നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് പരിശോധനക്ക് അയക്കാമെന്ന് ഹൈകോടതി

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് ഫോറൻസിക് പരിശോധനക്ക് അയക്കാൻ അനുമതി. ശാസ്ത്രീയ പരിശോധന വേണ്ടെന്ന വിചാരണ കോടതി ഉത്തരവ് ഹൈകോടതി റദ്ദാക്കി. രണ്ട് ദിവസത്തിനകം മെമ്മറി കാർഡ് വിചാരണ കോടതി ഫോറൻസിക് ലാബിലേക്ക് പരിശോധനക്ക് അയക്കണമെന്നാണ് ഹൈകോടതി ഉത്തരവിട്ടത്. ഏഴ് ദിവസത്തിനകം പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ഹരജിയിൽ ഹൈകോടതി സിംഗിൾ ബെഞ്ചാണ് വിധി പറഞ്ഞത്.

കോടതിയുടെ പക്കലുണ്ടായിരുന്ന നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതായി നേരത്തെ പരിശോധനയിൽ വ്യക്തമായിരുന്നു. അന്വേഷണ സംഘത്തിന്‍റെയോ കോടതിയുടേയോ അനുമതിയില്ലാതെ മറ്റാരോ ഈ ദൃശ്യങ്ങൾ പരിശോധിച്ചിട്ടുണ്ട്. അതാരാണ് എന്നും ദൃശ്യങ്ങൾ ചോർന്നോ എന്നും പരിശോധിക്കേണ്ടതുണ്ട്. അതിനാൽ ശാസ്ത്രീയ പരിശോധനക്ക് അനുമതി വേണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിച്ചിരുന്നു.

എന്നാൽ, അത്തരത്തിലൊരു പരിശോധന ആവശ്യമില്ലെന്ന നിലപാടിൽ ഈ ഹരജി വിചാരണ കോടതി തള്ളി. ഇതേതുടർന്നാണ് പ്രോസിക്യൂഷൻ ഹൈകോടതിയിൽ എത്തിയത്.

പ്രോസിക്യൂഷന്‍റെ ആവശ്യത്തിനെതിരെ ദിലീപ് ഹൈകോടതിയെ സമീപിച്ചിരുന്നു. കേസിന്‍റെ വിസ്താരം അവസാന ഘട്ടത്തിൽ എത്തി നിൽക്കെ വിചാരണ അട്ടിമറിക്കാനും വൈകിപ്പിക്കാനുമുള്ള പ്രോസിക്യൂഷന്‍റെ ആസൂത്രിത നീക്കമാണിതെന്നായിരുന്നു ദിലീപിന്‍റെ വാദം. എന്നാൽ, തങ്ങൾക്ക് മൂന്നു ദിവസം മാത്രം മതി പരിശോധനക്ക് എന്നായിരുന്നു ഇതിന് പ്രോസിക്യൂഷൻ മറുപടി. ഇതാണ് ഹൈകോടതി ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.

Tags:    
News Summary - memory card can send to forensic test says High Court on Actress assault Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.