരിടുമെന്ന് മില്‍മ സീനിയര്‍ മാര്‍ക്കറ്റിങ് മാനേജര്‍ കെ.ജി. സതീഷ് പറഞ്ഞു. പൊതുവേ സംഭരണം കുറയാത്ത മലബാര്‍ മേഖലയില്‍പോലും ഇക്കുറി പുറമെനിന്ന് പാല്‍ ഇറക്കേണ്ട സ്ഥിതിയാണെന്ന് മില്‍മ മലബാര്‍ മേഖല മാനേജിങ് ഡയറക്ടര്‍ കെ.ടി. തോമസ് പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി കര്‍ണാടക ഡെയറി ഫെഡറേഷനില്‍നിന്ന് മലബാര്‍ മേഖലയിലേക്ക് പാലത്തെിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - milk shortage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.