കോഴിക്കോട് മെഡിക്കല്‍ കോളേജ്
കോഴിക്കോട്: മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിൽ തന്റെ മൊഴി ഡോക്ടർ പൂർണമായി രേഖപ്പെടുത്തിയില്ലെന്ന പരാതിയിൽ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് പൊലീസ് നൽകാത്തതിനെതിരെ അതിജീവിത സംസ്ഥാന വിവരാവകാശ കമീഷണർക്ക് അപ്പീൽ നൽകി. കേസ് മറ്റൊരു ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
ഡോ. കെ.വി. പ്രീതിക്കെതിരെയുള്ള കേസിന്റെ അന്വേഷണ റിപ്പോർട്ട് പകർപ്പ് ആവശ്യപ്പെട്ട് അതിജീവിത സിറ്റി പൊലീസ് മേധാവിക്ക് വിവരാവകാശ അപേക്ഷ നൽകിയിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല.
പീഡനത്തിനിരയായ താൻ പറഞ്ഞ എല്ലാ കാര്യങ്ങളും പരിശോധിച്ച ഡോ. കെ.വി. പ്രീതി പൊലീസിന് മൊഴി നൽകിയില്ലെന്നും ഇത് പ്രതിയെ സഹായിക്കാനാണെന്നുമായിരുന്നു അതിജീവിതയുടെ പരാതി. എന്നാൽ, ഡോക്ടറുടെ ഭാഗത്ത് വീഴ്ച ഇല്ലെന്നാണ് കേസ് അന്വേഷിച്ച മെഡിക്കൽ കോളജ് എ.സി.പി കെ. സുദർശന്റെ റിപ്പോർട്ട്. ഇതു ശരിയല്ലെന്നും കേസ് മറ്റൊരു ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
വിവരങ്ങൾ വെളിപ്പെടുത്തുന്നതിലൂടെ വ്യക്തികളുടെ ജീവനോ ശാരീരിക സുരക്ഷയോ അപകടത്തിലാകാൻ സാധ്യതയുള്ളതിനാലും കേസ് കോടതി മുമ്പാകെ വിചാരണയിലായതിനാലും വിവരാവകാശ നിയമപ്രകാരം മറുപടി നൽകാൻ കഴിയില്ലെന്നാണ് കമീഷണർ അതിജീവിതക്ക് നൽകിയ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.