'കൈവെട്ടും കാൽവെട്ടും തലവെട്ടി ചെ​ങ്കൊടി കെട്ടും'...; പ്രകോപന മുദ്രാവാക്യവുമായി എം.എൽ.എയുടെ നേതൃത്വത്തിൽ പ്രകടനം

ആലപ്പുഴ: എ.കെ.ജി സെന്‍റർ ആക്രമണത്തിൽ പ്രതിഷേധിച്ച്​ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച്​ അമ്പലപ്പുഴയിൽ എച്ച്. സലാം എം.എൽ.എയുടെ നേതൃത്വത്തിൽ പ്രകടനം. 'കൈവെട്ടും കാൽവെട്ടും തലവെട്ടി ചെ​ങ്കൊടി കെട്ടും' എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം. കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിർത്തിയ പ്രകടനത്തിൽ സി.പി.എം ജില്ല സെ​ക്രട്ടേറിയറ്റ്​ അംഗം കൂടിയായ സലാം പ്രകോപന മുദ്രാവാക്യം ഏറ്റുവിളിച്ചാണ്​ നീങ്ങിയത്​.

അക്രമസമരത്തിന്‍റെ കാറ്റുപോയപ്പോൾ സി.പി.എം അണികളെ ആവോളം പ്രകോപിപ്പിച്ച്​ കലാപത്തിനുള്ള ആസൂത്രണമാണ്​ കോൺഗ്രസ്​ നടത്തുന്നതെന്ന്​ കുറ്റപ്പെടുത്തി ഫേസ്​ ബുക്കിൽ പോസ്റ്റ്​ ഇട്ട ശേഷമായിരുന്നു പ്രകടനം. പ്രകോപനത്തിൽ കുടുങ്ങിപ്പോകരുതെന്ന മുന്നറിയിപ്പോടെയാണ്​ പോസ്റ്റ്​ അവസാനിക്കുന്നത്​.

അതിനിടെ, പ്രകോപന മുദ്രാവാക്യത്തിനെതിരെ കോൺഗ്രസ്​ പൊലീസിൽ പരാതി നൽകി. കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന്​ ആരോപിച്ച് അമ്പലപ്പുഴ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ടി.എ. ഹാമിദാണ്​ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്​. എച്ച്. സലാം എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ ഉള്‍പ്പെടെയുള്ള സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ്​ ആവശ്യം. അമ്പലപ്പുഴ പൊലീസിന്‍റെ സാന്നിധ്യത്തിലാണ് പ്രകോപന മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രകടനം നടത്തിയതെന്നും പരാതിയില്‍ പറയുന്നു.

അമ്പലപ്പുഴ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഇരട്ടക്കുളങ്ങരയിൽനിന്ന് ആരംഭിച്ച പ്രകടനം കച്ചേരിമുക്ക് ഡിവൈഡർ ചുറ്റി ബസ് സ്റ്റേഷനിൽ സമാപിച്ചു. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എ.ഓമനക്കുട്ടൻ, അംഗങ്ങളായ സി.ഷാംജി, എ.പി. ഗുരുലാൽ, കെ.മോഹൻകുമാർ, അമ്പലപ്പുഴ ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. രമണൻ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - March led by H salam MLA with provocative slogan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.