കൊച്ചി: തീരദേശനിയമം ലംഘിച്ച് നിർമിച്ച അഞ്ച് ഫ്ലാറ്റ് പൊളിക്കാൻ സമയം നീട്ടിനൽക ണമെന്ന ഉടമകളുടെ ആവശ്യം സുപ്രീംകോടതി തള്ളിയതിനുപിന്നാലെ സാവകാശം തേടി മരട് ന ഗരസഭയും സുപ്രീംകോടതിയിലേക്ക്. ഒരാഴ്ചക്കകം ഹരജി സമർപ്പിക്കുമെന്ന് നഗരസഭ ചെ യർപേഴ്സൻ ടി.എച്ച്. നദീറ പറഞ്ഞു.
ബദൽ സംവിധാനങ്ങൾ ഒരുക്കുന്നതുവരെ ഫ്ലാറ്റുകൾ പൊളിച്ചുമാറ്റാൻ സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ടാണ് ഉടമകൾ സുപ്രീംകോടതിയിൽ ഹരജി നൽകിയത്. എന്നാൽ, ഉടമകൾക്ക് നഷ്ടപരിഹാരം തേടി ഉചിതവേദികളെ സമീപിക്കാമെന്ന് ചൂണ്ടിക്കാട്ടിയ കോടതി ആവശ്യം നിരസിച്ചു. ഹോളിഫെയ്ത്ത്, ആൽഫ വെഞ്ചേ്ഴ്സ്, ഗോൾഡൻ കായലോരം, ജയിൻ കോറൽകോവ്, ഹോളിഡേ ഹെറിറ്റേജ് ഫ്ലാറ്റ് സമുച്ചയങ്ങൾ ഒരുമാസത്തിനകം പൊളിക്കാനാണ് സുപ്രീംകോടതി ഉത്തരവ്.
ചുരുങ്ങിയ സമയത്തിനുള്ളിൽ ഫ്ലാറ്റുകൾ പൊളിച്ചുമാറ്റുന്നതിലെ സാങ്കേതികവും പ്രായോഗികവുമായ തടസ്സങ്ങൾ ചൂണ്ടിക്കാട്ടി സാവകാശം ആവശ്യപ്പെടാനാണ് ഉദ്ദേശിക്കുന്നതെന്ന് ചെയർപേഴ്സൻ പറഞ്ഞു. പൊളിച്ചുമാറ്റുന്നതിനുമുമ്പ് വിവിധ വകുപ്പുകളുമായി വിശദ കൂടിയാലോചനകളും ഏകോപനവും ആവശ്യമാണ്. പൊളിക്കുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ശാസ്ത്രീയമായി സൂക്ഷിക്കുന്നതും പരിസ്ഥിതിക്ക് കോട്ടം തട്ടാത്തവിധം സംസ്കരിക്കുന്നതുമടക്കം വിഷയങ്ങളും വലിയ വെല്ലുവിളിയാണ്.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ നഗരസഭ പരിധിയിൽ കെട്ടിട നിർമാണത്തിന് അനുമതി നൽകുന്ന നടപടി കർശനമാക്കിയതായും ചെയർപേഴ്സൻ അറിയിച്ചു. വിശദ പരിശോധനക്കുശേഷമേ അനുമതി നൽകുന്നുള്ളൂ. നഗരസഭ പരിധിയിൽ നിർമാണം നടക്കുന്ന ചില കെട്ടിടങ്ങൾക്ക് സ്റ്റോപ് മെമ്മോ നൽകിയിട്ടുണ്ട്.
ഈ മാസം എട്ടിനാണ് ഫ്ലാറ്റുകൾ പൊളിച്ചുമാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടത്. ഇനി രണ്ടാഴ്ചകൂടിയാണ് ശേഷിക്കുന്നത്. ഇതിനുള്ളിൽ പൊളിച്ചുമാറ്റുന്നത് കനത്ത വെല്ലുവിളിയാണ്.
അതേസമയം, സാവകാശം ആവശ്യപ്പെട്ട് നഗരസഭ സുപ്രീംകോടതിയെ സമീപിക്കാൻ വൈകുന്നതിനെതിരെയും വിമർശനമുണ്ട്. ഫ്ലാറ്റുടമകളുടെ സമാനഹരജി കോടതി തള്ളിയ സാഹചര്യത്തിൽ നഗരസഭയുടെ നീക്കം എത്രകണ്ട് വിജയിക്കും എന്നതാണ് സംശയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.