മീനച്ചിൽ റിവർ വാലി പദ്ധതി: 35.70 കോടി രൂപ ചെലവഴിച്ചിട്ടും പ്രവർത്തനം തുടങ്ങിയില്ലെന്ന് റിപ്പോർട്ട്

കോഴിക്കോട്: 1976ൽ ആരംഭിച്ച മീനച്ചിൽ റിവർ വാലി പദ്ധതിക്കുവേണ്ടി (എം.ആർ.വി.പി) സർക്കാർ 35.70 കോടി രൂപ ചെലവഴിച്ചിട്ടും പ്രവർത്തനം തുടങ്ങിയില്ലെന്ന് ധനകാര്യ പരിശോധനാ റിപ്പോർട്ട്. വിവിധ ഓഫീസുകളുടെ പ്രവർത്തനത്തിനായിട്ടാണ് തുക ചെലവഴിച്ചത്. എന്നാൽ, ഈ പദ്ധതിയുടെ പ്രവർത്തനം ഇതുവരെ ആരംഭിച്ചതു പോലുമില്ല. നാളിതുവരെയായും പറയത്തക്ക രീതിയിലുള്ള ഒരു നിർമാണ പ്രവർത്തനവും പൂർത്തിയാക്കിയില്ല. നടന്നത് സാധ്യത പഠനങ്ങളും സർവേയും മാത്രമെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

അതിനാൽ പ്രോജക്ടിലെ മിക്ക ഉദ്യോഗസ്ഥരും വെറുതെയിരിക്കുന്നു ശമ്പളം വാങ്ങുകയാണ്. ഈ സാഹചര്യത്തിൽ ഫലപ്രദമല്ലാതെ ശമ്പളത്തിനും മറ്റും തുക ചെലവഴിക്കുന്നത് ഒഴിവാക്കുന്നതിന് മീനച്ചിൽ റിവർ വാലി പ്രോജക്ടുമായി ബന്ധപ്പെട്ട് നിലവിലുള്ള ഓഫീസുകളുടെ ആവശ്യകത ഭരണ വകുപ്പ് അടിയന്തരമായി പരിശോധിക്കണം. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിനെക്കൊണ്ട് പ്രവൃത്തി പഠനം നടത്തണം. ആവശ്യമില്ലെന്നു കാണുന്ന ഓഫീസുകളുടെ പ്രവർത്തനം നിർത്തലാക്കി ജീവനക്കാരെ പുനർവിന്യസിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ശിപാർശ.

പദ്ധതിയുടെ ഭാഗമായി 1976ൽ കോട്ടയം ഈരാറ്റുപേട്ടയിൽ ഒരു സബ് ഡിവിഷനും മൂന്ന് സെക്ഷനുകളും ആരംഭിച്ചു. തുടർന്ന്, നടത്തിയ സാധ്യതാ പഠനത്തിൽ മൂലമറ്റം പവർ ഹൗസിൽ നിന്നുള്ള ജലം മീനച്ചിൽ പദ്ധതിക്ക് പര്യാപ്തമല്ലെന്നും ടണലിന് 18 കി. മീറ്ററിൽ അധികം നീളം വരുന്നതിനാൽ പകരമായി ചേരിപ്പാട് ഒരു ഡാം നിർമിച്ച് മീനച്ചിൽ ബേസിനിലെ ജലം മാത്രം ഉപയോഗിച്ചുള്ള പദ്ധതി റിപ്പോർട്ട് തയാറാക്കി 1977ൽ സർക്കാരിന് സമർപ്പിച്ചു.

എന്നാൽ, ചേരിപ്പാട് ജനനിബിഡമായ സ്ഥലമായതിനാൽ ജനങ്ങളുടെ ശക്തമായ എതിർപ്പുമൂലവും ഡാം ചേരിപ്പാടിന് പകരം അടുക്കത്ത് നിർമിക്കാമെന്ന് സാധ്യതാ പഠനങ്ങളിൽ ചൂണ്ടിക്കാട്ടി. അടുക്കം ഡാമിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ആവശ്യത്തിനായി 1981ൽ പാലായിൽ ഒരു ഡിവിഷൻ ഓഫീസും രണ്ട് സബ് ഡിവിഷൻ ഓഫീസുകളും ആറ് സെക്ഷൻ ഓഫീസുകളും ആരംഭിച്ചു. സർക്കാറിന്‍റെ നിർദേശാനുസരണം ഈ രണ്ട് ഡാമുകളെക്കുറിച്ച് ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിൽ നടത്തിയ വിശദ പഠനത്തിൽ കൂടുതൽ അനുയോജ്യം അടുക്കും ഡാമാണെന്ന് കണ്ടെത്തി. അതിന്‍റെ അടിസ്ഥാനത്തിൽ വിശദ പ്രോജക്ട് റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചു. സർക്കാറിൽ നിന്ന് ഡാമിന്റെ പ്രാരംഭ നടപടികൾക്കായി 1984ൽ അനുമതി ലഭിച്ചു.

