കടം എഴുതിത്തള്ളാൻ പട്ടികജാതി ഡയറക്ടറേറ്റിന് മുന്നിൽ 17ന് കൂട്ട ധർണ

കൊച്ചി: ദലിത്, ആദിവാസി ജനവിഭാഗങ്ങളുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളാൻ ആവശ്യപ്പെട്ട് തിരുവനന്തപുരം പട്ടികജാതി ഡയറക്ടറേറ്റിന് മുന്നിൽ 17ന് കൂട്ട ധർണ നടത്തുമെന്ന് സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം. സമരം കവി കുരീപ്പുഴ ശ്രീകുമാർ രാവിലെ 10 ന് ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന ജനറൽ കൺവീനർ വി.സി. ജെന്നി അറിയിച്ചു.

പരമ്പരാഗത തൊഴിൽ മേഖലയുടെ തകർച്ചയും, പ്രകൃതി ദുരന്തങ്ങളും, കോവിഡും, വികലമായ സാമ്പത്തിക നയങ്ങളും ദലിത് ആദിവാസി ജനവിഭാഗങ്ങളുടെ അതിജീവനംതന്നെ അസാദ്ധ്യമാക്കിയിരിക്കയാണ്. മൈക്രോ ഫൈനാൻസിന്റെ പലിശക്കെണിയിൽ കൂടി കുടുങ്ങുന്നതോടെ ഏതുനിമിഷവും ആകെയുള്ള കിടപ്പാടത്തിൽ നിന്നുതന്നെ ഏതുനിമിഷവും കുടിയിറക്കപ്പെടുന്ന ദുരവസ്ഥയിലാണ്.

ഭൂപരിഷ്കരണ വഞ്ചനയിലൂടെ മണ്ണിൽ പണിയെടുക്കുന്നവരെ കുടികിടപ്പുകളിലേക്കും, ലക്ഷം വീട് കോളനികളിലേക്കും തള്ളപ്പെട്ടവരെ അവിടെനിന്നും വായ്പാ കുടിശ്ശികയുടെ പേരിൽ കുടിയിറക്കുകയാണ്, ഈ സാഹചര്യത്തിൽ, സർക്കാർ കൊണ്ടുവന്ന "റവന്യു റിക്കവറി ജപ്തി തടയൽ ഭേദഗതി നിയമം" നോക്കുകുത്തിയാണ്. സർഫാസി, ആർബിട്രേഷൻ ജപ്തി നടപടികളെ തടയാൻ ഈ നിയമം പര്യാപ്തമല്ല.

നാടെങ്ങും ജപ്തി പ്രളയമാണ്. കടങ്ങൾ എഴുതി തള്ളിക്കൊണ്ടും, കിടപ്പാട ജപ്തി തടയാൻ നിയമം കൊണ്ടുവന്നും ഇടതുപക്ഷ സർക്കാർ രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കേണ്ട ചരിത്ര സന്ദർഭമാണിത്. 12 വർഷമായി സാധാരണക്കാരെ തെരുവിൽ എറിയുന്ന ജനവിരുദ്ധ ബാങ്കിങ് നിയമങ്ങൾക്കെതിരെ സന്ധിയില്ലാതെ പൊരുതി കൊണ്ടിരിക്കുന്ന സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം. സമരത്തിൽ പി.യു.സി.എൽ നേതാവ് അഡ്വ.പി.എ.പൗരൻ അധ്യക്ഷത വഹിക്കുമെന്ന് വി.സി ജെന്നി അറിയിച്ചു. 

Tags:    
News Summary - Mass dharna on the 17th in front of the Scheduled Caste Directorate to write off the debt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.