ക്രിസ്ത്യൻ സമുദായത്തിലെ സ്ത്രീകൾക്ക് സ്വത്തവകാശം നേടിക്കൊടുത്ത മേരി റോയി

നാലാളറിയാൻ എഴുത്തുകാരി അരുന്ധതി റോയിയുടെ അമ്മ ​എന്ന ലേബർ വേണ്ടിയിരുന്നില്ല മേരി റോയിക്ക്. എന്നാൽ അങ്ങനെ അറിയപ്പെടുന്നതിൽ അവർ അഭിമാനം കൊണ്ടു. 1916ലെ തിരുവിതാംകൂർ സിറിയൻ ക്രിസ്ത്യൻ പിന്തുടർച്ച നിയമത്തിനെതിരെ നടത്തിയ പോരാട്ടമാണ് മേരി റോയിയെ ശ്രദ്ധേയയാക്കിയത്. കുടുംബത്തിലെ നാലുമക്കളിൽ ഏറ്റവും ഇളയ ആളായിരുന്നു മേരി. മേരിക്ക് നാലു വയസുള്ളപ്പോൾ വിദേശ വിദ്യാഭ്യാസം കഴിഞ്ഞ് കൃഷി വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥനായ അച്ഛൻ ഐസക്കുമൊത്ത് കുടുംബം കോട്ടയം ജില്ലയിലെ അയ്മനത്തു നിന്ന് ഡൽഹിയിലേക്ക് വണ്ടി കയറി. 1937ലായിരുന്നു അത്. അവിടത്തെ കോൺവെന്റിലായിരുന്നു വിദ്യാഭ്യാസം. അച്ഛൻ ജോലിയിൽ നിന്ന് റിട്ടയർ ചെയ്തപ്പോൾ ഊട്ടിയിൽ വീടു വാങ്ങി. പിന്നീട് ഊട്ടിയിലെ നസ്രേത് കോൺവെന്റിലാണ് മേരി തുടർന്നു പഠിച്ചത്. അച്ഛനും അമ്മയും തമ്മിലുള്ള നാൾക്കുനാൾ വഷളായി. ഒരു ദിവസം മക്കളുമൊത്ത് മേരി റോയിയുടെ അമ്മ അച്ഛന്റെ അടുത്ത് നിന്ന് രക്ഷപ്പെട്ടു. പിന്നീട് കഷ്ടപ്പാടുകളുടെ കാലമായിരുന്നു.


മദ്രാസിലെ ക്വീൻ മേരീസ് കോളജിലാണ് മേരി പഠിച്ചത്. അക്കാലത്ത് അധ്യാപകർക്ക് വലിയ തലവേദനയായിരുന്നു താനെന്ന കാര്യം ഒരിക്കൽ അവർ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. സാമ്പത്തിക ഞെരുക്കം കൂടി അനുഭവിച്ച കാലമായിരുന്നു അത്. ബി.എ ബിരുദ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാനുള്ള പണം പോലും കൈയിലുണ്ടായിരുന്നില്ല. വീട്ടിലും കടുത്ത ദാരിദ്ര്യമായിരുന്നു. അപ്പോഴേക്കും ഓക്സ്ഫഡ് പഠനം കഴിഞ്ഞ് സഹോദരന് കൊൽക്കത്തിയിൽ ജോലി കിട്ടി.ബിരുദ പഠനം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞശേഷം മേരി കൊൽക്കത്തയിലേക്ക് പോയി. അവിടെ ടൈപ്പ് റൈറ്റിങ്ങും ഷോർട്ട് ഹാൻഡും പഠിച്ചു. അതിനു ശേഷം മെറ്റൽ ബോക്സ് എന്ന കമ്പനിയിൽ ജോലിക്കു കയറി.

രാജീബ് റോയി ജീവിതത്തിലേക്ക്

കൊൽക്കത്തയിൽ വെച്ചാണ് ജീവിത പങ്കാളിയായ രാജീബ് റോയിയെ കണ്ടുമുട്ടിയത്. ബംഗാളി ബ്രാഹ്മണനായിരുന്നു അദ്ദേഹം. യാഥാസ്ഥിതിക ക്രിസ്ത്യൻ സമുദായത്തിലെ പെൺകുട്ടി ഒരു ബ്രാഹ്മണനെ വിവാഹം കഴിക്കുന്നതിൽ അന്ന് കുടുംബം എതിർത്തില്ല. വിവാഹ ബന്ധം അധികകാലം മുന്നോട്ടുപോയില്ല. മദ്യപാനി ആയതിനാൽ രാജീബ് ഒരു ജോലിയിലും ഉറച്ചു നിന്നില്ല. അധികം വൈകാതെ രണ്ട് കുട്ടികളുമായി മേരി രാജീബിൽ നിന്ന് വിട്ടുപോയി. അപ്പോൾ മകൾ അരുന്ധതിക്ക് മൂന്നും മകൻ ലളിതിന് അഞ്ചും വയസ് ആയിരുന്നു പ്രായം. മേരിയിൽ നിന്ന് വിവാഹ മോചനം നേടാതെ തന്നെ രാജീവ് പിന്നീട് ഒന്നിലേറെ തവണ വിവാഹം കഴിച്ചുവെന്നാണ് പിന്നീടറിഞ്ഞത്.


നിയമയുദ്ധത്തിന്റെ നാൾ വഴികൾ

മക്കളെയും കൊണ്ട് ഊട്ടിയിലെ അച്ഛന്റെ വീട്ടിലേക്കാണ് മേരി പോയത്. അവിടെ ചെറിയ ജോലി ലഭിച്ചു. എന്നാൽ ഊട്ടിയിലെ വീട്ടിൽ നിന്ന് അധികം വൈകാതെ സഹോദരൻ ജോർജ് ഇവരെ പുറത്താക്കി. അപ്പന്റെ വീട് മേരി കൈവശ പ്പെടുത്തിയാലോ എന്ന് ഭയന്ന് സഹോദരൻ ജോർജ് ഗുണ്ടകളെ വിട്ടാണ് വീട് ഒഴിപ്പിച്ചത്. ആ സംഭവമാണ് ക്രിസ്ത്യൻ സമുദായത്തിലെ സ്ത്രീകൾക്കും പിന്തുടർച്ചാവകാശം നേടിയെടുക്കണമെന്ന് പോരാട്ടത്തിലേക്ക് മേരിയെ നയിച്ചത്. കേരളത്തിലെ ക്രിസ്ത്യൻ സമുദായത്തിൽ ആൺമക്കൾക്കു നൽകുന്ന സ്വത്തിന്റെ നാലിലൊന്നോ, അയ്യായിരം രൂപയോ ഏതാണ് കുറവ് അത്ര മാത്രമേ ലഭിക്കുകയുള്ളൂ. 1984ൽ 1916ലെ തിരുവിതാംകൂർ ക്രിസ്തീയ പിന്തുടർച്ചാവകാശ നിയമത്തെ ചോദ്യം ചെയ്ത് മേരി നിയമയുദ്ധം തുടങ്ങി.

വിൽപത്രം എഴുതിവെക്കാതെ മരിക്കുന്ന പിതാവിന്റെ ആൺമക്കൾക്കും പെൺമക്കൾക്കും സ്വത്തിൽ തുല്യാവകാശം ഉണ്ടെന്ന് 1986ൽ സുപ്രീംകോടതി വിധിച്ചു. ഏറെ പോരാട്ടങ്ങൾക്കു ശേഷം അനുകൂല വിധി സമ്പാദിച്ചുവെങ്കിലും കേസ് വഴി കിട്ടിയ ഭൂമി തങ്ങൾക്കു വേണ്ടെന്ന മകൻ ലളിത് റോയിയുടെയും മകൾ അരുന്ധതി റോയിയുടെയും അഭിപ്രായത്തെത്തുടർന്ന് അത് സഹോദരന് തന്നെ തിരിച്ച് നൽകാൻ മേരി തയാറായി.

കോർപസ് ക്രിസ്റ്റി ഹൈസ്കൂൾ

തിരുവിതാംകൂർ ക്രിസ്ത്യൻ പിൻതുടർച്ചാവകാശ നിയമത്തിനെതിരെ കേസ് നടക്കുന്നതിനിടയിൽ ഊട്ടിയിലെ വീട് അമ്മയും സഹോദരങ്ങളും ചേർന്ന് മേരിക്ക് 1966ൽ ഇഷ്ടദാനമായി നൽകിയിരുന്നു. ആ വീട് വിറ്റ് 1967ൽ കോട്ടയത്ത് കോർപസ് ക്രിസ്റ്റി ഹൈ സ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ ആരംഭിച്ചു. ലാറി ബക്കറാണ് സ്കൂൾ രൂപ കൽപന ചെയ്തത്. തുടക്കത്തിൽ മേരിയും മക്കളും ലാറി ബക്കറുടെ മകളും ഉൾപ്പെടെ ഏഴുപേരാണ് സ്കൂൾ നടത്തിയത്. സ്കൂൾ കോമ്പൗണ്ടിലെ കോട്ടേജിൽ തന്നെ താമസിച്ചായിരുന്നു അക്കാലത്ത് ഇവർ സ്കൂൾ കാര്യങ്ങൾ നടത്തിയത്. ഇന്ന് പള്ളിക്കൂടം എന്ന പേരിലാണ് ആ സ്കൂൾ അറിയപ്പെടുന്നത്. രാഷ്ട്രീയത്തിലും ഒരു കൈനോക്കിയിരുന്നു മേരി. ആം ആദ്മി പാർട്ടിയുടെ പ്രവർത്തകയായിരുന്നു. 

Tags:    
News Summary - Mary Roy changed the lives of Kerala's Christian women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.