12 ജില്ലകളിലെ മൂന്ന് ലക്ഷം യുവജനങ്ങളുടെ സംഗമം 23ന്

തിരുവനന്തപുരം: കുടുംബശ്രീയുടെ യുവനിരയായ ഓക്സിലറി ഗ്രൂപ്പിലെ മൂന്നു ലക്ഷം അംഗങ്ങളുടെ സംഗമത്തിന് വേദിയൊരുങ്ങുന്നു. ഡിസംബര്‍ 23ന് സംസ്ഥാനത്തെ എല്ലാ സി.ഡി.എസുകളിലും സംഘടിപ്പിക്കുന്ന ഓക്സോമീറ്റാണ് പുതിയ നാഴികക്കല്ലാവുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് കുടുംബശ്രീ അറിയിച്ചു.

തിരുവനന്തപുരം, എറണാകുളം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഈ മാസം 23ന് ഓക്സിലറി മീറ്റ് നടക്കും. ഈ രണ്ടു ജില്ലകളില്‍ ജനുവരിയിലാകും സംഗമം നടക്കുക. 46 ലക്ഷത്തോളം വരുന്ന നിലവിലുള്ള അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് പുറമേ അഭ്യസ്തവിദ്യരായ യുവതികളെ കൂടി കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കുന്നതിനാണ് രണ്ടു വര്‍ഷം മുമ്പ് ഓക്സിലറി ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കിയത്.

18 മുതല്‍ 40 വരെ പ്രായമുള്ളവരാണ് ഓക്സിലറി ഗ്രൂപ്പില്‍ വരുന്നത്. വിദ്യാസമ്പന്നരും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുമായ യുവതികള്‍ക്ക് കാര്‍ഷികം, സൂക്ഷ്മസംരംഭം, ഐ.ടി, വിനോദ സഞ്ചാരം തുടങ്ങി വിവിധ മേഖലകളില്‍ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനും മറ്റ് ഉപജീവന സാധ്യതകള്‍ കണ്ടെത്തുന്നതിനും സജീവമായ ശ്രമങ്ങള്‍ ഉണ്ടാവും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന സാമൂഹ്യ സംഘടനയായി നവകേരള നിര്‍മിതിയിലും ഇവരുടെ പങ്കാളിത്തം ഉറപ്പാക്കും. ലിംഗപരമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും പ്രാദേശികതലത്തില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ കൂട്ടായ്മയായും ഓക്സിലറി ഗ്രൂപ്പുകളെ വികസിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

ഇതാദ്യമായാണ് ഓക്സിലറി അംഗങ്ങള്‍ക്കു വേണ്ടി വിപുലമായ സംഗമം ഒരുക്കുന്നത്. സാമൂഹ്യ സാമ്പത്തിക വൈജ്ഞാനിക മേഖലകളില്‍ ഉള്‍പ്പെടെ യുവതികളുടെ സമഗ്ര വികസനത്തിനുതകുന്ന വേദിയായി ഓക്സിലറി ഗ്രൂപ്പുകളെ മാറ്റുകയും സംസ്ഥാനത്തുടനീളം പുതിയ ഗ്രൂപ്പുകള്‍ രൂപീകരിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും കുടുംബശ്രീ വ്യക്തമാക്കി.

ഓരോ സി.ഡി.എസിലെയും തെരഞ്ഞെടുത്ത സ്‌കൂളുകളിലാണ് ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ പരിശീലനം ഒരുക്കുന്നത്. രാവിലെ 9.45ന് ക്ലാസുകള്‍ ആരംഭിക്കും. ഓക്സിലറി ഗ്രൂപ്പിന്റെ പ്രാധാന്യം, പ്രവര്‍ത്തനങ്ങള്‍, സാധ്യതകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചു കൊണ്ട് 'വി കാന്‍', 'ലെറ്റ് അസ് ഫ്ളൈ', 'ഉയരങ്ങളിലേക്കുള്ള കാല്‍വയ്പ്പ്', 'മുന്നേറാം-പഠിച്ചും പ്രയോഗിച്ചും' എന്നിങ്ങനെ നാലു വിഷയങ്ങളില്‍ പരിശീലനവും ചര്‍ച്ചയും സംഘടിപ്പിക്കും.

ഓക്സിലറി ഗ്രൂപ്പ് പുനഃസംഘടന, ഭാവി പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച ആസൂത്രണവും ഇതോടൊപ്പം ഉണ്ടാവും. കൂടാതെ ഓക്സിലറി ഗ്രൂപ്പുകളെ വൈജ്ഞാനിക വിഭവ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുന്നതിനുളള ചര്‍ച്ചയും നടത്തും. 1070 സി.ഡി.എസുകളിലെ ഭാരവാഹികള്‍, അധ്യാപകരായി എത്തുന്ന 6,000 ഓക്സിലറി കമ്യൂണിറ്റി ഫാക്കല്‍റ്റി എന്നിവര്‍ക്കുമുള്ള പരിശീലനം ഉള്‍പ്പെടെ ഓക്സോമീറ്റിന്റെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് കുടുംബശ്രീ അറിയിച്ചു.

ഓക്സോമീറ്റിനോടനുബന്ധിച്ച് പുതിയ ഓക്സിലറി ഗ്രൂപ്പുകളും രൂപീകരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വാര്‍ഡുതലത്തില്‍ മൊബിലൈസേഷന്‍ കാമ്പുകള്‍ നടന്നു വരികയാണ്. ഓരോ ഓക്സിലറി ഗ്രൂപ്പിലും അമ്പത് പേര്‍ക്ക് വരെ അംഗങ്ങളാകാം. അമ്പതില്‍ കൂടുതല്‍ അംഗങ്ങള്‍ വരുന്ന സാഹചര്യത്തില്‍ പുതിയ ഗ്രൂപ്പ് രൂപീകരിക്കും. ധനകാര്യം, ഏകോപനം, സാമൂഹ്യ വികസനം, ഉപജീവനം എന്നിവയുടെ ഓരോ പ്രതിനിധിയും ടീം ലീഡറും ഉള്‍പ്പെടെ അഞ്ചു ഭാരവാഹികള്‍ ഒരു ഗ്രൂപ്പില്‍ ഉണ്ടാകുമെന്നും അറിയിച്ചു.

Tags:    
News Summary - Meeting of three lakh youth in 12 districts on 23rd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.