കോട്ടയം: മഴയും മണ്ണിടിച്ചിലും ഉരുൾപൊട്ടലും കനത്തതോടെ മധ്യകേരളം വീണ്ടും പ്രളയഭീതിയിൽ. ദിവസങ്ങളായി തുടരുന്ന പേമാരിയും മണ്ണിടിച്ചിലും ഉരുൾപൊട്ടലും മധ്യകേരളത്തിലെ മലയോര-പടിഞ്ഞാറൻ മേഖലകളെ പൂർണമായും ഒറ്റപ്പെടുത്തിയപ്പോൾ കോട്ടയം-പത്തനംതിട്ട-ഇടുക്കി-ആലപ്പുഴ ജില്ലകളിൽ ജനജീവിതം ദുരിതത്തിലായി. പലയിടത്തും കാര്യങ്ങൾ സുരക്ഷിതമല്ല. ജനങ്ങളോട് അതിജാഗ്രത പുലർത്താനാണ് മുന്നറിയിപ്പ്. ഇരച്ചുകയറിയ വെള്ളത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ രക്ഷപ്രവർത്തകർക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല.
നാല് ജില്ലകളിലെ പത്തോളം താലൂക്കുകളിലാണ് ദുരിതമേറെ. മൂന്നുദിവസത്തിനിടെ തുടർച്ചയായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും കോട്ടയം-ഇടുക്കി ജില്ലകളിലെ നിരവധി പേരുടെ ജീവൻ അപഹരിച്ചു. കോടികളുടെ കാർഷിക വിളകളും ഇല്ലാതാക്കി. ഒാണത്തിനായി തയാറാക്കിയ പച്ചക്കറി കൃഷിക്കു പുറമെ റബറും ഏലവും കുരുമുളകും വ്യാപകമായി നശിച്ചു. റബർ മേഖലക്കുണ്ടായ നഷ്ടം കോടികളുടേതാണ്. കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും ആയിരക്കണക്കിന് ഏക്കർ നെൽകൃഷി നശിച്ചു. റോഡുകളും വ്യാപകമായി തകർന്നു. വിനോദസഞ്ചാര മേഖലകൾ തകർന്നടിഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കി. കുട്ടനാടും കുമരകവും മൂന്നാറും ഇടുക്കിയും ഒറ്റപ്പെട്ടപ്പോൾ നഷ്ടം കോടികളുടേതാണ്. ആയിരക്കണക്കിന് ബുക്കിങ് റദ്ദാക്കിയിട്ടുണ്ട്.
ഡാമുകൾ ഒന്നിച്ചുതുറന്നുവിട്ടതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. മധ്യകേരളത്തിലെ പ്രധാന നദികളായ മീനച്ചിലും പമ്പയും മണിമലയും അച്ചൻകോവിലും മൂവാറ്റുപുഴയും കരകവിഞ്ഞതോടെ കോട്ടയവും പത്തനംതിട്ടയും ഇടുക്കിയും കുട്ടനാടും പ്രളയക്കെടുതിയിലായി. മീനച്ചിലും പമ്പയും പെരിയാറും കോട്ടയം-ഇടുക്കി ജില്ലകളിലെ കാർഷിക സമ്പത്തിെൻറ വേരറുത്തു. പമ്പ കരകവിഞ്ഞപ്പോൾ കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളായ പമ്പാവാലിയും ഇടകടത്തിയും അടക്കം പത്തോളം കാർഷിക മേഖലകൾ തകർന്നടിഞ്ഞു. റാന്നിയും കോഴഞ്ചേരിയും ആറന്മുളയും മുങ്ങി. കൃഷിനാശം ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല.
പതിനായിരത്തോളം കുടുംബങ്ങളാണ് വഴിയാധാരമായത്. ആയിരക്കണക്കിന് വീടുകൾ വെള്ളത്തിലാണ്. എരുമേലി-പമ്പ-ശബരിമല, കൊച്ചി-ധനുഷ്േകാടി, കോട്ടയം-കുമളി, ചങ്ങനാശ്ശേരി-ആലപ്പുഴയടക്കം പ്രധാന റോഡുകൾ ഗതാഗതയോഗ്യമല്ലാതായി. സംസ്ഥാന പാതകൾ 200-300 കിലോമീറ്റർവരെ തകർന്നെന്നാണ് പ്രാഥമിക കണക്ക്. കോട്ടയം-എരുമേലി പാതയിൽ 26ാംമൈലിൽ പലയിടത്തും റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടു. നിരവധി പാലങ്ങളും ഒലിച്ചുപോയി.
നിറപുത്തിരി ആഘോഷത്തിന് ശബരിമല നടതുറന്നെങ്കിലും തീർഥാടകർ പ്രതിസന്ധിയിലായി. പമ്പയിൽ ഇപ്പോഴും ജലവിതാനം താഴ്ന്നിട്ടില്ല. മീനച്ചിൽ കരകവിഞ്ഞതോടെ അടുക്കം-തീക്കോയി-ഇൗരാറ്റുപേട്ട-പാലയടക്കം ഒേട്ടറെ പ്രദേശങ്ങൾ വെള്ളത്തിലാണ്. പാലായും സമീപങ്ങളും കോട്ടയവും സമീപ മേഖലകളായ ഇല്ലിക്കലും താഴത്തങ്ങാടിയും കുമരകവുമെല്ലാം വെള്ളത്തിലാണ്. രണ്ടാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് മഴ ഇൗമേഖലകളെ ദുരിതത്തിലാക്കുന്നത്. പമ്പയും മണിമലയും കവിഞ്ഞപ്പോൾ പത്തനംതിട്ടയുടെ പടിഞ്ഞാറൻ മേഖലകളും വെള്ളത്തിലായി. തിരുവല്ലയടക്കം പലപ്രദേശങ്ങളും ഒറ്റപ്പെട്ടു. ചെങ്ങന്നൂർ-കുട്ടനാട് താലൂക്കുകൾ വെള്ളത്തിലാണ്. ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും മഴ കനക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.