ബാബു ഭക്ഷ്യ കിറ്റ് കൈമാറുന്നു

'ഒരു കുടുംബത്തിനുള്ള സഹായം ഞാനും ചെയ്യാം ചേട്ടാ'; ജോലി നൽകിയ നാടിന് സഹായവുമായി ബാബുവെത്തി

ആലുവ: കോവിഡ് മഹാമാരിയും ലോക്ഡൗണും മൂലം കേരളത്തിലെ നിരവധി കുടുംബങ്ങൾ പ്രയാസം അനുഭവിക്കുമ്പോൾ അതിലൊരു കുടുംബത്തിന് കൈത്താങ്ങാകുകയാണ് ബംഗാൾ സ്വദേശിയായ ഇതരസംസ്ഥാന തൊഴിലാളി. 11 വർഷത്തോളമായി കുട്ടമശ്ശേരിയിൽ താമസിക്കുന്ന കൊൽക്കത്ത മൂർഷിദാബാദ് സ്വദേശി ബാബു എന്ന റഫീഖുൽ സ്വഹയാണ് തന്നെക്കൊണ്ടാവുന്ന സഹായവുമായി മുന്നോട്ടുവന്നത്.

കെട്ടിട നിർമാണ കരാറുകാരനായിരുന്ന ബാബു കോവിഡ് മൂലം പണി കുറഞ്ഞതോടെ കൂലി പണിയെടുത്താണ് ഇപ്പോൾ കഴിയുന്നത്. എന്നാൽ, അന്നം നൽകുന്ന നാടിന് പ്രയാസമുണ്ടായപ്പോൾ അതിനൊപ്പം നിൽക്കാൻ ബാബു തയാറായി.

ക്ഷേമം അന്വേഷിച്ച് താമസസ്ഥലത്ത് ചെന്ന പൊതുപ്രവർത്തകൻ സുനീർ പാലക്കലിനോട് ഒരു കുടുംബത്തിനുള്ള സഹായം താൻ നൽകാമെന്ന് ബാബു പറയുകയായിരുന്നു. ഇതനുസരിച്ച് സുനീർ നിർദേശിച്ച പ്രകാരം പ്രയാസമനുഭവിക്കുന്ന കുടുംബത്തിന് 1100 രൂപ വിലയുള്ള ഭക്ഷ്യ കിറ്റാണ് ബാബു എത്തിച്ച് നൽകിയത്.

റമദാൻ മാസങ്ങളിൽ പള്ളികളിൽ സമൂഹ നോമ്പുതുറ ഉൾപ്പടെയുള്ള സൽകർമ്മങ്ങൾ ചെയ്ത വ്യക്തിയാണ് ബാബുവെന്ന് സുനീർ പറഞ്ഞു. ഇനിയും തനിക്കാവുന്ന സഹായങ്ങൾ നൽകുമെന്ന് ബാബു പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.