മീശക്ക്​ അക്കാദമി പുരസ്​കാരം; പിണറായി വിജയന്​ ഹിന്ദുക്കളോടുള്ള കലി അടങ്ങിയിട്ടില്ല -കെ.സുരേന്ദ്രൻ

എസ്​.ഹരീഷിന്‍റെ നോവൽ മീശക്ക്​ കേരള സാഹിത്യ അക്കാദമി പുരസ്​കാരം നൽകിയതിൽ പ്രതിഷേധിച്ച്​ ബി.ജെ.പി സംസ്​ഥാന പ്രസിഡന്‍റ്​ കെ.സുരേന്ദ്രൻ. പുരസ്​കാര ദാനം കാണിക്കുന്നത്​ മുഖ്യമന്ത്രി പിണറായി വിജയന്​ ഹിന്ദുക്കളോടുള്ള കലി അടങ്ങിയിട്ടില്ലെന്നാണെന്ന്​ സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. 'ഒരു വിഭാഗത്തെ അധിക്ഷേപിക്കാൻ എഴുതിയ നോവലാണത്​. ശബരിമല വിഷയത്തിൽ ഹിന്ദുക്കളെ വേട്ടയാടിയ പിണറായി വിജയന്‍റെ അതേ പ്രതികാര മനോഭാവം തന്നെയാണ്​ ഈ വിഷയത്തിലും കണ്ടിരിക്കുന്നത്​. ഹിന്ദുക്കളെ അപമാനിക്കാൻ പിണറായി വിജയൻ കരുതിക്കൂട്ടി ചെയ്യുന്ന കാര്യമാണിത്​' -സുരേന്ദ്രൻ പറഞ്ഞു.


സാഹിത്യ അക്കാദമി സി.പി.എമ്മിന്‍റെ ഒരു ഉൾപ്പാർട്ടി സംഘടനയായി മാറിയിരിക്കുകയാണ്​. അർബൻ നക്​സലുകളേയും ദേശവിരുദ്ധരേയും തിരുകി കയറ്റാനുള്ള സ്​ഥലമായി അക്കാദമി മാറിയെന്നും സുരേന്ദ്രൻ പറഞ്ഞു. കേരള സാഹിത്യ അക്കാദമിയുടെ മികച്ച നോവൽ വിഭാഗത്തിലാണ്​ ഹരീഷിന്‍റെ മീശ ഇടംപിടിച്ചത്​. അക്കാദമിയുടെ 2019ലെ വി​ശിഷ്​ടാംഗത്വത്തിന്​ പി. വത്സലയും എൻ.വി.പി. ഉണിത്തിരിയും അർഹരായി. സമഗ്ര സംഭാവന പുരസ്​കാരത്തിന്​ ദലിത്​ ബന്ധു എൻ.കെ. ​ജോസ്​, യു. കലാനാഥൻ, സി.പി. അബൂബക്കർ, റോസ്​ മേരി, പാലക്കീഴ്​ നാരായണൻ, പി. അപ്പുക്കുട്ടൻ എന്നിവർ അർഹരായതായും അക്കാദമി അറിയിച്ചു. കവിത -പി. രാമൻ (രാത്രി പന്തണ്ടരക്ക്​ ഒരു താരാട്ട്​), എം.ആർ. രേണുകുമാർ (കൊതിയൻ), ചെറുകഥ -വിനോയ്​ തോമസ്​ (രാമച്ചി), നാടകം -സജിത മഠത്തിൽ (അരങ്ങിലെ മത്സ്യഗന്ധികൾ) എന്നിവർക്ക​ും പുരസ്​കാരം ലഭിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.