മീഡിയവൺ സംപ്രേഷണ വിലക്ക്: ആഗസ്റ്റ് ആദ്യവാരം അന്തിമവാദം

ന്യൂഡല്‍ഹി: മീഡിയവൺ സംപ്രേഷണ വിലക്കിനെതിരായ ഹരജിയിൽ വേനലവധിക്ക് ശേഷം ആഗസ്റ്റ് ആദ്യവാരം സുപ്രീംകോടതി അന്തിമവാദം കേൾക്കും. ഹരജിയിൽ നാലാഴ്ചക്കകം മറുപടി നൽകണമെന്ന് ഇന്ന് കേന്ദ്ര സർക്കാറിന് കോടതി നിർദേശം നൽകി.

മറുപടി സത്യവാങ്മൂലം നൽകാൻ ഇനിയും കേന്ദ്രത്തിന് സമയം നീട്ടിനൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി. സമയം ഇനിയും നീട്ടി നൽകരുതെന്ന മീഡിയവൺ ആവശ്യം കോടതി അംഗീകരിച്ചു. നേരത്തെ രണ്ടു തവണ കേന്ദ്രത്തിന് സമയം നീട്ടി നൽകിയിരുന്നു.


സംപ്രേഷണ വിലക്കിനെതിരെ മീഡിയവണ്‍ മാനേജ്മെന്‍റും എഡിറ്റർ പ്രമോദ് രാമനും പത്രപ്രവർത്തക യൂണിയനുമാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. സംപ്രേഷണം വിലക്കിയതിനെതിരെ മൂന്നാഴ്ചക്കുള്ളിൽ മറുപടി സത്യവാങ്മൂലം നൽകാൻ കോടതി കേന്ദ്രത്തിന് നിർദേശം നൽകിയിരുന്നെങ്കിലും രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വീണ്ടും നാലാഴ്ചകൂടി സമയം അനുവദിച്ചിരിക്കുകയാണ്. 

മുതിർന്ന അഭിഭാഷകനായ ദുഷ്യന്ത് ദവെയാണ് മീഡിയവണിനായി ഹാജരാകുന്നത്. സംപ്രേഷണ വിലക്കേർപ്പെടുത്തിയുള്ള കേന്ദ്രസർക്കാർ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതിനെ തുടർന്ന് മാർച്ച് 16ന് മീഡിയവൺ ചാനൽ സംപ്രേഷണം പുന:രാരംഭിച്ചിരുന്നു. കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്ക് മാർച്ച് 15നാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവരടങ്ങുന്ന ബെഞ്ചാണ് സംപ്രേഷണവിലക്ക് നീക്കി ഇടക്കാല ഉത്തരവിറക്കിയത്.

Tags:    
News Summary - MediaOne broadcast ban: Final argument in first week of August

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.