മസാലബോണ്ട്: തോമസ് ഐസക് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നെന്ന് ഇ.ഡി

കൊച്ചി: മസാലബോണ്ടുകൾ ഇറക്കിയതിൽ വിദേശനാണ്യ വിനിമയ നിയമത്തിന്‍റെ (ഫെമ) ലംഘനമുണ്ടോയെന്ന അന്വേഷണത്തിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമാണ് മുൻ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നടത്തുന്നതെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈകോടതിയിൽ.

അന്വേഷണഭാഗമായി വിവരശേഖരണത്തിന് ഹാജരാകാൻ നോട്ടീസ് അയച്ചപ്പോൾതന്നെ ഇതിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. അന്വേഷണം പ്രാഥമികഘട്ടത്തിലാണ്. ഇതിന്‍റെ പേരിൽ ഹരജിക്കാർക്ക് ഒരു നഷ്ടവും ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. അതിനാൽ, നിലവിലെ അവസ്ഥയിൽ ഹരജി അപക്വമാണെന്നും ഇ.ഡി കൊച്ചി സോണൽ അസി. ഡയറക്ടർ സുരേന്ദ്ര ജി. കവിത്കർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

അന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നൽകിയ സമൻസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക്കും ഒന്നരവർഷമായി ഇ.ഡി ബുദ്ധിമുട്ടിക്കുകയാണെന്ന് ആരോപിച്ച് കിഫ്ബിയും നൽകിയ ഹരജികളിലാണ് വിശദീകരണം. പരാതി മാത്രമല്ല, ഭരണഘടനാ വ്യവസ്ഥകൾ പാലിക്കാതെയാണ് മസാല ബോണ്ട് പുറപ്പെടുവിച്ചതെന്ന 2019ലെ കൺട്രോളർ ആന്‍ഡ് ഓഡിറ്റർ ജനറലിന്‍റെ കണ്ടെത്തലും അന്വേഷണം നടത്താൻ കാരണമാണ്. അന്വേഷണവുമായി സഹകരിക്കാൻ ബാധ്യതയുണ്ടെന്നിരിക്കെ സമൻസ് ഘട്ടത്തിൽ നൽകിയ ഹരജി നിലനിൽക്കില്ല.

ഫെമ ലംഘനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയാൽ അഡ്ജുഡിക്കേറ്റിങ് അതോറിറ്റി മുമ്പാകെ പരാതി നൽകാൻ വ്യവസ്ഥയുണ്ട്. തുടരന്വേഷണം ആവശ്യമാണോ എന്ന പരിശോധനക്ക് രേഖകൾ ഹാജരാക്കാൻ ഫെമയുടെ 31 (1) വകുപ്പ് പ്രകാരമാണ് സമൻസ് അയച്ചത്. അസിസ്റ്റന്‍റ് ഡയറക്ടർക്ക് താഴെയല്ലാത്ത ഉദ്യോഗസ്ഥന് ഇതിന് അധികാരമുണ്ട്. സമൻസ് നൽകിയതുകൊണ്ട് നോട്ടീസ് ലഭിച്ചയാൾ തെറ്റുകാരനാണെന്നോ അല്ലെന്നോ അർഥമില്ല.

തുടരന്വേഷണ ഘട്ടത്തിൽ മതിയായ രേഖകൾ ഹാജരാക്കിയാൽ അന്വേഷണം അവസാനിപ്പിക്കാനുമാകും.കിഫ്ബി ഉദ്യോഗസ്ഥരിൽനിന്ന് ഇ.ഡി മൊഴിയെടുത്തത് എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ്. മസാല ബോണ്ടിലൂടെ 2500 കോടിയാണ് സമാഹരിച്ചത്. ഇതിന്‍റെ പരിശോധനക്ക് സമയം ആവശ്യമാണ്. എന്നാൽ, ചോദ്യം ചെയ്യൽ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കിഫ്ബി ഉദ്യോഗസ്ഥർ പലതവണ നോട്ടീസ് നടപടി മാറ്റി വെപ്പിച്ചിട്ടുണ്ട്.

കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം, ജോയന്‍റ് ഫണ്ട് മാനേജർ ആനി ജൂലാ തോമസ് എന്നിവർ അന്വേഷണവുമായി സഹകരിക്കുന്നില്ല. മസാല ബോണ്ടിന് റിസർവ് ബാങ്ക് അനുമതി നൽകിയെന്നാണ് ഹരജിക്കാരുടെ വാദം. എന്നാൽ, ഫെമ ലംഘനമുണ്ടായിട്ടുണ്ടോയെന്നത് അന്വേഷിക്കേണ്ടത് ഇ.ഡിയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

Tags:    
News Summary - Masala Bond: Thomas Isaac is trying to escape -ED

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.