ഡാം നിർമ്മാണത്തിനാവശ്യമായ ഓഫീസുകൾ പണിയുന്നതിനും ലാബ്, സ്റ്റോർ മുതലായവ നിർമിക്കുന്നതിനും വേണ്ടി ഡാം പണിയാൻ ഉദേശിക്കുന്ന സ്ഥലത്തിനോട് ചേർന്ന് 3.5 ഹെക്ടറോളം സ്ഥലം പൊന്നുംവിലക്ക് എടുത്തു. ഈ സ്ഥലത്ത് കെട്ടിടങ്ങൾ നിർമിക്കുകയും ചെയ്തു. എന്നാൽ, പദ്ധതിക്കാവശ്യമായ 228 ഹെക്ടർ തോട്ടഭൂമി ഉൾപ്പെടുന്ന സ്ഥലം ഏറ്റെടുക്കുന്നതിനും പട്ടയമോ മറ്റു രേഖകളോ ഇല്ലാത്ത ആറിന്റെ വശങ്ങളിലും മറ്റുമായി താമസിക്കുന്ന 72 കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിനും വേണ്ടി പൊലീസ് സംരക്ഷണത്തോടു കൂടി നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല.

തുടർന്ന്, ടണലിന്റെ നീളം 6.5 കിലോ മീറ്ററായി നിജപ്പെടുത്തി മൂലമറ്റം പവർഹൗസിലെ വെള്ളത്തിന്റെ ഒരു ഭാഗം കുടയത്തൂർ പുഴയിലെ മൂന്നംഗവയലിൽ നിന്നും മീനച്ചിലാറിന്റെ കൈവഴിയിൽ നരിമറ്റത്തെത്തിക്കുവാനുള്ള പദ്ധതി തയാറാക്കി. അതും സർക്കാരിനു സമർപ്പിച്ചു. ഈ പദ്ധതിയുടെ ആദ്യഘട്ട നിർമാണത്തിനായി 2005 നവംമ്പറിൽ 65.27 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. തുടർന്ന്, മീനച്ചിൽ പദ്ധതിയുടെ വിവിധ വശങ്ങളെകുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകുവാൻ ഒരു വിദഗ്ദ്ധ സമിതിയെ സർക്കാർ നിയോഗിച്ചു. 2008ൽ ഈ കമ്മിറ്റിയും റിപ്പോർട്ട് സമർപ്പിച്ചു.

റിപ്പോർട്ട് പ്രകാരം മൂവാറ്റുപുഴ ബേസിനിൽ നിന്നും മീനച്ചിൽ ബേസിനിലേക്ക് തിരിച്ചുവിടാൻ ആവശ്യമായ ജലം ലഭ്യമല്ല. ടണൽ അവസാനിക്കുന്നിടത്ത് തോട് ഏകദേശം 2.50 മീറ്റർ താഴ്ത്തേണ്ടി വരുന്നത് പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും സാങ്കേതികമായും സാമ്പത്തികമായും ഈ പദ്ധതി പ്രായോഗികമല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

അടുക്കത്ത് ഡാമും മീനച്ചിലാറ്റിൽ ചെക്കു ഡാമുകളുടെ ശൃംഖലയുമാണ് നിർമിക്കേണ്ടത്. ഈ നിർദേശങ്ങൾ നടപ്പിലാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് റിപ്പോർട്ട് സർക്കാർ അംഗീകരിക്കാതെ പദ്ധതിയെക്കുറിച്ച് പഠിക്കുവാനായി സർക്കാർ 2011ൽ വീണ്ടും വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. ഈ കമ്മിറ്റി 2012ൽ നൽകിയ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു. എത്രയും വേഗം വിശദ പദ്ധതിരേഖ തയാറാക്കി സമർപ്പിക്കുവാൻ നിർദേശിച്ചു. സമിതിയുടെ നിർദേശങ്ങൾ അനുസരിച്ച് മൂന്ന് ഘട്ടങ്ങളായി പദ്ധതി നടപ്പിലാക്കുവാനാണ് വിഭാവനം ചെയ്തത്.

ഒന്നാം ഘട്ടം- മീനച്ചിലാറ്റിലും കൈവഴികളിലുമായി റെഗുലേറ്ററോടു കൂടിയ മിനി ഡാമുകളുടെ നിർമാണം, രണ്ടാംഘട്ടം - പഴുക്കക്കാനം ഡാമിന്റെയും കനാൽ ശൃംഖലകളുടെയും നിർമാണം, മൂന്നാം ഘട്ടം- മൂന്നംഗവയൽ - നരിമറ്റം തുരങ്ക നിർമാണം എന്നിങ്ങനെയാണ്. സമിതി റിപ്പോർട്ട് പ്രകാരം തയാറാക്കി നൽകിയ പദ്ധതി രേഖ അംഗീകരിച്ച് ആറ് മിനി ഡാമുകൾക്കും ഒരു ചെക്കുഡാമിനും ഭരണാനുമതി ലഭിച്ചു. അതിനുസരിച്ച് വിശദമായ എസ്റ്റിമേറ്റ് നൽകിയതിന്റെ അടിസ്ഥാനത്തിൽ നാല് മിനി ഡാം കം റെഗുലേറ്ററിന് 2014ൽ സാങ്കേതികാനുമതി ലഭിച്ചു. എന്നാൽ, ആ വർഷം മുതൽ സംസ്ഥാന ബജറ്റിൽ മീനച്ചിൽ പദ്ധതിക്ക് തുകയൊന്നും അനുവദിച്ചില്ല. അതോടെ, പദ്ധതിയുടെ തുടർപ്രവർത്തനം ഒരടി മുന്നോട്ടു നീങ്ങിയില്ല.

Tags:    
News Summary - Meenachil River Valley Project: Reportedly, despite Rs 35.70 crore sanctioned, the work has not started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.