മെഡിക്കൽ പ്രവേശനം: മെറിറ്റ് അട്ടിമറി പൂർണം; കാഴ്ചക്കാരായി സർക്കാർ

തിരുവനന്തപുരം: ഉയർന്ന റാങ്കുള്ളവർക്ക് സ്വാശ്രയ മെഡിക്കൽ കോളജുകളിൽ നിന്നും ഗവ. ഡെന്‍റൽ കോളജുകളിൽ നിന്നും മാറാനുള്ള അവസരം വിലക്കി നടത്തിയ മോപ് അപ് അലോട്ട്മെന്‍റിൽ താഴ്ന്ന റാങ്കുള്ളവർക്ക് സർക്കാർ മെഡിക്കൽ കോളജുകളിൽ അലോട്ട്മെന്‍റ്.

രണ്ടാം റൗണ്ട് വരെയുള്ള അലോട്ട്മെന്‍റ് പ്രകാരം അഖിലേന്ത്യ, സംസ്ഥാന ക്വോട്ടകളിൽ മെഡിക്കൽ, ഡെന്‍റൽ പ്രവേശനം നേടിയവരെ സംസ്ഥാനത്തെ മോപ് അപ് റൗണ്ടിൽ നിന്ന് വിലക്കാൻ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതു പ്രകാരം പ്രവേശന പരീക്ഷ കമീഷണർ നടത്തിയ മോപ് അപ് അലോട്ട്മെന്‍റിലാണ് വ്യാപക മെറിറ്റ് അട്ടിമറി.

സർക്കാർ മെഡിക്കൽ കോളജുകളിലെ 41ഉം സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 286ഉം എം.ബി.ബി.എസ് സീറ്റുകളിലേക്കുമായിരുന്നു അലോട്ട്മെന്‍റ്. സർക്കാർ കോളജുകളിലെ 78ഉം സ്വാശ്രയത്തിലെ 245ഉം ഡെന്‍റൽ സീറ്റുകളിലേക്കും അലോട്ട്മെന്‍റ് നടന്നു.

സർക്കാർ മെഡിക്കൽ കോളജുകളിലെ 41 എം.ബി.ബി.എസ് സീറ്റുകളിലേക്കുള്ള അലോട്ട്മെന്‍റിലാണ് പ്രത്യക്ഷ മെറിറ്റ് അട്ടിമറി നടന്നത്. സ്റ്റേറ്റ് അലോട്ട്മെന്‍റിൽ രണ്ടാം റൗണ്ടിൽ സ്റ്റേറ്റ് മെറിറ്റിൽ 898ാം റാങ്ക് വരെയുള്ളവർക്കാണ് അലോട്ട്മെന്‍റ് ലഭിച്ചത്. എന്നാൽ, മോപ് അപ് അലോട്ട്മെന്‍റിൽ സ്റ്റേറ്റ് മെറിറ്റിൽ 1364 മുതൽ 1628 വരെ റാങ്കുള്ളവർക്കാണ് അലോട്ട്മെന്‍റ് നൽകിയത്. 898നും 1364നും ഇടയിൽ റാങ്കുള്ളവരിൽ രണ്ടാം റൗണ്ടിൽ സ്വാശ്രയ മെഡിക്കൽ, ഡെന്‍റൽ കോളജുകളിൽ പ്രവേശനം നേടിയവരെ പൂർണമായും ഒഴിവാക്കിയാണ് മോപ് അപ് അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചത്.

ഫലത്തിൽ മെച്ചപ്പെട്ട റാങ്കുള്ളവർ ആറര ലക്ഷം മുതൽ ഏഴര ലക്ഷം രൂപ വരെ വാർഷിക ഫീസ് നൽകി സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടേണ്ട സാഹചര്യമായി. വിദ്യാർഥികൾ പ്രവേശന പരീക്ഷ കമീഷണറേറ്റിൽ പരാതിപ്പെട്ടെങ്കിലും കോടതി ഉത്തരവായതിനാൽ തിരുത്താനാകില്ലെന്നായിരുന്നു നിലപാട്.

ഒട്ടേറെ വിദ്യാർഥികളാണ് മോപ് അപ് ഘട്ടത്തിൽ സർക്കാർ മെഡിക്കൽ കോളജുകളിൽ ഒഴിവ് വരുന്ന സീറ്റിലേക്ക് മെറിറ്റ് അടിസ്ഥാനത്തിൽ മാറാമെന്ന പ്രതീക്ഷയിൽ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടിയത്. അലോട്ട്മെന്‍റ് ഘട്ടത്തിൽ ഇല്ലാതിരുന്ന വ്യവസ്ഥയാണ് ഹൈകോടതി ഉത്തരവിലൂടെ കൊണ്ടുവന്നത്. 21നകം സ്ട്രേ വേക്കൻസി ഫില്ലിങ് റൗണ്ട് ഉൾപ്പെടെ മെഡിക്കൽ പ്രവേശനം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദേശമുള്ളതിനാൽ ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകിയതുമില്ല.  

അടുത്ത വർഷം സ്വാശ്രയ പ്രവേശനത്തിന് വിദ്യാർഥികൾ മടിക്കും

തിരുവനന്തപുരം: നിലവിലെ സ്ഥിതി തുടർന്നാൽ അടുത്ത വർഷം ആദ്യഘട്ടത്തിൽ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടുന്നതിൽ നിന്ന് വിദ്യാർഥികളെ പിറകോട്ടടിക്കും. ആദ്യ രണ്ട് റൗണ്ടിൽ സർക്കാർ മെഡിക്കൽ കോളജുകളിൽ പ്രവേശനം ലഭിക്കാത്ത മെച്ചപ്പെട്ട റാങ്കുള്ള വിദ്യാർഥികൾ മോപ് അപ് ഘട്ടത്തിൽ മാറ്റം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടുന്നത്.

കോടതി ഉത്തരവോടെ ഇത്തരം വിദ്യാർഥികൾ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടാതെ സർക്കാർ മെഡിക്കൽ കോളജുകളിൽ സീറ്റ് ലഭിക്കുന്നത് മാറിനിൽക്കുന്ന സാഹചര്യമുണ്ടാകും. 

Tags:    
News Summary - Medical Admissions: Merit Subversion in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.