മേളവിദ്വാൻ കേളത്ത് അരവിന്ദാക്ഷൻ മാരാർ അന്തരിച്ചു

തൃശൂർ: തൃശൂർ പൂരം ഉൾപ്പെടെ കേരളത്തിലെ പ്രധാന ഉത്സവങ്ങളിൽ നാലര പതിറ്റാണ്ടോളം സാന്നിധ്യമായിരുന്ന മേളവിദ്വാൻ കേളത്ത് അരവിന്ദാക്ഷൻ മാരാർ (82) അന്തരിച്ചു. വാർധക്യാവശതകളെ തുടർന്ന് വിശ്രമത്തിലായിരുന്നു. തൃശൂർ ഒല്ലൂർ എടക്കുന്നി സ്വദേശിയാണ്.

തൃശൂർ പൂരത്തിന് ഇലഞ്ഞിത്തറയിലും പെരുവനം, ആറാട്ടുപുഴ പൂരങ്ങളിലും തൃപ്പൂണിത്തുറ, ഇരിങ്ങാലക്കുട കൂടൽമാണിക്യം ഉത്സവങ്ങളിലുമുൾപ്പെടെ മേളം അവതരിപ്പിച്ചിട്ടുണ്ട്.

2021ലെ തൃശൂർ പൂരത്തിൽ ഇലഞ്ഞിത്തറ മേളത്തിലാണ് അവസാനമായി തൃശൂർ പൂരത്തിൽ പങ്കെടുത്തത്. അച്ഛൻ മാക്കോത്ത് ശങ്കരൻകുട്ടി മാരാരാണ് ഗുരു. പഠന ശേഷം പന്ത്രണ്ടാം വയസിൽ എടക്കുന്നി അമ്പലത്തിൽ നവരാത്രി ദിവസം അരങ്ങേറ്റം കുറിച്ചു. പ്രമാണ്യം വഹിച്ചില്ലെങ്കിലും തൃശൂർ പൂരത്തിലെ അനിഷേധ്യ സാന്നിധ്യമായിരുന്നു. പതിയാരത്ത് കുഞ്ഞൻ മാരാർ പാറമേക്കാവിന്റെ മേളപ്രമാണി ആയ കാലത്താണ് കേളത്ത് അരവിന്ദാക്ഷൻ മാരാർ തൃശൂർ പൂരത്തിൽ അരങ്ങേറ്റം കുറിച്ചത്. 13 വർഷം കൊട്ടിയശേഷം പൂരത്തിൽനിന്ന് പിൻവാങ്ങി.

പിന്നീട് തൃപ്പേക്കുളം അച്യുതമാരാർ തിരുമ്പാടിയുടെ പ്രമാണിയായപ്പോൾ ഒമ്പത് വർഷം വീണ്ടും പൂരത്തിൽ പങ്കാളിയായി. എന്നാൽ പെരുവനം കുട്ടൻ മാരാർ പാറമേക്കാവിൽ മേളത്തിന്റെ നായകത്വം ഏറ്റെടുത്തതോടെ അതിൽ തിരിച്ചെത്തി. ആദ്യം പതിമൂന്ന് വർഷക്കാലം പാറമേക്കാവിലും പിന്നീട് ഒമ്പത് വർഷം തിരുവമ്പാടിയിലും തിരിച്ച് പാറമേക്കാവിൽ തുടർച്ചയായി 23 വർഷവും കൊട്ടി. ഇലഞ്ഞിത്തറയിൽ പെരുവനത്തിന്റെ വലത്ത് സ്ഥിരം സാന്നിധ്യമായിരുന്നു.

കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം, തൃപ്രയാർ വാദ്യകലാ ആസ്വാദക സമിതിയുടെ 2019ലെ ശ്രീരാമപാദ സുവർണമുദ്ര, കലാചാര്യ, വാദ്യമിത്ര, ധന്വന്തരി പുരസ്‌കാരം, പൂർണത്രയീശ പുരസ്‌കാരം, ആറാട്ടുപുഴ ശ്രീശാസ്താ പുരസ്‌കാരം, വാദ്യ വിശാരദൻ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - Melavidwan Kelath Aravindaksha Marar passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.