കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനം പത്തനംതിട്ടയില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട: മാധ്യമങ്ങള്‍ രാജ്യത്തിന്റെ നിലനിൽപിന്റെ അടിസ്ഥാനമാണെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. പത്തനംതിട്ടയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് 61 ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്ര, ദൃശ്യമാധ്യമങ്ങള്‍ നിലനിര്‍ത്തേണ്ടത് ജനാധിപത്യ സര്‍ക്കാറിന്റെ ചുമതലയാണെന്നും മന്ത്രി പറഞ്ഞു.
വര്‍ത്തമാന പത്രങ്ങളുടെ കാലഘട്ടം അസ്തമിച്ചുവെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. രാഷ്ട്രത്തിന്റെ നിര്‍മാണ പ്രക്രിയയില്‍ മാധ്യമങ്ങളുടെ പങ്ക് വലുതാണ്. ഓരോ മാധ്യമ പ്രവര്‍ത്തകനും ഇക്കാര്യത്തില്‍ ജാഗ്രത പുലർത്തണം. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ ക്ഷേമത്തിനാവശ്യമായ നടപടികളോട് ആശാവഹമായ സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഇൻഷൂറന്‍സ് പദ്ധതിയില്‍ സര്‍ക്കാറിന്റെ പങ്കാളിത്തം വര്‍ധിപ്പിക്കണമെന്ന ആവശ്യവും പെന്ഷന് വര്‍ധന ഉള്‍പ്പെടെ കാര്യങ്ങളും അനുഭാവപൂര്‍വം പരിഗണിച്ചുവരികയാണ്. വേജ് ബോര്‍ഡ് നിലനില്‍ക്കണം. ദൃശ്യമാധ്യമങ്ങളെക്കൂടി ഉള്‍പ്പെടുത്തി വര്‍ക്കിങ് ജേണലിസ്റ്റ് ആക്ട് പുനഃസ്ഥാപിക്കണമെന്നും മന്ത്രി ബാലഗോപാല്‍ പറഞ്ഞു.
കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി അധ്യക്ഷത വഹിച്ചു. മന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥായിയിരുന്നു. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. പത്തനംതിട്ട നഗരസഭ ചെയര്മാന് ടി. സക്കീര്‍ ഹുസൈന്, കെ.ഇ.എന്‍എഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോണ്സണ്, കെ.യു.ഡബ്ല്യു.ജെ ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ബോബി എബ്രഹാം, ജില്ലാ പ്രസിഡന്റ് ബിജു കുര്യന്, സെക്രട്ടറി ജി. വിശാഖന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.