കേരളത്തിലെ ഒരു 'ഗാസ' മുനമ്പാണ് കിഴക്കൻ അട്ടപ്പാടിയെന്ന് എം. ഗീതാനന്ദൻ

കോഴിക്കോട്: കേരളത്തിലെ ഒരു 'ഗാസ' മുനമ്പാണ് കിഴക്കൻ അട്ടപ്പാടിയെന്ന് ഗോത്രസഭ നേതാവ് എം. ഗീതാനന്ദൻ. ഭരണകൂട പിന്തുണയോടെ നടക്കുന്ന വംശീയമായ തുടച്ചുനീക്കലാണ് ഗാസയിലെ പോലെ അട്ടപ്പാടിയിലെ ആദിവാസികൾ നേരിടുന്നത്. അട്ടപ്പാടി ആദിവാസി ഭൂമി കൈയേറ്റത്തിൽ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. ആദിവാസികൾ നൽകിയ പരാതികളെല്ലാം റവന്യൂ വകുപ്പ് ഭൂമാഫിയ സംഘത്തിന്റെ താൽപര്യ അനുസരിച്ച് ചവറ്റുകൊട്ടിയിലേക്ക് തള്ളുകയാണ്. അതിനാലാണ് കെ.കെ. രമ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ വസ്തുതാന്വേഷണ സംഘം 13ന് അട്ടപ്പാടി സന്ദർശിക്കുന്നത്.

അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമിയില്‍ വന്‍കിട ഭൂമാഫിയകള്‍ കൈയേറ്റം നടത്തുന്നതിന്‍റെ വാര്‍ത്തകള്‍ ദിനംപ്രതി പുറത്തി വന്നിട്ടും സർക്കാർ ഇടപെടലുണ്ടാവുന്നില്ല. കൈയേറ്റം അതിവിപുലമാണെങ്കിലും സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. സ്വാതന്ത്ര്യാനന്തര കേരളത്തില്‍ നഷ്ടപ്പെട്ട ആദിവാസിഭൂമി തിരിച്ചെടുക്കാനും ക്രമപ്പെടുത്താനും രൂപം നല്‍കിയ 1975 ലെ നിയമം ചര്‍ച്ച ചെയ്യപ്പെട്ട രണ്ട് ദശകം മുമ്പുള്ള സാഹചര്യമല്ല അട്ടപ്പാടിയില്‍ നിലനില്‍ക്കുന്നത്.

1975ലെ നിയമമനുസരിച്ച് ടി,എൽ.എ കേസുകളിൽ ആദിവാസികള്‍ക്ക് ഭൂമി തിരിച്ചു ഒറ്റപ്പാലം ആർ.ഡി.ഒ ഉത്തരവിട്ടിരുന്നു. എന്നാൽ ആ ഉത്തരവുകളെല്ലാം 1999 ലെ ഭേദഗതി നിയമത്തിലൂടെ അട്ടിമറിച്ചു. ആ തിരിച്ചടിയില്‍ നിന്നും ആദിവാസികള്‍ ഇപ്പോഴും മോചിതരായിട്ടില്ല. ഇപ്പോള്‍ കൈയേറ്റക്കാര്‍ അവശേഷിക്കുന്ന മുഴുവന്‍ ഭൂമിയും പിടിച്ചെടുക്കാനുള്ള അപ്രഖ്യാപിതമായ യുദ്ധമാണ് അട്ടപ്പാടിയില്‍ നടത്തുന്നത്.

ആദിവാസികളുടെ പാരമ്പര്യഭൂമിയില്‍ അവരറിയാതെ വ്യാജമായ നിരവധി രജിസ്ട്രേഷനുകള്‍ നടക്കുന്നു. 1999 ല്‍ പട്ടയം കൊടുത്തഭൂമിയിലും, ചെങ്ങറക്കാര്‍ക്ക് പട്ടം കൊടുത്ത ഭൂമിയിലും വ്യാജ ആാധാരങ്ങള്‍ നടന്നിരിക്കുന്നു. രജിസ്ട്രേഷന്‍, റവന്യൂ, സർവേ, പൊലീസ്, പട്ടികവർഗ വകുപ്പുകളും മറ്റ് എല്ലാ സംവിധാനങ്ങളെയും കൈയേറ്റക്കാർക്ക് ഒപ്പമാണ്. ഇവർ നൂറുകണക്കിന് ആധാരങ്ങള്‍ വ്യാജമായി നിർമിച്ചതായി ആദിവാസികൾ പറയുന്നു. റവന്യൂ വിജിലന്‍സ് റിപ്പോര്‍ട്ട് ഇത്തരം കേസുകള്‍ കണ്ടെത്തിയിട്ടും തുടര്‍ നടപടി ഉണ്ടാകുന്നില്ല.

ഈ സാഹചര്യത്തിലാണ് അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും, 'പെസ' നിയമം പോലുള്ള ആദിവാസി ഭൂസംരക്ഷണ നിയമം നടപ്പാക്കണമെന്നും, മാധ്യമപ്രവര്‍ത്തകര്‍ക്കും, പൊതുപ്രര്‍ത്തകര്‍ക്കും എതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒക്ടോബര്‍ 27 ന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കല്‍ സത്യാഗ്രഹം നടത്തിയത്. തുടര്‍ന്ന് നടന്ന കണ്‍വെന്‍ഷനിൽ ഒരു വസ്തുതാന്വേഷണ സംഘം അട്ടപ്പാടി സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു.

കെ.കെ. രമ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ജനാധിപത്യ കേരളത്തെ പ്രതിനിധീകരിച്ച് ആദിവാസി-ദലിത് പ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍, സ്ത്രീ വിമോചന സംഘടനാ പ്രതിനിധികള്‍, ആര്‍.എം.പി., സി.പി.ഐ- എം.എല്‍ (റെഡ്സ്റ്റാര്‍) തുടങ്ങിയ പാര്‍ട്ടികളുടെ സംസ്ഥാന നേതാക്കള്‍ 13 ന് അട്ടപ്പാടിയിലെ കൈയേറ്റ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികളായ എം. ഗീതാനന്ദന്‍, സി.എസ്. മുരളി, കെ.മായാണ്ടി തുടങ്ങിയവർ അറിയിച്ചു. 

Tags:    
News Summary - M.Geethanandan says that Eastern Attapadi is a 'Gaza' cape in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.