100 ടൺ സവാള വിപണിയിലെത്തിക്കും, 35 രൂപക്ക് ജനങ്ങൾക്ക് വിൽക്കും; വില നിയന്ത്രിക്കാൻ ഇടപെടലുമായി സർക്കാർ
തിരുവനന്തപുരം: സവാള വിലവർധന നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ. വിപണിയെ അതിന്റെ വഴിക്ക് വിടില്ലെന്നും ക്രമാതീതമായ വിലവർധന നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ ഇടപെടലുകളും സർക്കാർ നടത്തുമെന്നും കൃഷി മന്ത്രി അഡ്വ. ടി. സിദ്ദീഖ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി നാഷനൽ കോ-ഓപറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻ.സി.സി.എഫ്) വഴി 100 ടൺ സവാള സംഭരിച്ച് വിപണിയിലെത്തിക്കും. ആദ്യഘട്ടമായി 30 ടൺ സവാളക്കുള്ള ഓർഡർ നൽകി.
സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി കിലോയ്ക്ക് 35 രൂപ നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കും. സവാള വിലവർധനയുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ വിവിധ വിപണികളിൽ സവാള വില ഗണ്യമായി ഉയർന്ന സാഹചര്യത്തിൽ കൃഷി മന്ത്രിയുടെയും ഭക്ഷ്യ–പൊതുവിതരണ മന്ത്രി അനൂപ് ജേക്കബിന്റെയും നേതൃത്വത്തിൽ സെക്രട്ടേറിയറ്റിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് അടിയന്തര വിപണി ഇടപെടലിന് തീരുമാനമായത്. കൊല്ലങ്കോട്, കായംകുളം, ചാല, നോർത്ത് പറവൂർ തുടങ്ങിയ വിപണികളിൽ സവാളയുടെ മൊത്തവ്യാപാര വില കിലോയ്ക്ക് 58 രൂപ മുതൽ 80 രൂപ വരെ ഉയർന്ന സാഹചര്യത്തിൽ ഇത്തരം വിപണികൾക്ക് ആദ്യഘട്ടത്തിൽ മുൻഗണന നൽകും. തുടർന്ന് മറ്റ് പ്രദേശങ്ങളിലേക്കും ഇടപെടൽ വ്യാപിപ്പിക്കും.
നാസിക്, കർണാടക ഉൾപ്പെടെയുള്ള പ്രധാന ഉൽപാദന കേന്ദ്രങ്ങളിലെ വിലവർധന, മൊത്തവ്യാപാരികളുടെ സംഭരണം, കർഷകരിൽനിന്ന് ആവശ്യത്തിന് സവാള വിപണിയിലെത്താത്ത സാഹചര്യം എന്നിവ നിലവിലെ വിലവർധനക്ക് കാരണമായതായി മന്ത്രി പറഞ്ഞു. ആവശ്യാനുസരണം കൂടുതൽ സവാള വിപണിയിലെത്തിക്കുമെന്നും ഇതിനായി പണം തടസ്സമാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ഹോർട്ടികോർപ്പും സപ്ലൈകോയും സംയുക്തമായാണ് വിതരണം ഏകോപിപ്പിക്കുക. ഹോർട്ടികോർപ്പിന്റെ മൊബൈൽ ഔട്ട്‌ലെറ്റുകളും വിൽപനക്കായി പ്രയോജനപ്പെടുത്തും. സംഭരിക്കുന്ന സവാള നശിച്ചുപോകാതിരിക്കാൻ വാഴക്കുളത്തെ കൃഷിവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോൾഡ് സ്റ്റോറേജ് ഉൾപ്പെടെയുള്ള സംഭരണ സൗകര്യങ്ങൾ സജ്ജമാക്കും. വിപണിയിലെ വിലയും ലഭ്യതയും നിരന്തരം നിരീക്ഷിച്ച് ആവശ്യമായ തുടർ ഇടപെടലുകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ ഓണക്കാലത്ത് പച്ചക്കറി വില നിയന്ത്രിക്കുന്നതിനായി കൃഷിവകുപ്പ്, ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ. എന്നിവയുടെ നേതൃത്വത്തിൽ സംസ്ഥാനത്താകെ 2,000 പച്ചക്കറി ചന്തകൾ നടത്തിയിരുന്നു. വിപണി ഇടപെടലിലൂടെ പച്ചക്കറി വിലയിൽ 38 ശതമാനം വരെ കുറവ് വരുത്താൻ കഴിഞ്ഞതായി മന്ത്രി ചൂണ്ടിക്കാട്ടി. സാധാരണയായി ഓണത്തിന് ശേഷം വില കുറയുന്ന സാഹചര്യമാണുള്ളതെങ്കിലും ഇത്തവണ പ്രധാന ഉൽപാദന കേന്ദ്രങ്ങളിൽ പോലും വില ഉയർന്നുനിൽക്കുന്നതിനാലാണ് സർക്കാർ അടിയന്തര ഇടപെടലിലേക്ക് കടന്നതെന്നും മന്ത്രി പറഞ്ഞു. പ്രളയബാധിത കർഷകർക്ക് ആവശ്യമായ സഹായം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സർക്കാർ ഊർജിതമായി മുന്നോട്ടുകൊണ്ടുപോകുകയാണെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി. പ്രളയബാധയുടെ സ്വഭാവവും വ്യാപ്തിയും സംബന്ധിച്ച KSDMA നോട്ടിഫിക്കേഷൻ പുറത്തുവന്നശേഷം തുടർ സാമ്പത്തിക സഹായ നടപടികളിലേക്ക് കടക്കും.
വിളനാശത്തിന്റെ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയതായും നിലവിൽ ഫിസിക്കൽ വെരിഫിക്കേഷനായി പ്രത്യേക ഡ്രൈവ് നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. പരിശോധനയിലൂടെ നഷ്ടത്തിന്റെ തോത് നിർണയിച്ചശേഷം അർഹരായ കർഷകർക്ക് വിള ഇൻഷുറൻസ്, പ്രകൃതിക്ഷോഭ വിളനാശത്തിനുള്ള സാമ്പത്തിക സഹായം തുടങ്ങിയ വിവിധ പദ്ധതികളിലൂടെ സഹായം ലഭ്യമാക്കും. കർഷകർക്കുണ്ടായ ആസ്തിനഷ്ടവും പരിശോധനയുടെ ഭാഗമായി വിലയിരുത്തിവരികയാണ്.
കുട്ടനാട്ടിൽ പ്രളയത്തിൽ മോട്ടോറുകൾ, മോട്ടോർ ഷെഡുകൾ, അവയുടെ തറകൾ ഉൾപ്പെടെയുള്ള കാർഷിക അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നഷ്ടത്തിന് സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ KSDMAയുമായും ദുരന്തനിവാരണ വകുപ്പുമായും ഏകോപിപ്പിച്ച് സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കമ്മ്യൂണിറ്റി അസറ്റ് ഡെവലപ്മെന്റുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പ്രയോജനപ്പെടുത്തി സഹായം ലഭ്യമാക്കുന്നതിനുള്ള സാധ്യതകളും പരിശോധിച്ചുവരികയാണ്.
കേരളത്തിലെ നാളികേര മേഖലയെ ശക്തിപ്പെടുത്തുന്നതിനായി 500 കോടിയുടെ പ്രത്യേക നാളികേര പുനരുജ്ജീവന പദ്ധതി രൂപവത്കരിക്കാൻ നിർദേശം നൽകിയതായും പദ്ധതി കേന്ദ്രസർക്കാറിന് സമർപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാനുമായും കേന്ദ്ര കൃഷി–കർഷകക്ഷേമ സഹമന്ത്രി രാം നാഥ് ഠാക്കൂറുമായും ഇതുസംബന്ധിച്ച് ചർച്ച നടത്തി കേന്ദ്രത്തിന്റെ പിന്തുണ അഭ്യർഥിച്ചിട്ടുണ്ട്. ലോക നാളികേര ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദേശീയതല ദിനാഘോഷം ഉദ്‌ഘാടനം ചെയ്ത മുഖ്യമന്ത്രിയും ഇക്കാര്യം പ്രത്യേകമായി കേന്ദ്രസർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തി പിന്തുണ അഭ്യർഥിച്ചിട്ടുണ്ട്. നാളികേര മേഖലയുടെ സമഗ്ര വികസനവും മൂല്യവർധനയും ലക്ഷ്യമിട്ട് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ നാളികേര വികസന പാർക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.